ചെന്നൈ: ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധം എന്താണ്? ജയലളിത മരിച്ചതോടെ നിഴലായിരുന്ന തോഴി നായികയായി. തമിഴ് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു. പിന്നെ ജയിൽവാസവും. ആർക്കും ജയലളിതയും ശശികലയും തമ്മിലെ ബന്ധമെന്താണെന്ന് ഇനിയും അറിയില്ല. എന്നാൽ എല്ലാം തനിക്കറിയാമെന്ന് വ്യക്തമാക്കി സിനിമയൊരുക്കാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ.

ശശികല എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ജയലളിത ശശികല ബന്ധവും ശശികലയുടെ പിന്തുണയിൽ പച്ചപിടിച്ച മണ്ണാർഗുഡി മാഫിയയുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ജയലളിത ശശികല ബന്ധത്തെക്കുറിച്ച് പോയ്സ് ഗാർഡനിലെ ജോലിക്കാർ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങൾ അടുത്ത സിനിമയിലൂടെ വ്യക്തമാക്കുമെന്നും ആർജിവി ട്വിറ്ററിൽ കുറിച്ചു.

ശശികല തിരഞ്ഞെടുത്ത മണ്ണാർഗുഡി മാഫിയയിലെ എംഎ‍ൽഎമാരാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയെ പിന്തുണയ്ക്കുന്നതെന്നും രാം ഗോപാൽ വർമ ട്വീറ്റിൽ ആരോപിച്ചിട്ടുണ്ട്. ആന്ധ്രയിൽ വലിയ കോളിളക്കമുണ്ടാക്കിയ വംഗവീതി എന്ന ചിത്രം റിലീസ് ചെയ്ത ഉടനെയാണ് തമിഴകത്തും വലിയ ചലനങ്ങൾ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

ആന്ധ്ര രാഷ്ട്രീയം അടക്കിവാണ വംഗീവീതി  മോഹരംഗയുടെയും വംഗവീതി രാധാകൃഷ്ണയുടെയും കഥ പറഞ്ഞ സിനിമയ്ക്കെതിരെ വലിയ ഭീഷണികളാണ് നിലനിൽക്കുന്നത്. ചരിത്രം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് വംഗവീതി കുടുംബം വർമയ്ക്കെതിരെ ഭീഷണി മുഴക്കുകയും നിയമനടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു.