ന്യൂഡൽഹി : വിശേഷ ദിവസങ്ങളിൽ വിശാസികൾക്ക് ആശംസകൾ നേരുക നേതാക്കളുടെ പതിവാണ്. ശശി തരൂർ എംപിയും ഇക്കാര്യത്തിൽ പിന്നിലല്ല. എന്നാൽ, ഇത്തവണ മഹാവീര ജയന്തി ആശംസിച്ച തരൂരിന് അക്കിടി പറ്റി. ജൈനമതത്തിലെ 24 മത് തീർത്ഥങ്കരൻ വർദ്ധമാന മഹാവീര ജയന്തി മാർച്ച് 29 നാണ് ആഘോഷിക്കുന്നത്.

മഹാവീര ജയന്തി ആശംസിച്ച് ട്വീറ്റ് ചെയ്ത തരൂരിന് മഹാവീരനെയും ബുദ്ധനെയും മാറിപ്പോകുകയായിരുന്നു. ട്വിറ്ററിൽ മഹാവീര ജയന്തി ആശംസകൾ അറിയിച്ച തരൂർ പങ്കുവെച്ചത് മഹാവീരന്റെ ചിത്രത്തിനു പകരം ഗൗതമബുദ്ധന്റെ ചിത്രമായിരുന്നു. ഇതോടെ പരിഹാസ കമന്റുകളുടെ ഘോഷയാത്രയായിരുന്നു.

ഹിറ്റ്‌ലറുടെ ഫോട്ടോ ഷെയർ ചെയ്ത് ഹാപ്പി ബർത്ത്‌ഡേ ചാർലി ചാപ്ലിൻ, ജോണി ലീവറിന്റെ ഫോട്ടോയ്ക്ക് താവെ ഹാപ്പി ബർത്ത്്‌ഡേ മൈക്കിൾ ജാക്‌സൺ, എന്നിങ്ങനെ പലരും തരൂരിനെ കളിയാക്കി.ദി ഈസ് ഫരാഗോ ഓഫ് ലൈസ് എന്നാണ് ഒരാൾ എഴുതിയത്.
പള്ളിക്ക് മുന്നിൽ ചിലർ നിസ്‌കരിക്കുന്ന പടത്തിനൊപ്പം ദീപാവലി ആശംസകൾ അറിയിച്ചും, വാലന്റൈൻസ് ഡേയുടെ ചിത്രം നൽകി ക്രിസ്മസും, രാമന്റെ ചിത്രം നൽകി ഈദും ആശംസിച്ചുകൊണ്ടാണ് മറ്റുചിലർ തരൂരിനെ പരിഹസിച്ചത്.

ഇതിനിടെ, തെറ്റ് തിരിച്ചറിഞ്ഞ തരൂർ താൻ ഫോട്ടോ തെരഞ്ഞെടുത്ത സ്രോതസ് തെറ്റായിപ്പോതെന്ന് വിശദീകരണം നൽകുകയും തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.