തിരുവനന്തപുരം: ഫോൺവിളി കേസിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ടുവട്ടം ഹർജി നൽകിയ മഹാലക്ഷ്മിയെ കണ്ടെത്തി. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് മഹാലക്ഷിയെന്നാണ് വിവരം. ഹർജി സ്വന്തം ഇഷ്ടപ്രകാരമാണെന്നും മഹാലക്ഷ്മി പറഞ്ഞു.

ഫോൺ വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്ന് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി നൽകിയത് മഹാലക്ഷ്മിയെന്ന പേര് മാത്രമേ അറിവുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഹർജിക്കാരി വ്യാജമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് മഹാലക്ഷ്മിയുടെ വാർത്ത പുറത്ത് വിട്ടത്.

തനിക്ക് പ്രായപൂർത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാൽ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാധ്യമ പ്രവർത്തക ആരോപണത്തിൽ നിന്ന് പിന്മാറിയതെന്നും ഹർജിയിൽ പറയുന്നു. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്. നേരത്തെ, മഹാലക്ഷ്മി സമർപിച്ച ഹർജി സിജെഎം കോടതി തള്ളിയിരുന്നു.

കേസിൽ എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി കേസ് റദ്ദാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കീഴ്‌ക്കോടതി വിധി റദ്ദാക്കിയ കേസിൽ നിയമനടപടി തുടരണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ മാസം 8ന് കേസ് പരിഗണിക്കും.

ശശീന്ദ്രൻ മന്ത്രിയായിരിക്കെ, ഔദ്യോഗിക വസതിയിൽ അഭിമുഖത്തിന് പോയ തിരുവനന്തപുരം കണിയാപുരം സ്വദേശിയായ ചാനൽ പ്രവർത്തകയാണ് അദ്ദേഹത്തിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. മന്ത്രിയുടേതെന്ന പേരിൽ ലൈംഗികച്ചുവയുള്ള സംസാരമടങ്ങിയ ഫോൺവിളി ചാനലിന്റെ ആദ്യവാർത്തയായി സംപ്രേഷണം ചെയ്തതോടെ കഴിഞ്ഞ മാർച്ച് 26ന് ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. എന്നാൽ മന്ത്രിമന്ദിരത്തിൽ വച്ച് ശശീന്ദ്രൻ തന്നോട് മോശമായി പെരുമാറിയതായി ഓർക്കുന്നില്ലെന്നും ഫോണിൽ അശ്ലീലസംഭാഷണം നടത്തിയത് ശശീന്ദ്രനാണെന്ന് നൂറുശതമാനം ഉറപ്പില്ലെന്നും തനിക്ക് പരാതിയില്ലെന്നുമുള്ള ചാനൽ പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശശീന്ദ്രനെ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. തുടർന്ന് കഴിഞ്ഞ ദിവസം എ.കെ.ശശീന്ദ്രൻ മന്ത്രിയായി സ്ഥാനമേറ്റെടുത്തിരുന്നു.