കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ വെളിപ്പെടുത്തൽ തുടരുന്നു. വിവാദമായ നിരവധി വെളിപ്പെടുത്തലുകളുമായാണ് സരിത എസ് നായർ സോളാർ കമ്മീഷന് മുൻപാകെ രണ്ടാം ദിവസവും മൊഴി നൽകാൻ ആരംഭിച്ചത്. ക്ലിഫ്ഹൗസിലെത്തിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നാണ് സരിത സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിരിക്കുന്നത്.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെയും ആര്യാടൻ മുഹമ്മദിന് പണം നൽകിയ കാര്യം പറഞ്ഞിരുന്നു എന്നും സരിത വെളിപ്പെടുത്തി. അഭിഭാഷകരും കോടതി ജീവനക്കാരിയും താൻ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടുണ്ട്. അന്ന് തന്നെ എല്ലാകാര്യങ്ങളും പറഞ്ഞിരുന്നുവെന്നും സരിത പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റ് കുറിച്ചെടുത്തു. കാര്യങ്ങൾ പറഞ്ഞത് നന്നായി എന്ന് പറയുകയും ചെയ്തുവെന്നും സരിത വ്യക്തമാക്കി.

താൻ എഴുതിയ കത്ത് 30 പേജാണെന്നും സരിത പറഞ്ഞു. കസ്റ്റഡിയിൽ ആയിരുന്നപ്പോഴാണ് ഈ കത്തെഴുതിയത്. ഇത് ജയിൽ പരിശോധനയിൽ വച്ചാ വാർഡൻ കണ്ടെത്തിയെന്നും സരിത പറഞ്ഞു. ഈ കത്ത് ജയിൽ സൂപ്രണ്ടിന്റെ അനുമതിയോടെ ജയിലിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് തന്റെ അഭിഭാഷകനോടും അമ്മയോടും ഈ കത്തുകൊണ്ടുപോകാൻ പറഞ്ഞുവെന്നും സരിത വ്യക്തമാക്കി. ജയിലിൽ തന്നെ കാണാൻ നിരവധി പേർ അനുമതി തേടിയിരുന്നു. എന്നാൽ, തന്റെ അഭിഭാഷകനെയും അമ്മയെയും ഗണേശ് കുമാറിന്റെ പി എയെയും മാത്രമാണ് കണ്ടാൽ മതിയെന്ന് താൻ പറഞ്ഞതെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വ്യക്തമാക്കി.

ഗണേശ് കുമാറിന്റെ പിഎം പ്രദീപ് കുമാർ ജയിലിൽ എത്തിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിനിധി ആയാണ്. കത്ത് മാറ്റിയെഴുതണമെന്നും വിവരങ്ങൾ പുറത്തുവിടരുതെന്നും ഉപദേശിച്ചു. തുടർന്ന് 30 പേരുള്ള കത്ത് നാല് പേജായി ചുരുക്കി. ഇതിന് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും നേരിട്ടും സമ്മർദ്ദമുണ്ടായി. മുഖ്യമന്ത്രി നേരിട്ട് സരിതയുടെ അമ്മയുമായി സംസാരിച്ചു. ബെന്നി ബെഹനാനും തമ്പാനൂർ രവിയും അമ്മയുമായി സംസാരിച്ചുവെന്നും സരിത പറഞ്ഞു.

എമർജിങ് കേരളക്ക് മുൻപും ബിജു രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് രാത്രി 10.45 ന് സലീം രാജിന്റെ ഫോണിലൂടെ മുഖ്യമന്ത്രിയെ വിളിച്ചു. എന്നാൽ ഇവിടെ മാദ്ധ്യമപ്രവർത്തകരുണ്ടെന്നും പിറ്റേന്ന് ക്ലിഫ് ഹൗസിൽ വച്ചു കാണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. അപ്രകാരം പിറ്റേന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിലുണ്ടായിരുന്ന ഭാര്യയേയും മകൻ ചാണ്ടി ഉമ്മനേയും മാറ്റി നിർത്തി മുഖ്യമന്ത്രി തന്നോട് സംസാരിച്ചു. ഇവിടെ വച്ചു ബിജു രാധാകൃഷ്ണനുമായി സംസാരിച്ച കാര്യങ്ങൾ സരിതയോട് മുഖ്യമന്ത്രി പങ്കു വച്ചു. ഇത് തന്റെ സ്വകാര്യതയെ ബാധഇക്കുമെന്നതിനാൽ വെളിപ്പെടുത്താൻ തയ്യാറല്ലെന്നും സരിത പറഞ്ഞു.