തിരുവനന്തപുരം: വികസന കാര്യത്തിലും തനിക്ക് ശരിയെന്നും തോന്നുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്ന പ്രകൃതമാണ് കോൺഗ്രസ് എംപി ശശി തരൂരിന്റേത്. ഇന്നലെ അദ്ദേഹത്തിനെതിരെ സിപിഐ(എം) പ്രവർത്തകർ നടത്തുന്ന വിമർശനത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ചിത്രമിട്ട തരൂർ ഇന്ന് കോൺഗ്രസ് നേതാക്കളെ തന്നെയാണ് ഞെട്ടിച്ചിരിക്കുന്നത്. കേരളത്തിൽ അധികാരമേറിയിരിക്കുന്ന എൽഡിഎഫ് സർക്കാറിന്റെ വികസന കാഴ്‌ച്ചപ്പാടിനെ പുകഴ്‌ത്തിക്കൊണ്ടാണ് ശശി തരൂർ ഇന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്നുള്ള സെൽഫി ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു കൊണ്ടാണ് തരൂർ രംഗത്തെത്തിയത്. പൊതുവേ ചിരിക്കാറില്ലാത്ത നേതാവെന്നും കാർക്കശ്യക്കാരനെന്നും പറയുന്ന പിണറായി വിജയൻ തരൂരിനൊപ്പം നിറചിരി തൂകി നിൽക്കുന്നതാണ് ചിത്രത്തിൽ കാണാനുള്ളത്. പിണറായി വിജയനൊപ്പം കേരളത്തിലെ വികസന കാര്യങ്ങൾ വളരെ ഭംഗിയായി ചർച്ച ചെയ്തത് ഒരു സെൽഫിയോടെ അവസാനിച്ചു എന്ന് പറഞ്ഞാണ് തരൂർ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.

ഒറ്റയടിക്ക് പിണറായി വിജയന്റെ വികസന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്ന ധ്വാനി തന്നെ ഈ സെൽഫി രാഷ്ട്രീയത്തിൽ അടങ്ങിയിട്ടുണ്ട്. ഫേസ്‌ബുക്കിൽപോസ്റ്റ് ചെയ്ത ചിത്രത്തിൽ സിപിഐ(എം) കോൺഗ്രസ് ആരാധകർ ആവേശത്തോടെ തന്നെ ലൈക്ക് ചെയ്യുന്നുണ്ട്. കേരളത്തിലെ സംസ്ഥാന നേതൃത്വം പിണറായി വിജയൻ മോദിക്ക് പഠിക്കുന്നു എന്ന് പറഞ്ഞ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമ്പോഴാണ് സെൽഫിയിലൂടെ മുഖ്യമന്ത്രിയുമായി സൗഹൃദ രാഷ്ട്രീയത്തിന് കോൺഗ്രസ് എംപി രംഗത്തെത്തിയത്.

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയചടങ്ങിൽ പോയതിന്റെ പേരിൽ വിമർശനം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്് തരൂരിന്റെ സെൽഫി രാഷ്ട്രീയം പിടിക്കുമോ എനാണ് ഇനി അറിയേണ്ടത്. നേരത്തെ നരേന്ദ്ര മോദി നടപ്പിലാക്കി സ്വച്ഛ് ഭരത് പദ്ധതിയെ അനുകൂലിച്ചതിന്റെ പേരിൽ തരൂർ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഏറെ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ, തനിക്ക് നല്ലതെന്ന് തോന്നിയ കാര്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് അന്നും തരൂർ സ്വീകരിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ വികസന വിഷയത്തിൽ രാഷ്ട്രീയത്തിന് അതീതമായ സഹകരണം പിണറായിക്ക് നൽകുമെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. എന്തായാലും തരൂരിന്റെ സെൽഫി രാഷ്ട്രീയം കോൺഗ്രസുകാർക്ക് എത്രകണ്ട സുഖിക്കുമെന്ന് കണ്ടറിയണം.