ന്യൂഡൽഹി: സ്വച്ഛ് ഭാരത് പരിപാടിയിൽ ഭാഗഭാക്കാകാൻ ശശി തരൂരിനെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക വിട്ടൊഴിയുന്നില്ല. ബിജെപിയിലേക്കുള്ള തരൂരിന്റെ ചായ്‌വാണോ ഇക്കാര്യത്തിലെന്നതിൽ ഉള്ളിൽ ഭയമുണ്ടെങ്കിലും ഇതൊന്നും പ്രകടിപ്പിക്കാതെയാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്.

സ്വച്ഛ ഭാരത് പ്രചാരണത്തിന് ബ്രാൻഡ് അംബാസഡറാകാൻ എംപിയായ ശശി തരൂരിനെ പ്രധാനമന്ത്രി ക്ഷണിച്ചത് കോൺഗ്രസിൽ ഇതിനകം തന്നെ നിരവധി ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. തരൂർ ഉൾപ്പെടെ ഒമ്പത് പേരെയാണ് സ്വച്ഛ ഭാരത് പ്രചാരണപരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരാകാൻ മോദി ക്ഷണിച്ചത്.

കോൺഗ്രസ് ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ പല പാർട്ടിനേതാക്കളും തരൂർ ക്ഷണം സ്വീകരിച്ചതിൽ തൃപ്തരല്ല. സംശയത്തോടെയാണ് ഇവർ ഇത് കാണുന്നത്. എന്തുകൊണ്ട് തരൂരിനെമാത്രം മോദി തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ക്ഷണം നിരസിക്കാൻ തരൂരിനോട് നിർദേശിക്കാനും കോൺഗ്രസ് നേതൃത്വത്തിനാകില്ല. അങ്ങനെയെങ്കിൽ ശുചീകരണ യജ്ഞംപോലൊരു പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണം ഉണ്ടാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.

എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ശശി തരൂർ ഏറ്റെടുത്തിരുന്നു. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നാണ് തരൂർ ട്വിറ്ററിൽ പറഞ്ഞത്. നേരത്തെ, ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിക്കാനുള്ള മോദിയുടെ തീരുമാനത്തെ ശശി തരൂർ അഭിനന്ദിച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിനന്ദിച്ചും തരൂർ രംഗത്തെത്തിയിരുന്നു. മോദിയെ പ്രശംസിച്ച് തരൂർ എഴുതിയ ലേഖനത്തെ മണിശങ്കർ അയ്യർ ഉൾപ്പടെയുള്ള ചില കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീട് ലേഖനം സംബന്ധിച്ച് തരൂർ വിശദീകരണം നൽകി.

തരൂരിനെ മോദി ക്ഷണിച്ചതിൽ അത്ഭുതകരമായി ഒന്നുമില്ലെന്നാണ് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞത്. ശുചിത്വഭാരത പ്രചാരണംപോലുള്ള പദ്ധതികൾക്ക് എല്ലാവരേയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും ശുക്ല പറഞ്ഞു. പ്രിയങ്കാ ചോപ്ര, സച്ചിൻ ടെൻഡുൽക്കർ, സിനിമാ താരങ്ങളായ സൽമാൻഖാൻ, കമലഹാസൻ, റിലയൻസ് മേധാവി അനിൽ അംബാനി, യോഗ ഗുരു ബാബാ രാംദേവ്, ഗോവ ഗവർണർ മൃദുല സിൻഹ, ഹിന്ദി സീരിയലായ താരക് മേഹ്താ കാ ഉൾട്ടാ ചഷ്മയുടെ അണിയറ പ്രവർത്തകർ എന്നിവരെയാണ് മോദി ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.