പാലക്കാട്: അഴിമതിയുടെ കൂത്തരങ്ങായി മാറിയി മലബാർ സിമന്റിസിൽ മുൻ കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രനും രണ്ട് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകമെന്ന് നാട്ടുകാർ ആരോപിക്കുന്ന സംഭവത്തിൽ സിബിഐ അന്വേഷണം ഏറെ നാളുകൾക്ക് ശേഷവും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ ശശീന്ദ്രന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളുടെ കാര്യവും കൊലപാതക ആരോപണങ്ങൾക്ക് ശക്തിപകർന്നിരുന്നു. എന്നാൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന കേസിൽ പുറത്തുവന്ന പുതിയ വെൡപ്പെടുത്തൽ സിപിഐ(എം) നേതാവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിന് എതിരായാണ്. മനോരമ പത്രാണ് കരീമിനെതിരായ മൊഴിയുള്ള വിവരം പുറത്തുവിട്ടത്.

മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും മരണത്തിന് വഴിവച്ച് മലബാർ സിമന്റ്‌സ് ഫാക്ടറിയിൽ നടന്ന അഴിമതിയിൽ വിവാദ വ്യവസായി വി എം. രാധാകൃഷ്ണന് പുറമെ മുന്മന്ത്രി എളമരം കരീം അടക്കമുള്ളവർക്കും പങ്കുണ്ടെന്ന സൂചന നൽകുന്ന രഹസ്യ മൊഴികളാണ് പുറത്തുവന്നത്. മരണത്തെതുടർന്ന്, നേരത്തേ പ്രതിയാക്കുകയും പിന്നീട് സിബിഐ മാപ്പുസാക്ഷികളാക്കുകയും ചെയ്ത മുൻ മാനേജിങ് ഡയറക്ടർ സുന്ദരമൂർത്തി, എക്‌സി. സെക്രട്ടറിയായിരുന്ന സൂര്യനാരായണൻ എന്നിവരിൽനിന്ന് എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടുവർഷം മുമ്പ് രേഖപ്പെടുത്തിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ശശീന്ദ്രനെതിരെ ഉന്നതരുടെ നിർദ്ദേശപ്രകാരം നടന്ന പീഡനങ്ങളും അഴിമതിയും മൊഴിയിൽ വിവരിക്കുന്നുണ്ട്. ശശീന്ദ്രന്റെ പിതാവ് വേലായുധൻ മാസ്റ്ററും സഹോദരൻ സനൽകുമാറും കോടതിയിൽ നൽകിയ ഹരജിയുടെ ആവശ്യാർഥം അപേക്ഷ സമർപ്പിച്ചപ്പോഴാണ് മൊഴികൾ പുറത്തുവന്നത്.

തമിഴ്‌നാട്ടിലെ ചെട്ടിനാട് സിമന്റ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന തന്നെ മലബാർ സിമന്റ്‌സ് ഫാക്ടറി എം.ഡിയായി നിയമിക്കാൻ ഒത്താശ ചെയ്തതും അഴിമതി ചോദ്യം ചെയ്ത ശശീന്ദ്രനെ സ്ഥാപനത്തിൽ നിന്ന് തുരത്തുന്നതിൽ കലാശിച്ച പ്രവൃത്തികൾ ചെയ്യിച്ചതും വി എം. രാധാകൃഷ്ണനാണെന്ന് സുന്ദരമൂർത്തിയുടെ രഹസ്യമൊഴിയിലുണ്ട്. രാധാകൃഷ്ണന്റെ താൽപര്യം സംരക്ഷിക്കാനായിരുന്നു അന്നത്തെ വ്യവസായ മന്ത്രി എളമരം ഇടെപെട്ടതെന്നാണ് രഹസ്യമൊഴിയിൽ നിന്നും വ്യക്തമാകുന്ന്ത. 'രാധാകൃഷ്ണൻ പറയുന്നത് മാത്രം അനുസരിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു'വെന്നാണ് രഹസ്യമൊഴിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

മലബാർ സിമന്റ്‌സ് അഴിമതി സംബന്ധിച്ച രഹസ്യമൊഴിയിൽ മുൻ മന്ത്രി എളമരം കരീമിനെതിരെയുള്ളത് ഗൗരവതരമായ ആരോപണങ്ങൾ. മലബാർ സിമന്റ്‌സിലെ നിയമന ഉത്തരവ് ലഭിക്കും മുമ്പുതന്നെ രാധാകൃഷ്ണനാണ് തന്നെ എം.ഡിയാക്കിയ വിവരമറിയിച്ചതെന്ന് സുന്ദരമൂർത്തി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. രാധാകൃഷ്ണൻ പറയുന്നത് മാത്രം സ്ഥാപനത്തിൽ അനുസരിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. 2010 ജൂലൈ 24ന് വാളയാറിൽ ഫാക്ടറിയുടെ സെയിൽസ് ഓഫിസ് ഉദ്ഘാടനത്തിനത്തെിയ എളമരം കരീമിന് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം പാരിതോഷികം നൽകിയതും സുന്ദരമൂർത്തി സമ്മതിക്കുന്നു.

കമ്പനി സെക്രട്ടറിയായ ശശീന്ദ്രന്റെ കാബിനിൽ പേഴ്‌സനൽ സെക്രട്ടറിയായി സൂര്യനാരായണനെ നിയമിച്ചത് രാധാകൃഷ്ണന്റെ താൽപര്യം സംരക്ഷിക്കാനായിരുന്നു. നിസ്സഹായത മൂലമാണ് ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കുന്നത്. ജീവനുവരെ ഭീഷണി ഉണ്ടായെന്നും മൊഴിയിൽ പറയുന്നു. ശശീന്ദ്രനെതിരായ നിരവധി മെമോകൾ രാധാകൃഷ്ണൻ പറഞ്ഞതനുസരിച്ച് നൽകേണ്ടി വന്നു.

ഇപ്പോൾ സ്ഥാപനത്തിൽനിന്ന് പുറത്തായ സൂര്യനാരായണൻ ഇതേ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും സമാന ആരോപണങ്ങളാണുള്ളത്. ശശീന്ദ്രന്റെ മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച ഘട്ടത്തിൽ സുന്ദരമൂർത്തി കാര്യങ്ങൾ ഉദ്യോഗസ്ഥർക്ക് എഴുതിനൽകിയിരുന്നു. തുടർന്നാണ് മൊഴി കോടതിയിൽ രേഖപ്പെടുത്താൻ സിബിഐ തീരുമാനിച്ചത്. 2013 ഏപ്രിൽ എട്ടിന് സുന്ദരമൂർത്തിയും 2013 മെയ്‌ 28ന് സൂര്യനാരായണനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.ജെ. ബിജുവിന് നൽകിയ മൊഴികളിൽ ശശീന്ദ്രന്റെ മരണം ആത്മഹത്യയല്‌ളെന്ന നിഗമനത്തിലത്തൊൻ സഹായിക്കുന്ന ഒട്ടേറെ വിവരങ്ങളാണുള്ളത്.

മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടായിട്ടില്ലെന്നാണ് സൂചന. ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. മൊഴികളിൽ പരാമർശിക്കുന്ന സർക്കാർ സെക്രട്ടറിമാർ, മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫംഗം, ഫാക്ടറിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ എന്നിവരെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു. വി എം. രാധാകൃഷ്ണൻ പ്രതിയായ അഴിമതികേസുകളിൽ പ്രധാന സാക്ഷിയായ വി. ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.