- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴടങ്ങാൻ സാവകാശം തേടിയുള്ള ശശികലയുടെ അഭിഭാഷകന്റെ ശ്രമം സുപ്രീംകോടതി അനുവദിച്ചില്ല; ഇന്നലത്തെ വിധിയിൽ നിന്നും അൽപ്പം പോലും മാറാനാവില്ലെന്ന് തീർത്ത് പറഞ്ഞ് സുപ്രീംകോടതി; ഇന്ന് കീഴടങ്ങി ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിക്കുക മാത്രം ഇനി വഴി; തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാനും ശ്രമം; മുഖ്യമന്ത്രിയാവാൻ ഇറങ്ങിയ ചിന്നമ്മയ്ക്ക് ഇന്ന് മുതൽ തടവിൽ കഴിയണം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് കോടതിയിൽ കീഴടങ്ങും. ഇന്ന് ബംഗളൂരുവിലെത്തി വിചാരണക്കോടതി മുമ്പാകെ ശശികല കീഴടങ്ങും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇത്. കീഴടങ്ങാൻ സാവകാശം ചോദിച്ച് ശശികല സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവർഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവർക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകൻ. എന്നാൽ ഇന്നലത്തെ വിധിയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഉടൻ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അറിയില്ലേ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് കോടതിയിൽ കീഴടങ്ങും. ഇന്ന് ബംഗളൂരുവിലെത്തി വിചാരണക്കോടതി മുമ്പാകെ ശശികല കീഴടങ്ങും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇത്. കീഴടങ്ങാൻ സാവകാശം ചോദിച്ച് ശശികല സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവർഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവർക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകൻ. എന്നാൽ ഇന്നലത്തെ വിധിയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഉടൻ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അറിയില്ലേയെന്ന് സുപ്രീംകോടതി അഭിഷാകനോട് ചോദിച്ചു. ഇന്ന് അഞ്ച് മണിക്ക് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഇതോടെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കിയ ശശികലയുടെ ജയിൽവാസം ആസന്നമാകുന്നത്.
കൂട്ടുപ്രതികളായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരും ഉടൻ കീഴടങ്ങണമെന്നു കോടതി വ്യക്തമാക്കി. കോടതി വിധി പ്രതികൂലമായതോടെ ഇന്നു തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്കുള്ളിൽ കീഴടങ്ങാമെന്നാണു കോടതിയിൽ അറിയിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയാണെന്നു സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ നാലുവർഷം തടവും പത്തുകോടി പിഴയും ശിക്ഷയെന്ന ഉത്തരവും കോടതി ശരിവച്ചിരുന്നു. കോടതി വിധി വന്നതിനുശേഷം കൂവത്തൂരിലെ റിസോർട്ടിൽനിന്നു ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാർഡനിൽ തിരിച്ചെത്തി. ഇവിടെനിന്നു വിമാനമാർഗമാകും ശശികല ബംഗളൂരുവിലെത്തുക.
അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാർപ്പിക്കാനുള്ള ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിൽ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, സിറ്റി ആംഡ് റിസർവ് എന്നിവയ്ക്കുപുറമേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാൻ തമിഴ്‌നാട്ടിൽനിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂർ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ൽ ജയലളിത ഇവിടെ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ചപ്പോൾ തമിഴ്‌നാട്ടിൽനിന്നു ദിവസേന ആയിരക്കണക്കിനു പാർട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽപരിസരത്തു തമ്പടിച്ചത്. ജയലളിതയെയും ശശികലയെയും ഇളവരശിയെയും അന്ന് അടുത്തടുത്ത സെല്ലുകളിലാണു പാർപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്നതിനാൽ ജയലളിതയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ജയിലിൽ അനുവദിച്ചിരുന്നു. എന്നാൽ ഒരു വിഐപി പരിഗണനയും ശശികലയ്ക്ക് ലഭിച്ചതുമില്ല. ഈ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. സാധാ തടവുകാരിയായി ശശികലയ്ക്ക് കഴിയേണ്ടി വരും.
