ന്യൂഡൽഹി: തമിഴ്‌നാടിന്റെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന സുപ്രധാന കേസിൽ സുപ്രീംകോടതി വിധി നാളെ ഉണ്ടായേക്കും. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി സുപ്രീംകോടതി നാളെ രാവിലെ 10.30ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ വെമ്പി നിൽക്കുന്ന ശശികലയുടെ ഭാവി നിശ്ചയിക്കുന്നത് ഈ വിധി ആയിരിക്കും.  വിധി പ്രതികൂലമായാൽ അക്കാര്യം ചൂണ്ടിക്കാട്ടി ശശികലയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അനുവാദം നിഷേധിക്കാൻ ഗവർണർക്കാകും. ഇതിനിടെ വിധിവരാൻ കാത്തു നിൽക്കേണ്ടെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ശശികലയ്ക്കും പനീർശെൽവത്തിനും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നും അറ്റോർണി ജനറൽ ഗവർണർക്കു നിയമോപദേശവും നല്കിയിട്ടുണ്ട്.

രാജിവച്ച് കാവൽമുഖ്യമന്ത്രിയായി തുടരുന്ന ഒ. പനീർശെൽവത്തിന് അനുകൂലമായിട്ടാണ് ഗവർണർ സി. വിദ്യാസാഗർ റാവുവിന്റെ നീക്കങ്ങൾ. നേരത്തേ ശശികല തനിക്കു ഭൂരിപക്ഷം തെളിയിക്കാനുള്ള പിന്തുണയുണ്ടെന്ന് അറിയിച്ചെങ്കിലും ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് പനീർശെൽവത്തെ സഹായിക്കാനാണ്. തീരുമാനം നീളുന്തോറും ശശിലകയെ വിട്ട് കൂടുതൽ പേർ പനീർശെൽവം കാമ്പിലെത്തുമെന്ന ഗവർണറുടെ കണക്കുകൂട്ടലുകൾ ശരിയാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കണ്ടുവരുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ ഗവർണറെ മുന്നിൽ നിർത്തിയുള്ള ബിജെപിയുടെയും ഡിഎംകെയുടെയും കളികളാണെന്നാണ് ശശികല പക്ഷം ആരോപിക്കുന്നത്.

ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ തിങ്കളാഴ്ച വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഈ കേസ് ഉൾപ്പെടുത്തിയിരുന്നില്ല. നാളെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത, ശശികല, ഇളവരശി, വളർത്തുമകൻ സുധാകരൻ എന്നിവരെ കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് കാണിച്ച് കർണാടക സർക്കാരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ ജൂണിൽ വാദം പൂർത്തിയായ കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതൽ 96 വരെയുള്ള കാലയളവിൽ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസിൽ ജയലളിതയെയും കൂട്ടുപ്രതികളെയും വിചാരണകോടതി നാല് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്റ്റംബർ 27നായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേതുടർന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികൾക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്താണ് കർണാടക സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

പനീർശെൽവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഗവർണർക്ക് സുപ്രീംകോടതി വിധി പ്രതികൂലമാകുകയാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ശശികലയുടെ സത്യപ്രതിജ്ഞ തടയാനാകും. വധി പ്രതികൂലമായാൽ ശശികലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. ഇങ്ങനെ ഒരു സാഹചര്യമുണ്ടായൽ തന്റെ വിശ്വസ്തരെ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കി പിന്നിൽനിന്ന് ഭരണം നിയന്ത്രിക്കാനുള്ള തന്ത്രമാകും ശശികല നടപ്പാക്കുക.

ശശികലയുടെ വിശ്വസ്തരായ എടപ്പാളി പളനി സ്വാമിയോ കെ.എ. സെങ്കോട്ടയ്യനോ ആയിരിക്കും നറുക്കു വീഴുകയെന്നും സൂചനയുണ്ട്. സെങ്കോട്ടയ്യൻ പാർട്ടിയുടെ പ്രിസീഡിയം ചെയർമാനാണ്. ഇരുവരും ശശികലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാൽ ഗവർണർക്ക് എതിർക്കാൻ സാധിക്കില്ല. ശശികല പിൻസീറ്റിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യും. എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ ശശികല എത്തിയിട്ടുണ്ട്. ഇന്ന് അവിടെതന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ. നാളെ എംഎൽഎമാരുമായി സെക്രട്ടേറിയറ്റിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

ഇതിനിടെ, തമിഴ്‌നാടിന്റെ ഭാവി നിശ്ചയിക്കുന്ന തീരുമാനത്തിനായി സുപ്രീംകോടതി വിധി വരെ കാക്കേണ്ടെന്ന് അറ്റോർണി ജനറൽ മുഗുൾ റോഹ്ത്തഗി ഗവർണർ വിദ്യാസാഗർ റാവുവിന് നിയമോപദേശം നല്കി. ഒരാഴ്ചയ്ക്കകം നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് ശശികലയ്ക്കും പനീർശെൽവത്തിനും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നാണ് അറ്റോർണി ജനറൽ ഉപദേശം നല്കിയിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ഗവർണറുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.