കൊല്ലം: കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചെങ്കിലും ഈ കേസ് കോടതിയിൽ എത്താൻ സാധ്യതകൾ ഏറെ. അതിന് അവസരം നൽകാതെ കേസ് തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയിൽ എത്തിയാലും കേസ് എടുക്കാൻ നിർദ്ദേശിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നിർബന്ധപൂർവം ഏതെങ്കിലും കേസ് പിൻവലിക്കണമെന്ന നിർദേശമോ ഭീഷണിയുടെ സ്വരത്തിലുള്ള പദപ്രയോഗമോ ഇല്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യം നിലനിൽക്കില്ലെന്നാണ് ഉപദേശം. എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. പത്മാകരൻ കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടെന്നായിരുന്നു ആക്ഷേപം. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

യുവതിയുടെ പേരോ യുവതിക്കെതിരായ പരാമർശമോ സംഭാഷണത്തിൽ ഇല്ലാത്തതാണ് ശശീന്ദ്രന് തുണയാകുന്നത്. ഇരയുടെ പേര് പുറത്തു പറയാത്തതും ഗുണകരമായി. സംഭവം 'നല്ലനിലയിൽ പരിഹരിക്കണ'മെന്നു പരാതിക്കാരിയുടെ അച്ഛനോടു മന്ത്രി ഫോണിൽ പറഞ്ഞത് ഒത്തുതീർപ്പുശ്രമമോ ഭീഷണിയോ അല്ലെന്നു മലയാളം- ഇംഗ്ലിഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചു ജില്ലാ ഗവ. പ്ലീഡർ ആർ. സേതുനാഥൻപിള്ള ശാസ്താംകോട്ട ഡിവൈഎസ്‌പി പി. രാജ്കുമാറിനു നൽകിയ നിയമോപദേശത്തിൽ പറയുന്നു.

'നല്ലപോലെ' എന്നതിനു നല്ലവണ്ണം, ശരിയായിട്ട്, വേണ്ടതുപോലെ എന്നും 'പരിഹരിക്കുക' എന്ന വാക്കിനു നിവൃത്തി വരുത്തുക, കുറവു തീർക്കുക എന്നുമാണു നിഘണ്ടുവിൽ അർഥം കാണുന്നത്. ഒരു പ്രയാസവുമില്ലാതെ പരിഹരിക്കണമെന്നും മന്ത്രി സംഭാഷണത്തിൽ പറയുന്നതും മന്ത്രിക്ക് ഗുണകരമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൂച്ചക്കുട്ടി വിവാദത്തിൽ ശശീന്ദ്രൻ കുടുങ്ങിയിരുന്നു. ഈ കേസ് കോടതിയിൽ തള്ളി പോയി.

അതിനിടെ മന്ത്രി എ.കെ.ശശീന്ദ്രൻ പീഡനക്കേസിൽ ഇടപെട്ടതിൽ തെറ്റില്ലെന്ന വിചിത്രമായ നിയമോപദേശം മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടുവിൽ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനം ഒതുക്കിത്തീർക്കുന്നതു സ്ത്രീപീഡനത്തെ സഹായിക്കുന്നതിനു തുല്യമാണെന്ന് ചെന്നിത്തല പറയുന്നു.