തിരുവനന്തപുരം: തനിക്കെതിരെ നിരന്തരം വാർത്ത നൽകുന്ന റിപബ്ലിക്ക് ചാനലിനെ പരോക്ഷമായി പരിഹസിച്ച് തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ നിരന്തരം വേട്ടയായിയ അർണാബ് ഗോസ്വാമിയി നേതൃത്വം നൽകുന്ന ചാനലിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചിരിക്കുന്നത് ഒരു കാറിന് ചുറ്റും കൂട്ടത്തോടെ ഓടുന്ന നായ്ക്കളുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വ്യത്യസ്തമായ രീതിയിൽ മറുപടി നൽകുന്ന തരൂർ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു കാർ റോഡിലൂടെ പോവുന്ന ദൃശ്യമാണ് ഉള്ളത്. ഈ കാറിനെ പോവാൻ അനുവദിക്കാതെ ചുറ്റും നായ്ക്കൂട്ടം. കാർ മുന്നോട്ടെടുത്തിട്ടും പോവാൻ സമ്മതിക്കാതെ നായ്ക്കൂട്ടം വിടാതെ പിൻതുടരുന്നതും ഈ വീഡിയോയിൽ കാണം. ഇങ്ങനെയാണ് തന്നെ മാധ്യമങ്ങൾ കടന്നാക്രമിക്കുന്നതെന്നാണ് ശശി തരൂർ പറയാതെ പറയുന്നത്.

തന്നെ പിന്തുടർന്ന് വേട്ടയാടുന്ന ക്യാമറമാന്മാരെയും റിപബ്ലിക്ക് ടിവിയുടെ റിപ്പോർട്ടർമാരെയുമല്ല ഈ വീഡിയോയിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നും അവരുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പറയുന്നുണ്ടെങ്കിലും പരോക്ഷമായി കണക്കിന് പരിഹസിക്കുന്നതാണ് തരൂർ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ. തനിക്ക് നേരെയുള്ള മാധ്യമ വിചാരണയെ പരിഹസിച്ചുള്ള പോസ്റ്റിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ തരൂരിന് ലഭിക്കുന്നത്. റിപബ്ലിക്ക് ടിവിയുടെ തരൂരിനെ ലക്ഷ്യം വെച്ചുള്ള റിപ്പോർടിങ്ങ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇന്ന് അനുകൂല വിധി കോടതിയുടെ ഭാഗത്ത് നിന്നും ലഭിച്ച സാഹചര്യത്തിലാണ് തരൂരിന്റെ പോസ്റ്റ്.

ഡോ. ശശി തരൂർ എംപിക്ക് സുനന്ദ പുഷ്‌കർ കേസിൽ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോ സ്വാമിയോടും ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസാമിക്കും എതിരെ ശശി തരൂർ നൽകിയ ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിന് പിന്നാലെയാണ് തരൂർ തന്റെ ഫേസ്‌ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്നും അതിൽ ശശി തരൂരിനു പങ്കുണ്ടെന്നുമുള്ള തരത്തിൽ റിപ്പബ്ലിക് ടിവിയുടെ ലോഞ്ചിനോടനുബന്ധിച്ച് അവതാരകനായ അർണബ് ഗോസ്വാമി ചർച്ച സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയുടെ ഭാഗമായി ചാനൽ ശശി തരൂരിനോട് വിഷയത്തിലുള്ള അഭിപ്രായം ആരാഞ്ഞു. ഇതു സംബന്ധിച്ച് തരൂർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ കേസ് കൂടാതെ ചാനൽ വാർത്തയ്ക്ക് എതിരെ തരൂർ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പ്രൊഫഷണൽ സെൽ ചെയർമാനായി നിയമിതനായശേഷം തരൂർ നടത്തിയ ഈ പത്ര സമ്മേളനത്തിൽപങ്കെടുക്കാൻ എത്തിയ റിപ്പബ്ലിക് ടിവി പ്രതിനിധികളെ ഇറക്കി വിട്ടിരുന്നു. പത്രസമ്മേളനം റിപ്പോർട്ടു ചെയ്യാൻ റിപ്പബ്ലിക് ചാനലിൽ നിന്ന് എത്തിയത് നാല് റിപ്പോർട്ടർമാരും നാല് ക്യാമറമാന്മാരുമാണ്. ഇത്രയും അധികം പേരെ ഒരു പത്ര സമ്മേളനത്തിന് വിടുന്നത് എന്തിനെന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു.

ഒരു വിഷയത്തിൽ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരാൾക്കും ഉണ്ട്. എന്നാൽ ഇവിടെ ശശി തരൂർ പ്രതികരിച്ചേ മതിയാകൂവെന്ന് റിപ്പബ്ലിക് ടിവി നിർബന്ധം പിടിക്കുന്നു. അതുവരെ പിന്തുടർന്ന് ശല്യം ചെയ്യുമെന്നും. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഉയരുന്ന വികാരം. ഇത് സോഷ്യൽ മീഡിയയയും ചർച്ച ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിക്കുക. മാധ്യമപ്രവർത്തനമെന്നപേരിൽ റിപ്പബ്ലിക് ടിവിയുടെ ജീവനക്കാർ ശശി തരൂരിനോട് കാണിക്കുന്നത് തനി ഗുണ്ടായിസമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ ഉയർന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖർ വിത്തിറക്കിയിരിക്കുന്നത് കേരളത്തിലാണ്.ഒന്നും കാണാതല്ല റിപ്പബ്ലിക് ടിവി തരൂരിനെ അറഞ്ചം പുറഞ്ചം ആക്രമിക്കുന്നത്. തരൂർ പോകുന്നിടത്തെല്ലാം നാല് റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും പറഞ്ഞുവിട്ടിരിക്കുകയാണ് ആ ചാനൽ. ചോദ്യങ്ങൾ ചോദിക്കുകയല്ല പിടിച്ചുനിർത്തുകയും തട്ടിക്കയറുകയും കൂവിയാർക്കുകയുമാണ് ആ മാധ്യമപ്രവർത്തകവേഷധാരികൾ-ഇതാണ് പൊതു അഭിപ്രായം

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ഡൽഹിയിലെ എഐസിസി ഓഫിസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർക്ക് പ്രവേശനം അനുവദിച്ചില്ല. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരായ പരിസ്ഖിത് ലത്ര, ശ്രേയ, സകൽ ഭട്ട്, ശ്വേത കൊത്താരി എന്നീ റിപ്പോർട്ടർമാരെയും ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്മാരെയുമാണ് തടഞ്ഞത്. ഇതുകൂടാതെ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തിരുന്നത്.

തനിക്കെതിരെ അടിസ്ഥാനരഹിതമായി അപകീർത്തികരമായ പരാമർശങ്ങളും ആരോപണങ്ങളും നടത്തിയെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂർ എംപിയുടെ മാനനഷ്ട കേസും നിലവിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവിക്കെതിരെ തരൂർ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അർണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.