ന്യൂഡൽഹി: തമിഴ്‌നാടിന്റെ രാഷ്ട്രീയ അനിശ്ചിതത്വം മാറ്റാനുള്ള സുപ്രീംകോടതി വിധി ഇന്നെത്തും. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമാണ് ഈ വിധി. ശശികലയ്ക്ക് പ്രതികൂലമാണ് വിധിയെങ്കിൽ അവരുടെ രാഷ്ട്രീയഭാവിയെയും മുഖ്യമന്ത്രി സ്ഥാനമുൾപ്പെടെയുള്ള എല്ലാ അവകാശവാദങ്ങളെയും ബാധിക്കും. മറിച്ചായാൽ ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണ്ണർ വിദ്യാസാഗർ റാവുവിന് ക്ഷണിക്കേണ്ടിയും വരും.

സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ അന്തരിച്ച തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാംപ്രതി. ജയലളിതയുടെ വളർത്തുമകൻ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ വെറുതെവിട്ട കർണാടക ഹൈക്കോടതിവിധിക്കെതിരെ നൽകിയ അപ്പീൽ കഴിഞ്ഞ ജൂൺ ഏഴിനാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. 1991-'96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമാഹരിച്ച കേസിൽ നാലുപ്രതികൾക്കും വിചാരണക്കോടതി നാലുവർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറു കോടി രൂപയും ശശികല ഉൾപ്പെടെ മറ്റുള്ളവർക്ക് പത്ത് കോടി രൂപ വീതവും പിഴയും വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കർണാടക ഹൈക്കോടതി നാലുപേരെയും വെറുതെവിട്ടത്. തുടർന്നാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലെത്തിയത്. ജഡ്ജിമാരായ പി.സി. ഘോഷ്, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക.

ജയലളിതയുടെ മരണത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറിയായ ശശികല മുഖ്യമന്ത്രിയാകാൻ കരുനീക്കം തുടങ്ങിയപ്പോഴാണ് വിധി എത്തുന്നത്. കാവൽ മുഖ്യമന്ത്രി പനീർശെൽവവുമായുള്ള ഗ്രൂപ്പ് യുദ്ധത്തിൽ പ്രതിസന്ധിയിലായ ശശികലയ്ക്ക് ഈ വിധി അതിനിർണ്ണായകമാണ്. തടവ് ശിക്ഷ ശരിവച്ചാൽ ശശികലയുടെ രാഷ്ട്രീയ മോഹവും തീരും. അതേസമയം, കേസിലെ വിധിയും രാഷ്ട്രീയ പ്രതിസന്ധിയും തമ്മിൽ ബന്ധമില്ലെന്ന് ശശികല പറഞ്ഞു. മാദ്ധ്യമങ്ങൾക്കെതിരെ ഉണ്ടായ അക്രമങ്ങളെപ്പറ്റി അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, തമിഴ്‌നാട് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിന് നിയമോപദേശം ലഭിച്ചു. അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയാണ് നിയമോപദേശം നൽകിയത്.

അതിനിടെ ഒരു എംപിയും എംഎൽഎയും കൂടെ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിനു പിന്തുണയറിയിച്ചു. മധുര സൗത്ത് എംഎൽഎ ശരവണനും മധുര എംപി ഗോപാലകൃഷ്ണനുമാണ് പനീർസെൽവത്തിന്റെ വീട്ടിലെത്തിയത്. ഇതോടെ, പനീർസെൽവത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം എട്ടായി. അണ്ണാ ഡിഎംകെയുടെ 50 എംപിമാരിൽ 13 പേരിപ്പോൾ പനീർസെവൽവത്തിനൊപ്പമാണ്. പാർട്ടിയുടെ 37 ലോക്‌സഭാ എംപിമാരിൽ നാലിലൊന്നും മറുപക്ഷത്തായതു ശശികല ക്യാംപിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശശികല ഗവർണറെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും പാർട്ടി വക്താവ് സി.പൊന്നയ്യനും കഴിഞ്ഞ ദിവസം പനീർസെൽവത്തിനു പിന്തുണയറിച്ചിരുന്നു. വിശ്വസ്തരായ ഇവരുടെ കൊഴിഞ്ഞു പോകലിൽ ഭയന്ന ശശികല എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു.

129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികല പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാൻ അവർ തയാറായിട്ടില്ല. തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതിൽ പനീർശെൽവമുൾപ്പെടെ 9 പേരാണു വിമത വിഭാഗത്തിലുള്ളത്. സ്പീക്കർ ഉൾപ്പെടെ 128 പേർ ശശികല പക്ഷത്തും. സ്പീക്കറെ ഉൾപ്പെടുത്താത്തതിനാൽ ശശികല പക്ഷം ഇപ്പോൾ 127 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ അടുത്ത നാല വർഷത്തിലധികവും ശശികലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള അവസരമാകും ഒരുങ്ങുക. ഇതിനൊപ്പം ആറു മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയും വേണം.

