കൊച്ചി: സോളാർ കമ്മീഷനുമുന്നിൽ തട്ടിപ്പുകേസ് പ്രതി സരിത എസ് നായർ തെളിവുകൾ സമർപ്പിച്ചു. തെളിവുകൾ അടങ്ങിയ പെൻഡ്രൈവാണ് സരിത സമർപ്പിച്ചത്. അതിനിടെ, സോളാർ കേസ് റിപ്പോർട്ട് വൈകുമെന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അറിയിച്ചു.

മുദ്രവച്ച കവറിലാണ് പെൻഡ്രൈവടക്കമുള്ള തെളിവുകൾ കൈമാറിയത്. ബാക്കി തെളിവുകൾ മൂന്നുദിവസത്തിനുള്ളിൽ അഭിഭാഷകൻ മുഖേന സമർപ്പിക്കുമെന്ന് സരിത അറിയിച്ചു.

അതിനിടെ, എഡിജിപി പത്മകുമാറിനെതിരെ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോൾ ലാപ്പ്‌ടോപ്പും പെൻഡ്രൈവും പിടിച്ചെടുത്തിരുന്നു.

എന്നാൽ ഇത് പത്മകുമാർ കോടതിയിൽ ഹാജരാക്കിയിട്ടില്ല. വാട്‌സ്ആപ്പ് വഴി പ്രചരിച്ച ദൃശ്യങ്ങൾ പുറത്തുപോയത് പത്മകുമാർ വഴിയാണെന്നും സരിത മൊഴി നൽകി.

ഏപ്രിൽ 27നു മുമ്പ് കമ്മീഷൻ റിപ്പോർട്ട് നൽകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ റിപ്പോർട്ട് ആ സമയപരിധിക്കുള്ളിൽ നൽകാൻ കഴിയുമോ എന്ന സംശയമുള്ളതായാണു കമ്മീഷൻ പറയുന്നത്.