പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം സർക്കാർ ചിത്രം തിയേറ്ററിൽ എത്തിയത് തന്നെ വിവാദങ്ങള കൂട്ടുപിടിച്ചായിരുന്നു. പിന്നീട് റിലീസിനെത്തിയപ്പോഴും ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമർശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഇപ്പോളിതാ കേരളത്തിലും ചിത്രത്തിന് നേരിടുന്നത് നിയമക്കുരുക്കുകളാണ്.

സർക്കാരി'ന്റെ പ്രചാരണ പോസ്റ്ററുകളിൽ നായകൻ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയതിന് കേരളത്തിൽ വിജയയടക്കമുള്ളവർക്കെതിരെ കേസ് ചുമത്തിയിരിക്കുകയാണ്. വിജയ്ക്കും നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സിനും നിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരേ കേസെടുത്തിരിക്കുന്നത് തൃശൂരിൽ ആരോഗ്യ വകുപ്പാണ്. പുകയില നിയന്ത്രണ നിയമപ്രകാരമാണ് കേസ്. നായകനായ വിജയ് സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രീകരണമുള്ള ഫ്‌ളെക്‌സുകളും ബോർഡുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിയറ്ററുകളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

സർക്കാർ സിനിമയുടെ പോസ്റ്ററുകളിൽ നടൻ വിജയ് പുകവലിക്കുന്ന ചിത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപരമായ മുന്നറിയിപ്പും പ്രദർശിപ്പിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തൃശൂർ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിവിധ സിനിമാ തിയേറ്ററുകളിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് സ്വമേധയാ കേസെടുത്തത്.

പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമെടുത്ത ക്രിമിനൽ കേസിൽ വിജയ് ആണ് ഒന്നാം പ്രതി. വിതരണക്കമ്പനിയായ കോട്ടയം ആസ്ഥാനമായ സായൂജ്യം സിനി റിലീസ് രണ്ടാം പ്രതിയും ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് മൂന്നാം പ്രതിയുമാണ്. ഡിഎംഒ തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇവിടെനിന്നും വിജയ്ക്കും മറ്റുള്ളവർക്കും സമൻസ് അയയ്ക്കും. രണ്ട് വർഷം വരെ തടവും 1000രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ വിവാദങ്ങൾക്കിടയിലും വിജയ് ചിത്രം തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്.പുറത്തിറങ്ങി ഏഴുദിവസത്തിനുള്ളിൽ ചിത്രം 200 കോടി ക്ലബിലിടം നേടി. പല കളക്ഷൻ റെക്കോഡും തിരുത്തിക്കുറിച്ച് സർക്കാർ വിജയകരമായി തന്നെ പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളും കഴിഞ്ഞ ദിവസം നടന്നു. വിജയാഘോഷത്തിൽ നായകൻ വിജയ് സംവിധായകൻ എആർ മുരുഗദോസ് സംഗീത സംവിധായകൻ എ.ആർ റഹമാൻ ചിത്രത്തിലെ നടിമാരായ കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

വിജയാഘോഷവും എ.ഐ.എ.ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്കിനൊപ്പം മിക്സി, ഗ്രൈന്റർ എന്നിവയുടെ രൂപങ്ങൾ വച്ചിരുന്നു. വോട്ടിനു വേണ്ടി സൗജന്യമായി നൽകിയ വസ്തുക്കൾ തീയിടുന്ന സിനിമയിലെ രംഗങ്ങൾ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓർമ്മിപ്പിക്കുകയാണ് വിജയാഘോഷവേളയിലെ മധുര പ്രതിഷേധം. റഹമാൻ പുറത്തുവിട്ട ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.