ശശികല ഇന്നലെ രാത്രി തങ്ങിയതു കൂവത്തൂരിലെ റിസോർട്ടിൽ പാർട്ടി എംഎൽഎമാർക്കൊപ്പം. എംഎൽഎമാരെ തടഞ്ഞു വച്ചിരിക്കുകയാണെന്ന ആരോപണം പനീർശെൽവം പക്ഷം ഉന്നയിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കം. സമീപത്തെ ഗ്രാമവാസികളുടെ വീടുകളിലും അവർ സന്ദർശനം നടത്തി. റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വാഹനം നിർത്തി റോഡരികിൽ കണ്ട വിദ്യാർത്ഥികളോടു കുശലം പറയുകയും ചെയ്തു. ശശികല പക്ഷത്തിനു പൂർണ വിശ്വാസമുള്ള എംഎൽഎമാർ റിസോർട്ടിൽ സർവ സ്വതന്ത്രരാണെന്നാണു വിവരം. ഇവരിൽ ചിലർ പുറത്തു പോയി കുടുംബാംഗങ്ങളെ കണ്ടു. ബന്ധുക്കളോടു റിസോർട്ടിനു സമീപത്തുള്ള സ്ഥലത്തു വരാൻ നിർദ്ദേശിക്കുകയായിരുന്നു. ചില എംഎൽഎമാർ റിസോർട്ടിലേക്കു കുടുംബാംഗങ്ങളെ കൂട്ടി.

അതിനിടെ ആഗ്രഹമുണ്ടായിരുന്നെങ്കിൽ ജയലളിത അന്തരിച്ച ദിവസംതന്നെ തനിക്കു തമിഴ്‌നാട് മുഖ്യമന്ത്രിയാവാമായിരുന്നുവെന്ന് ശശികല പറയുന്നു. പാർട്ടിയെ തകർക്കാൻ ഒട്ടേറെപ്പേർ ശ്രമിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണു ജയലളിത മരിച്ചതിനു പിന്നാലെ പനീർശെൽവം ഉൾപ്പെടെ അഞ്ച് മന്ത്രിമാരെ വിളിച്ച്, ആ രാത്രി തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കണമെന്ന് ആവശ്യപ്പെട്ടത്. പനീർശെൽവം മുഖ്യമന്ത്രിയാകണമെന്നും ജയമന്ത്രിസഭയിലെ എല്ലാവരും അതേ വകുപ്പിന്റെ ചുമതലക്കാരാകണമെന്നും നിർദ്ദേശിച്ചു. പനീർസെൽവം സാധാരണക്കാരനായിരുന്നു. 'അമ്മ'യാണ് ഇന്നത്തെ നിലയിലെത്തിച്ചത്. ഇപ്പോൾ അണ്ണാ ഡിഎംകെയെ പിളർത്താൻ ശ്രമിച്ചതിലൂടെ വിശ്വസ്തനല്ലെന്നു തെളിയിച്ചു.

ആയിരം പനീർശെൽവം വന്നാലും പാർട്ടിയെ തകർക്കാനാവില്ല. മുടിചീകുന്ന ചീപ്പ് ഒളിപ്പിച്ചുവച്ചാൽ കല്യാണം മുടക്കാൻ കഴിയുമോ? മന്ത്രിസഭ രൂപീകരിക്കാൻ തന്നെ ക്ഷണിക്കുന്നതു വൈകിപ്പിക്കുന്നതിനെ പരാമർശിച്ച് ശശികല ആഞ്ഞടിച്ചു. സർക്കാർ രൂപീകരിക്കുമെന്ന് 129 എംഎൽഎമാർ പ്രതിജ്ഞ എടുത്തിട്ടുണ്ട്. രണ്ടുതവണ നമ്മൾ തുടർച്ചയായി അധികാരത്തിലെത്തി. മൂന്നാമതും ഭരണം പിടിക്കും. എത്ര ആണുങ്ങൾ എതിർപക്ഷത്തുണ്ടെങ്കിലും പ്രശ്‌നമില്ല അവർ പറഞ്ഞു.

ജയലളിതയോടൊപ്പം ജീവിച്ച 33 വർഷത്തിനിടയിൽ ഒട്ടേറെ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അതിനെയെല്ലാം തരണം ചെയ്തു. ഒന്നിനെയും ഭയപ്പെട്ടിട്ടില്ല. ഭയമുണ്ടെങ്കിൽ രണ്ടു പെണ്ണുങ്ങൾക്കു കാര്യങ്ങൾ ചെയ്യാൻ കഴിയുമോ? ശശികല ചോദിച്ചു.