- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ചേട്ടൻ ഇഷ്ടപ്പെട്ട പെണ്ണുമായി ജീവിച്ചോളൂ; ഇനിയും ചവിട്ടും അടിയും കൊള്ളാൻ എനിക്ക് വയ്യ''; ഭാര്യയെ പീഡിപ്പിക്കുന്നത് പൊലീസിലെ ക്ലാർക്കായാൽ കേസ് വരില്ല; വിസ്മയയ്ക്ക് നീതിയൊരുക്കുന്നവർ തന്നെ പോത്തൻകോട്ടെ ക്രൂരനെ സംരക്ഷിക്കുന്നു; വനിതാ ബറ്റാലിയനിൽ വിനോദ് വിലസുമ്പോൾ
തിരുവനന്തപുരം: ഗാർഹിക പീഡനങ്ങളെത്തുടർന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ യുവതി അടുക്കളയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് വകുപ്പ് തന്നെ സംരക്ഷിക്കുന്നു. രണ്ടര വർഷം മുമ്പ് ഭർത്താവിനെതിരെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്ത സരിതാകുമാരി (30)യുടെ മരണമാണ് വീണ്ടും വിവാദമായിരിക്കുന്നത്. പൊലീസിലെ സീനിയർ ക്ലർക്കായ വിനോദിന്റെ പീഡനം മൂലമാണ് സരിത ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ വിനോദിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോൾ വനിതാ ബറ്റാലിയനിൽ തന്നെ നിയമിക്കുകയും ചെയ്തു.
'ചേട്ടൻ ഇഷ്ടപ്പെട്ട പെണ്ണുമായി ജീവിച്ചോളൂ. ഇനിയും ചേട്ടന്റെ ചവിട്ടും അടിയും കൊള്ളാൻ എനിക്ക് വയ്യ. ഞാൻ പോകുന്നു. നമ്മുടെ ഉണ്ണിയെ ദ്രോഹിക്കരുത്. അവൻ പാവമാണ്' സരിതയുടെ ആത്മഹത്യാ കുറിപ്പിൽ മരണകാരണം കൃത്യമായി പറയുന്നുണ്ടെങ്കിലും രണ്ടര വർഷമായിട്ടും കേസ് ഒരിടത്തും എത്തിയിട്ടില്ല. ഇപ്പോഴും ജോലിയിൽ തുടരുകയാണ് വിനോദ്.
ഭർത്താവിന്റെ പീഡനവും അവിഹിത ബന്ധവും കാരണം 2018 ഡിസംബർ 20 നാണ് പോത്തൻകോട് അണ്ടൂർക്കോണം തെറ്റിച്ചിറയിൽ എം. വിനോദിന്റെ ഭാര്യ സരിതാകുമാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. അതിനുശേഷം ഇത്രയും കാലമായിട്ടും വിനോദിനെതിരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം പാതിവഴിയിൽ അവസാനിച്ചെന്ന് കാണിച്ച് സരിതാകുമാരിയുടെ പിതാവ് ഉഴമലയ്ക്കൽ ചൂരക്കുഴി വീട്ടിൽ കുട്ടപ്പൻ നായർ ജനുവരിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും പൊലീസ് വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് വിനോദ് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. സരിതാകുമാരിയുടെ ആത്മഹത്യാകുറിപ്പും, അമ്മയെ അച്ഛൻ നിരന്തരം പീഡിപ്പിച്ചെന്ന ഏകമകൻ കോടതിയിൽ നൽകിയ രഹസ്യമൊഴിയും തെളിവായുള്ളപ്പോഴും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല.
75 പവനോളം സ്വർണം നൽകിയാണ് സുനിതയെ വിവാഹം കഴിപ്പിച്ചയച്ചത്. ഇയാൾക്കെതിരായ വകുപ്പ് തലനടപടിയുടെ ഫയലുകൾ പൂഴ്ത്തിവച്ചിരിക്കുകയാണെന്നും പരാതിയുണ്ട്. ഈ സംഭവത്തിൽ ആത്മഹത്യയ്ക്കാണ് പോത്തൻകോട് പൊലീസ് ആദ്യം കേസെടുത്തത്. എന്നാൽ ആറ്റിങ്ങൽ ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും ചുമത്തിയത്. വിനോദിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ സരിതയുടെ കുടുംബത്തെ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമങ്ങൾ നടന്നതായും സരിതയുടെ അച്ഛൻ കുട്ടപ്പൻ നായരും അമ്മ സരസ്വതിയമ്മയും ആരോപിക്കുന്നുണ്ട്.
കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുകാരും സരിതാകുമാരിയുടെ മാതാപിതാക്കളുടെ ഉഴമലയ്ക്കലിലെ വീട്ടിൽ ഭീഷണിയുമായെത്തി. ഇത് സംബന്ധിച്ച് ആര്യനാട് പൊലീസെടുത്ത കേസിൽ കോടതിയിൽ കുറ്റപത്രം നൽകി. സരിതാകുമാരിയുടെ അച്ഛനമ്മമാരോടൊപ്പമായിരുന്ന തന്റെ മകനെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് വിനോദ് കേസ് കൊടുത്തെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കള്ളമാണെന്ന് തെളിഞ്ഞതോടെ തള്ളി. എന്നാൽ മകനെ വിനോദ് കൊണ്ടുപോയി. മകൾക്ക് നൽകിയ സ്ത്രീധനവും സ്വത്തുക്കളും വിനോദും പുതിയ ഭാര്യയും ഇപ്പോൾ അനുഭവിക്കുകയാണെന്നും സരിതാകുമാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വിനോദിനെതിരെ കേസെടുത്തെങ്കിലും നടപടിയെടുക്കാത്തതിൽ സരിതയുടെ കുടുംബം ശക്തമായ പ്രതിഷേധമറിയിച്ചാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ സീനിയർ ക്ലർക്ക് എന്ന സ്വാധീനമുപയോഗിച്ച് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ വിനോദിന്റെ അറസ്റ്റ് വൈകിപ്പിച്ചെന്നും കുടുംബത്തിന് പരാതിയുണ്ട്. ഗാർഹിക പീഡനക്കേസിലെ പ്രതിയായിട്ടും ഇയാൾക്ക് ഇപ്പോൾ വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനിൽ ജോലി നൽകിയത് വിചിത്രമാണെന്നും അവർ അഭിപ്രായപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