ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയയുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ശശികലയെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് രണ്ടുദിവസം തികയുംമുന്നെ, ജലയളിതയുടെ ശവകുടീരത്തിൽവച്ച് പനീർശെൽവത്തിനുണ്ടായ വെളിപാടാണ് തമിഴ്‌നാടിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. തന്നെ പിന്തുണയ്ക്കുന്ന എംഎ‍ൽഎ മാരുമായി കൂവത്തൂരിലെ റിസോർട്ടിലേക്ക് പോയ ശശികലയ്ക്ക് ഇതേവരെ മുഖ്യമന്ത്രിക്കസേര സ്വന്തമായിട്ടില്ല.

തമിഴ്‌നാട് രാഷ്ട്രീയം അനിശ്ചിതാവസ്ഥയിൽ തുടരുമ്പോൾ അതിൽ ആഹ്ലാദിക്കുന്ന ഒരു കൂട്ടരുണ്ട്. അത് കൂവത്തൂരിലെ റിസോർട്ടുടമകളാണ്. ഒരാഴ്ചയ്ക്കിടെ റിസോർട്ടിലെ ബിൽ ഒരു കോടിയിലേറെരൂപയായി. കൂവത്തൂരിലെ ഗോൾഡൻ ബീച്ച് ബേ റിസോർട്ടിൽ മൂന്നുതരത്തിലുള്ള 60 മുറികളാണുള്ളത്. 5500 രൂപ നിരക്കിലുള്ള ട്രാൻക്വിൽ മുറികൾ. 6,600 രൂപ നിരക്കുള്ള ബേ വ്യൂ മുറികൾ, 9,900 രൂപയുള്ള പാരഡൈസ് സ്യൂട്ടുകൾ.

മൂന്ന് തരത്തിലുള്ള മുറികളുംകൂടി 7000 രൂപ നിരക്കിൽ ഒറ്റയടിക്കാണ് ശശികല ബുക്ക് ചെയ്തിരിക്കുന്നത്. റിസോർട്ടിലെ മുറിവാടക മാത്രം ഇതിനകം 25 ലക്ഷം മറികടന്നു. ഭക്ഷണം, വെള്ളം, മദ്യം തുടങ്ങിയവ പുറമെ. എംഎ‍ൽഎമാരുടെ ആവേശം ചോരാതിരിക്കാൻ എല്ലാ ദിവസവും രാത്രി വമ്പൻ വിനോദ പരിപാടികളുമുണ്ട്. ഇരുനൂറോളം പേരാണ് റിസോർട്ടിൽ താമസിക്കുന്നത്. എംഎ‍ൽഎ മാർക്ക് പുറമെ പാർട്ടി നേതാക്കളുമുണ്ട്. ഇവർ ഓരോരുത്തർക്കും 2000 രൂപ പ്രതിദിനം ചെലവായാൽപ്പോലും തുക 25 ലക്ഷം കടക്കും.

ബുധനാഴ്ച രാത്രി ചേർന്ന എ.ഐ.എ.ഡി.എം.കെ യോഗത്തിനുശേഷമാണ് എംഎ‍ൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്. ഇവരാരും ദീർഘനാളതത്തെ താമസത്തിനുവേണ്ട വസ്ത്രങ്ങളൊന്നും കൂടെക്കരുതിയിരുന്നില്ല. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ ശശികല നൽകിയതായാണ് റിപ്പോർട്ട്.. ദിവസം ഒരാൾക്ക് ആയിരം രൂപ വീതം വസ്ത്രത്തിനും മുടക്കുന്നു. ആ ചെലവിപ്പോൾ 12 ലക്ഷം കടന്നു. ഏതായാലും ശശികല മുഖ്യമന്ത്രിയാവുകയാണെങ്കിൽ, വലിയൊരു തുക റിസോർട്ടിൽ ചെലവിടേണ്ടിവരുമെന്നുതന്നെയാണ് കൂവത്തൂരിൽനിന്നുള്ള റിപ്പോർട്ടുകൾ.