- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ് രാഷ്ട്രീയത്തിന്റെ ഗതി ഇനി ചിന്നമ്മ നിയന്ത്രിക്കും; ജയലളിതാ സ്മാരകത്തിൽ പൂക്കളർപ്പിച്ച് ശശികലയുടെ സിനിമാസ്റ്റൈൽ ഇൻട്രോ; ചിന്നമ്മയുടെ നീക്കങ്ങൾ നിരീക്ഷിച്ച് തമിഴകം
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎകെയുടെ സുവർണ ജൂബിലി ആഘോഷം ഇന്നു തുടങ്ങാനിരിക്കെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയുടെ സിനിമാസ്റ്റൈൽ ഇൻട്രോ. പാർട്ടി പിടിക്കാനുള്ള നീക്കം ശക്തമാക്കുമെന്നു സൂചിപ്പിച്ച് വികെ ശശികല മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്തി. അമ്മ ജയയും പാർട്ടി സ്ഥാപകൻ എംജിആറും അണ്ണാ ഡിഎംകെയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും നടത്തി.
പിണങ്ങിപ്പുറത്തായെങ്കിലും പാർട്ടിക്കൊടിവച്ച കാറിലെത്തിയ 'ചിന്നമ്മ'യെ ജനറൽ സെക്രട്ടറിയെന്നു വിളിച്ചാണു നൂറുകണക്കിന് അനുയായികൾ വരവേറ്റത്. ജയയുടെ സന്തതസഹചാരിയായിരുന്ന അവർ സ്മാരകത്തിൽ പൂക്കളർപ്പിക്കവേ വിതുമ്പി.
അതേസമയം, സ്മാരകത്തിലെ അഭിനയത്തിന് ഓസ്കർ നൽകാമെന്നല്ലാതെ പാർട്ടിയിൽ കയറ്റില്ലെന്ന് അണ്ണാ ഡിഎംകെ മുൻ മന്ത്രി ഡി. ജയകുമാർ പരിഹസിച്ചു. എന്നാൽ, പാർട്ടി അധ്യക്ഷ സ്ഥാനത്തുള്ള ഒ.പനീർസെൽവവും എടപ്പാടി പളനിസ്വാമിയും പ്രതികരിക്കാത്തതു ശ്രദ്ധേയമായി.
വഞ്ചിച്ചവരോടു പ്രതികാരം ചെയ്യുമെന്ന ശപഥവുമായി ശശികല ഇതിനു മുൻപു സ്മാരകത്തിലെത്തിയത് സ്വത്തുകേസിൽ 4 വർഷത്തെ ജയിൽവാസത്തിനു 2017ൽ പുറപ്പെടുമ്പോഴാണ്. ഈ ജനുവരിയിലായിരുന്നു ജയിൽ മോചനം. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നു മാർച്ചിൽ പറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപും പാർട്ടിയുടെ തോൽവിക്കു ശേഷവും അണ്ണാഡിഎംകെയെ രക്ഷിക്കുമെന്ന ശബ്ദസന്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
അതിനിടെ, സ്വത്തുകേസിൽ ശശികലയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ടു ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ആയിരുന്ന സഹോദരീപുത്രൻ വി.എൻ. സുധാകരൻ ഇന്നലെ മോചിതനായി
മറുനാടന് മലയാളി ബ്യൂറോ