കാസർഗോഡ്: നാട്ടിൽ മക്കളും കുടുംബവുമുള്ള യുവതീ യുവാക്കൾ കാസർഗോഡ് എത്തിയപ്പോൾ കാമുകീകാമുകന്മാരായി. ഒടുവിൽ ഒരുമിച്ച് കഴിഞ്ഞ് വഴിവിട്ട ജീവിതവും നയിച്ചു. കാമുകി അതി ക്രൂരമായി താമസസ്ഥലത്തുകൊല ചെയ്യപ്പെടുകയും ചെയ്തു.

വിദ്യാനഗർ ചാല റോഡിലെ വാടക മുറിയിൽ താമസിച്ചു വരികയായിരുന്ന കർണ്ണാടക ഹുബ്ലി ബെൻഡൂർ സ്വദേശിനി സരസ്വതി (35) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സരസ്വതിയുടെ മൃതദേഹം കാണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുറിയുടെ ഉടമ മുഹമ്മദ് സഫീലിന് താക്കോൾ ഏൽപ്പിച്ച് രണ്ട് ദിവസത്തിനകം തിരിച്ച് വരുമെന്ന് പറഞ്ഞ് കാമുകൻ ചന്ദ്രു നാട്ടിലേക്ക് തിരിച്ചിരുന്നു.

ചന്ദ്രു തിരിച്ചെത്താത്തിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഉടമ മുറി തുറന്ന് നോക്കിയപ്പോൾ സരസ്വതി മരിച്ച നിലയിലായിരുന്നു. ഒപ്പം താമസിക്കുന്ന ഇന്റർ ലോക്ക് തൊഴിലാളിയായ ചന്ദ്രുവിനെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചെർക്കളയിൽ നേരത്തെ മത്സ്യ വിൽപ്പനക്കാരിയായി സരസ്വതി ജോലി നോക്കിയിരുന്നു. അതിനിടെയാണ് ചന്ദ്രുവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളരുകയും ചെയ്തു. തുടർന്ന് ചന്ദ്രുവും സരസ്വതിയും രണ്ട് മാസത്തോളമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് സരസ്വതി കൊല്ലപ്പെട്ടത്.

നാടിനെ ഞെട്ടിച്ച അറും കൊലയാണ് നടന്നതെന്ന് സരസ്വതിയുടെ മൃതദേഹം കണ്ടപ്പോൾ നാട്ടുകാർക്കും പൊലീസിനും മനസ്സിലായി. തലക്ക് പത്ത് സെന്റീമീറ്റർ ആഴത്തിൽ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മുറിയിലാകമാനം രക്തം തളം കെട്ടിയിരുന്നു. പൂർണ്ണനഗ്‌നയായ നിലയിൽ കമ്പിളി കൊണ്ട് പുതച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

മുറിയുടെ ഉടമയായ മുഹമ്മദ് സഹീലിന്റെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രു. ചന്ദ്രുവിന് ഹുബ്ലിയിൽ ഭാര്യയും നാല് മക്കളുമുണ്ട്. സരസുവിന് ഭർത്താവും വിവാഹിതയായ ഒരു മകളും മറ്റൊരു മകളുമുണ്ട്. ചന്ദ്രുവിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിൽ ചെർക്കളയിലുള്ള മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സരസ്വതിക്കൊപ്പം താമസിച്ചു വന്നിരുന്ന ചന്ദ്രുവിനെ കണ്ടെത്താൻ പൊലീസ് ഹുബ്ലിയിൽ വലവിരിച്ചിട്ടുണ്ട്. സരസ്വതിയെ എന്തിന് കൊല ചെയ്തു എന്ന കാരണം ഇനിയും വ്യക്തമായിട്ടില്ല. വിദ്യാ നഗറിലെ ഇവരുടെ അടുത്ത് താമസിക്കുന്ന ഹുബ്ലി സ്വദേശികൾ പറയുന്നത് ഇങ്ങിനെ. പതിവായി ഇവർ കലഹിക്കാറുണ്ടെന്നും പരസ്പരം വഴക്ക് പറയാറുണ്ടെന്നും ആരോപിക്കുന്നു. സരസ്വതിയുടെ മരണശേഷമായിരിക്കും ചന്ദ്രു മുറിയുടെ താക്കോൽ ഉടമക്ക് നൽകി സ്ഥലം വിട്ടതെന്നും സംശയമുണ്ട്. വഴി വിട്ട ജീവിതമാണ് ഇരുവരും നയിച്ചതെന്ന് സമീപവാസികളും പറയുന്നു.