കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എതിർ കക്ഷിയാക്കി സരിത എസ് നായരുടെ ഹർജി. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും കേസിൽ ആരോപിതരായ കോൺഗ്രസ് നേതാക്കളും പ്രതിക്കൂട്ടിലാകുമെന്ന സൂചന നൽകിയാണു ഹർജി. സരിതയുടെ ഹർജി നാളെ കോടതി പരിഗണിക്കും.

സോളാർ ജുഡീഷ്യൽ കമ്മീഷൻ താൻ നൽകിയ തെളിവുകൾ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. സോളാർ കമ്മീഷനു നൽകിയ എല്ലാ തെളിവുകളും ഹർജിയുടെ ഭാഗമായി സരിത ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. സോളാർ കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു സ്ഥാപിച്ചുകൊണ്ടാണ് തെളിവുകൾ കൈമാറിയിരിക്കുന്നത്. കേസിൽ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത പരാതിപ്പെട്ടു.

കോടികൾ താൻ മുഖ്യമന്ത്രിക്കും ലക്ഷക്കണക്കിനു രൂപ മന്ത്രി ആര്യാടൻ മുഹമ്മദിനും നൽകിയെന്നും സരിത ആരോപിച്ചിരുന്നു. പണമിടപാടു സംബന്ധിച്ച് ഒത്തുതീർപ്പിനായി മുഖ്യമന്ത്രിക്കായി ബെന്നി ബഹന്നാനും തമ്പാനൂർ രവിയും ഇടനിലനിന്നതിന്റെയും ഫോൺ രേഖകളും സരിത തെളിവായി ഹാജരാക്കിയിരുന്നു. ഇതൊന്നും പരിഗണിച്ച് സോളാർ കമ്മീഷൻ നടപടിയെടുത്തിരുന്നില്ല. വൈകി കിട്ടുന്ന നീതി നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു രാവിലെ സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു.