തിരുവനന്തപുരം: ചാനലിന് മുന്നിൽ തനിക്കെതിരെ വിമർശനങ്ങളുടെ കൂരമ്പ് എയ്യുന്നവർ തന്നോട് ഫോണിൽ പോലും വിളിച്ച് എന്താണ് കാര്യമെന്ന് തിരക്കാൻ തയ്യാറായില്ലെന്ന് ശശി തരൂർ എംപി. 'വരത്തനാ'യതിനാലാണ് തനിക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയതെന്നും എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെല്ലുവിളിച്ചതോടെയാണ് ശശി തരൂർ വീണ്ടും വിവാദത്തിൽപ്പെട്ടത്. സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം തരൂരിനെതിരെ രംഗത്തു വന്നിരുന്നു.

കേരളത്തിൽ ദശാബ്ദങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാക്കന്മാരെല്ലാം പുറത്തുള്ള ഒരാളായാണ് തന്നെ കാണുന്നതെന്നാണ് തരൂർ എൻഡിടിവിയോട് പറഞ്ഞത്. നരേന്ദ്ര മോദിയെക്കുറിച്ച് താൻ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയും തനിക്ക് പറയാനുള്ളത് എന്താണെന്ന് ചോദിക്കാതെയുമാണ് കേരളത്തിലെ നേതാക്കളെല്ലാം പ്രസ്താവനയിറക്കുന്നത്.

തന്നെ പൂർണമായും ഉൾക്കൊള്ളാൻ കേരളത്തിലെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് നിലനിർത്തിയ 44 പേരിൽ ഒരാളാണ് ശശി തരൂർ. കഴിഞ്ഞ തവണത്തെ മിന്നുന്ന വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിനേറ്റ നാണംകെട്ട തോൽവിയിൽ പിടിച്ചുനിൽക്കാൻ തരൂരിന് കഴിഞ്ഞിരുന്നു.

''വളരെ വൈകിയാണ് ഞാൻ രാഷ്ട്രീയ രംഗത്തെത്തിയത്.രാഷ്ട്രീയത്തിൽ ഞാനെത്തിയത് പലർക്കും ദഹിച്ചിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാണ്''- കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പേരെടുത്ത് വിമർശിക്കാതെ തരൂർ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ മാലിന്യമുക്തമാക്കാൻ സ്വച്ഛ ഭാരത് അഭിയാന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. ശശി തരൂർ അടക്കം നിരവധി പ്രമുഖരെ പരിപാടിയുടെ ഭാഗമാകാൻ മോദി ക്ഷണിക്കുകയും ചെയ്തു. തരൂർ ക്ഷണം സ്വീകരിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിന് പിന്നാലെ വിവാദങ്ങൾ കത്തിപ്പടരുകയായിരുന്നു. പിന്നീട് വിശദീകരണവുമായി തരൂർ രംഗത്തെത്തിയെങ്കിലും കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളൊന്നും തൃപ്തരായില്ല.

എന്നാൽ ദേശീയ നേതാക്കളിൽ പലരും തരൂരിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. രാജീവ് ശുക്ല അടക്കമുള്ളവർ തരൂർ ചെയ്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ചിരുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കെപിസിസി. വിവാദത്തിൽ നടപടിയെടുക്കുമെന്ന് പ്രതികരിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒടുവിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി തടിയൂരാനുള്ള ശ്രമത്തിലാണിപ്പോൾ.