ഈ സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാനാണ് ശശികലയുടെ ശ്രമം. ജയിൽ അധികൃതരോട് ആരോഗ്യ കാരണങ്ങൾ നിരത്തും. അതിന് ശേഷം തടവ് ശിക്ഷ ജയിലിൽ അനുഭവിക്കാനുള്ള സാഹചര്യവും തേടും. അതിനിടെ ജയിൽ വാസം തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള കരുനീക്കവും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന് കോടതിയുടെ അനുമതി അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ കോടതി ശശികലയ്ക്ക് എതിരായി മാത്രമേ നിലപാട് എടുക്കൂവെന്നും സൂചനയുണ്ട്. ഇതോടെ തമിഴ്‌നാട്ടിൽ തങ്ങി ഭരണത്തെ നിയന്ത്രിക്കാനുള്ള സാഹചര്യവും ശശികലയ്ക്ക് ഇല്ലാതാവുകയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയാകാൻ ശ്രമിച്ച ശശികലയുടെ ജയിൽവാസം ഉറപ്പായിട്ടും വലിയൊരു പ്രതിഷേധം തമിഴ്‌നാട്ടിൽ ഉണ്ടാകുന്നില്ല. അതിനിടെ ശശികല പിന്മാറുന്നതോടെ കൂടുതൽ കരുത്തനാകാനുള്ള സാധ്യത പനീർശെൽവവും തേടുന്നുണ്ട്.
അതിനിടെ ജയിലിലേക്കു പോകും മുൻപ്, അണ്ണാ ഡിഎംകെയിലെ മന്നാർഗുഡി സംഘത്തെ ശക്തിപ്പെടുത്താൻ ശശികലയുടെ ശ്രമവും ഉണ്ടായി. ഇതിന്റെ ഭാഗമായി ജയലളിത പണ്ടു പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ അവർ തിരിച്ചെടുത്തു. ടി.ടി.വി. ദിനകരനേയും ഡോ. വെങ്കിടേഷനെയുമാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. മാത്രമല്ല, ദിനകരനെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു. ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരൻ. മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തേനി കേന്ദ്രീകരിച്ച് തെക്കൻ തമിഴ്‌നാട് ഭരിക്കുന്നതും ഇവരാണ്. ശശികലയുടെ ഭർത്താവ് നടരാജൻ ഉൾപ്പെടെ ജയലളിതയുടെ അനിഷ്ടത്തിന് പാത്രമായി പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടവരെല്ലാം അവരുടെ മരണത്തിനുശേഷം തിരികെയെത്തി പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദിനകരന്റെ തിരിച്ചുവരവ്.
ഈ സാഹചര്യവും പനീർശെൽവം ക്യാമ്പിന് പ്രതീക്ഷായാണ്. എഐഎഡിഎംകെയെ കൈയിലൊതുക്കാൻ മന്നാർഗുഡി മാഫിയ ശ്രമിക്കുന്നുവെന്ന വാദം ശക്തമാക്കാനാകും. ഇത് എംഎൽഎമാരിലും പ്രതിഫലിച്ചാൽ പനീർശെൽവത്തിന് കാര്യങ്ങൾ അനുകൂലമാകും. നിലവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികല പക്ഷത്തിന്റെ തീരുമാനം. എന്നാൽ നിയമസഭയിൽ വിശ്വാസം തെളിയിക്കാമെന്ന് പനീർശെൽവവും പറയുന്നു. എങ്ങനേയും തമിഴ്‌നാട്ടിൽ തങ്ങി പനീർശെൽവത്തെ തളർത്താനായിരുന്നു ശശികലയുടെ ശ്രമം. ഇതാണ് ജയിൽവാസം ഉറപ്പിക്കുന്ന സുപ്രീംകോടതി വിധിയോടെ അപ്രസക്തമാകുന്നത്.
നാല് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാൽ അടുത്ത 10 വർഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാൽ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു. അതേസമയം സർക്കാരുണ്ടാക്കാൻ ശശികല പക്ഷവും പനീർശെൽവവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം ഗവർണർ വിദ്യാസാഗർ റാവു വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഭ വിളിച്ചുകൂട്ട് ഭൂരിപക്ഷം തെളിയിക്കാൻ ഇരുവരോടും ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും നോക്കുന്നത്.

