- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസ്ഥാനം ചോദിച്ച് ശശീന്ദ്രൻ; കേസ് ഉണ്ടാകുന്നതിന് മുമ്പ് ധാർമികതയുടെ പേരിൽ രാജി വച്ചതിനാൽ പുനപ്രവേശനം ഇമേജിനെ ബാധിക്കുമോ എന്ന് ഭയന്ന് സിപിഎം; എൻസിപിയുടെ മന്ത്രിസഭാ പ്രവേശനം പിണറായിയുടെ കോർട്ടിൽ
തിരുവനന്തപുരം: ഫോൺകെണിക്കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന ആവശ്യം അംഗീകരിക്കുന്നതിൽ സിപിഎമ്മിൽ അവ്യക്തത. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. കോടതി സാങ്കേതിക അർത്ഥത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ഇത് പെൺകുട്ടിയുമായുള്ള ഒത്തുതീർപ്പ് മാത്രമാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രൻ കുറ്റം ചെയ്തില്ലെന്ന് പൊതു സമൂഹത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ സിപിഎം നേതാക്കൾ ചില സംശയങ്ങൾ ഉയർത്തുന്നത്. മംഗളം ടിവിയിൽ ഫോൺകെണിയിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. ആരോപണം നിഷേധിക്കുക പോലും ചെയ്തില്ല. ടിവിയിൽ കേട്ട ശബ്ദം ശശീന്ദ്രന്റേതാണെന്നും വ്യക്തമായിരുന്നു. ഇതും നിഷേധിച്ചിട്ടില്ല. എന്നാൽ ഫോൺ വിളിയുടെ സാഹചര്യം എന്താണെന്ന് ഇനിയും പുറത്തുവന്നതുമില്ല. ഇത് മാത്രമാണ് ശശീന്ദ്രന് അനുകൂലം. അതുകൊണ്ട് തന്നെ അശ്ലീല സംഭാഷണം നടത്തിയ വ്യക്തിയെ മന്ത
തിരുവനന്തപുരം: ഫോൺകെണിക്കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുമെന്ന ആവശ്യം അംഗീകരിക്കുന്നതിൽ സിപിഎമ്മിൽ അവ്യക്തത. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. കോടതി സാങ്കേതിക അർത്ഥത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ഇത് പെൺകുട്ടിയുമായുള്ള ഒത്തുതീർപ്പ് മാത്രമാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രൻ കുറ്റം ചെയ്തില്ലെന്ന് പൊതു സമൂഹത്തിന് പൂർണ്ണമായും ബോധ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ സിപിഎം നേതാക്കൾ ചില സംശയങ്ങൾ ഉയർത്തുന്നത്.
മംഗളം ടിവിയിൽ ഫോൺകെണിയിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. ആരോപണം നിഷേധിക്കുക പോലും ചെയ്തില്ല. ടിവിയിൽ കേട്ട ശബ്ദം ശശീന്ദ്രന്റേതാണെന്നും വ്യക്തമായിരുന്നു. ഇതും നിഷേധിച്ചിട്ടില്ല. എന്നാൽ ഫോൺ വിളിയുടെ സാഹചര്യം എന്താണെന്ന് ഇനിയും പുറത്തുവന്നതുമില്ല. ഇത് മാത്രമാണ് ശശീന്ദ്രന് അനുകൂലം. അതുകൊണ്ട് തന്നെ അശ്ലീല സംഭാഷണം നടത്തിയ വ്യക്തിയെ മന്ത്രിയാക്കുമ്പോൾ പൊതു സമൂഹം എങ്ങനെ അതിനെ എടുക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കുമെന്നും സിപിഎം വിലയിരുത്തുന്നു. എന്നാൽ ശശീന്ദ്രനെ എടുക്കാതിരിക്കാൻ കഴിയുകയുമില്ല.
ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള തീരുമാനമെടുക്കാൻ പിണറായിയെ ചുമതലപ്പെടുത്തുന്നത്. അതിനിടെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് എൻസിപി. പാർട്ടിയുടെ ദേശീയ നേതാവ് പ്രഫുൽ പട്ടേൽ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകും. എ.കെ.ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് എല്ലാ തടസ്സങ്ങളും ഇതോടെ നീങ്ങി. ഔപചാരികതകളേ ഇനി ബാക്കിയുള്ളൂവെന്ന് എൻസിപി പറയുന്നു.
എന്നാൽ ചില അവ്യക്തതകൾ കൂടി നീങ്ങാനുണ്ടെന്ന് സിപിഎം പറയുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രതിച്ഛായ ഇടിയുന്ന തീരുമാനം എടുക്കാൻ പിണറായിക്ക് താൽപ്പര്യവുമില്ല. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ മാറ്റി നിർത്താനാവാത്ത സാഹചര്യവും ഉണ്ട്.
ഫോൺകെണിക്കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കോടതിയിലെ കേസിൽ കൂടി തീരുമാനമായശേഷം മന്ത്രിസഭാ പ്രവേശനം മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീടു നിശ്ചയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ചർച്ചയാകുന്നത്. കോടതിയിൽ കേസ് തീർപ്പായതിനാൽ ശശീന്ദ്രൻ മന്ത്രിയാകാൻ തന്നെയാണ് സാധ്യത.
ശശീന്ദ്രനു മന്ത്രിസ്ഥാനം നൽകാനുള്ള എൻസിപി തീരുമാനം ധാർമികമായി ശരിയാണോയെന്നു ജനം വിലയിരുത്തട്ടേയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് നിലപാടു കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിൽ പ്രതിപക്ഷം ചർച്ച തുടങ്ങുമെന്നും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറയുന്നത്.
ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള നേതാക്കളുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി. കേസിൽ അവസാന നിമിഷം ഹർജിയെത്തിയതിൽ അസ്വാഭാവികതയുണ്ടെങ്കിലും യോഗത്തിൽ ഇക്കാര്യം ഉന്നയിക്കില്ലെന്നു ശശീന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കുവൈത്തിലായതിനാൽ മുന്മന്ത്രി തോമസ് ചാണ്ടി യോഗത്തിൽ പങ്കെടുത്തില്ല.
ആർ.ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരെ പാർട്ടിയിലേക്കു കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയായതായി സൂചനയില്ല. ശശീന്ദ്രന് മന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞതിനാൽ ഇനി ഈ ചർച്ച നടക്കാനിടയില്ല.