ചെന്നൈ: പ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചിന്നമ്മയെന്ന് അറിയപ്പെടുന്ന ശശികലയുടെ ചിത്രങ്ങൾ പാർട്ടി ഓഫീസിൽനിന്നും ബാനറുകളിൽനിന്നും ഒഴിവാക്കി അണ്ണാ ഡി.എം.കെ.ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലെ ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളുമാണ് പ്രവർത്തകർ മാറ്റിയത്.

മുഖ്യമന്ത്രി പളനിസ്വാമി പക്ഷവും, പനീർശെൽവവും ഒന്നിക്കാനുള്ള തീരുമാനമുണ്ടായതോടെയാണ് നിലവിലെ ജനറൽ സെക്രട്ടറിയായ ശശികലയെ നോട്ടീസുകളിൽ നിന്ന് പോലും പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്. പുതിയ നീക്കം തങ്ങൾക്ക് ഏറെ പ്രചോദനമാകുന്നുവെന്നും പ്രവർത്തകർ സന്തോഷത്തിലാണെന്നും ബാനർ നീക്കത്തെ പിന്തുണച്ച് കൊണ്ട് പനീർശെൽവം പക്ഷത്തെ മാധ്യമ ഉപദേഷ്ടാവ് കെ.സ്വാമിനാഥൻ പറഞ്ഞു.

ബാനർ നീക്കത്തോടെ പാർട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് പനീർശെൽവം വിഭാഗം ചെയർമാൻ ഇ.മധുസൂദനനും മാധ്യമങ്ങളട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗത്തിന് കൈക്കൂലി കൊടുക്കുന്നതിനിടെ പിടിയിലായ ശശികലയുടെ മരുമകൻ ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇരുവരെയും പാർട്ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്ന തരത്തിലുള്ള നീക്കങ്ങളുമായി പാർട്ടി മുന്നോട്ടുപോകുന്നത്.