ചെന്നൈ: മുഖ്യമന്ത്രിയാകാൻ ശശികല കരുക്കൾ നീക്കിയപ്പോൾ ലക്ഷ്യം അതിവേഗം നേടുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മന്നാർഗുഡി മാഫിയയുടെ തലൈവി എന്നറിയപ്പെടുന്ന ശശികലയുടെ മോഹത്തെ തടയാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. ഗവർണ്ണർ വിദ്യാസാഗർ റാവുവിനെ ഇറക്കി അവർ കളിക്കാൻ തീരുമാനിച്ചു. കേന്ദ്രം പറയുന്നതു പോലെ ഗവർണ്ണർ പ്രതികരിച്ചു. ഡിസംബർ 9ന് ശശികല സത്യപ്രതിജ്ഞയ്ക്ക് തീരുമാനം എടുത്തു. വേദിയും നിശ്ചയിച്ചു. എന്നാൽ തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവർണ്ണർ ചെന്നൈയിൽ എത്തിയില്ല. ഇതിനിടെയിൽ അപ്രതീക്ഷിതമായി പനീർശെൽവം ചില വെളിപ്പെടുത്തൽ നടത്തി. ശശികലയെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്ന് പനീർശെൽവം ജയലളിതയുടെ പേരിൽ ശപഥം ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു പോയി.

ഇതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പനീർശെൽവം മുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. രാജി സ്വീകരിച്ച് ഗവർണ്ണർ കത്തും നൽകി. കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു പനീർശെൽവം. ഇതിനിടെയാണ് നാടകീയ സംഭവ വികാസങ്ങൾ. അതുകൊണ്ട് തന്നെ ഉടൻ സത്യപ്രതിജ്ഞയ്ക്ക് ശശികല ആകുന്നതും ശ്രമിച്ചു. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ചു. അപ്പോഴും ഗവർണ്ണർ മാത്രം കാഴ്‌ച്ചക്കാരനായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ശശികലയെ ക്ഷണിച്ചില്ല. പനീർശെൽവത്തെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചു. കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്ത് എത്തിയതോടെ പ്രതിസന്ധിക്ക് പുതിയ മാനം നൽകി. ഗവർണ്ണറുടെ രാഷ്ട്രീയമാണ് ഇതിന് കോൺഗ്രസ് ഉയർത്തിക്കാട്ടിയത്. എന്നാൽ അനധികൃത സ്വത്ത് കേസിലെ വിധി ശശികലയ്ക്ക് എതിരായാലുണ്ടാകുന്ന സാഹചര്യമാണ് കേന്ദ്രവും ഗവർണ്ണറും പ്രതിരോധത്തിന് ഉയർത്തിക്കാട്ടിയത്.

ഇത് ശരിയാണെന്ന് സുപ്രീംകോടതി വിധിയോടെ തെളിയുകയായിരുന്നു. ഗവർണ്ണർ സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകിപ്പിച്ചതു കൊണ്ട് മാത്രം അഴിമതിക്കേസിലെ കുറ്റവാളി മുഖ്യമന്ത്രിയായില്ല. അങ്ങനെ കാത്തിരിക്കാനുള്ള ഗവർണ്ണറുടെ തീരുമാനം ഫലത്തിൽ ശരിയാകുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ അനിധികൃത സ്വത്ത് സമ്പാദനക്കേസിൽ അടുത്തയാഴ്ച വിധിവരുമെന്ന് സുപ്രീംകോടതി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. ഇതോടെയാണ് ഗവർണ്ണറുടെ നിശബ്ദതയും പനീർശെൽവത്തിന്റെ കൂറുമാറ്റവും ഉണ്ടാകുന്നത്. ഇനി നാല് കൊല്ലം ശശികല ജയിലിൽ കിടക്കും. പുറത്തിറങ്ങിയാലും ആറു വർഷം മത്സരിക്കാൻ വിലക്കുണ്ട്. അതുകൊണ്ട് തന്നെ പത്തുകൊല്ലത്തേക്ക് രാഷ്ട്രീയം കളിക്കാൻ ശശികലയ്ക്ക് ഇനി കഴിയില്ല.

ജയയുടെ മരണശേഷം പാർട്ടി ഭരണഘടന തിരുത്തിയാണ് ശശികല നേതൃത്വത്തിലേക്ക് വന്നത്. ഇടക്കാല മുഖ്യമന്ത്രിയായിരിക്കാൻ എക്കാലവും വിധിക്കപ്പെട്ട ഒ. പന്നീർസെൽവം ആ കസേരയിൽ അധികനാളുണ്ടാവില്‌ളെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. പന്നീർസെൽവം അടക്കമുള്ള നേതാക്കന്മാർ ജയയിലേക്കത്തെിച്ചേർന്നത് പാർട്ടിയിലെ അദൃശ്യ അധികാരകേന്ദ്രമായിരുന്ന ചിന്നമ്മയിലൂടെയായിരുന്നു. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ചെന്നൈ ആർ.കെ.നഗർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ജയിച്ച് മുഖ്യമന്ത്രി സ്ഥാനം അരക്കെട്ടുറപ്പിക്കാമെന്ന് ശശികല കണക്കൂകൂട്ടി. എന്നാൽ പന്നീർശെൽവം ശശികലക്കെതിരായതോടെ അണ്ണാഡിഎംകെയിൽ പുതിയ പോർമുഖം തുറന്നു. എങ്കിലും ഭൂരിപക്ഷം എൽ.എൽ.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന ശശികലയുടെ മോഹത്തിനാണ് കോടതിയുടെ നീക്കത്തോടെ അന്ത്യമായിരിക്കുന്നത്.

നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ സുപ്രീംകോടതിയിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിധിവരും എന്ന അറിയിപ്പുണ്ടായി. അതോടെ ശശികല ക്യാമ്പ് അപകടം മണത്തു. അപ്പോഴും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎ‍ൽഎമാരുടെ പിന്തുണ അവർ ഉറപ്പിച്ച് കരുക്കൾനീക്കി. പക്ഷേ സഭ വിളിച്ചുചേർക്കാൻ ആവശ്യപ്പെടാതെ ഗവർണർ വച്ചുതാമസിപ്പിച്ചു. അവസരം മുതലാക്കി പനീർശെൽവം ക്യാമ്പ് എംഎ‍ൽഎമാരേയും എംപിമാരേയും ഒന്നൊന്നായി അടർത്തിയെടുക്കാൻ തുടങ്ങി. പനീർശെൽവം ക്യാമ്പിന്റെ തന്ത്രങ്ങൾ മെനഞ്ഞ മൈത്രേയൻ പലവട്ടം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇതെല്ലാം ഗവർണ്ണറുടെ തീരുമാനങ്ങളെ സ്വാധീനിച്ചെന്നും വിലയിരുത്തലുണ്ടായി. ഇന്നത്തെ കോടതി വിധി ശശികലയക്ക് അനുകൂലമായിരുന്നുവെങ്കിൽ അതുകൊണ്ട് തന്നെ പഴികേൾക്കേണ്ടത് ഗവർണ്ണറാകുമായിരുന്നു.

കാരണം നിയമസഭാ കക്ഷിയുടെ പിന്തുണയുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കേണ്ട ബാധ്യത ഗവർണ്ണർക്കുണ്ട്. അതാണ് മനപ്പൂർവ്വം ഗവർണ്ണർ വൈകിപ്പിച്ചത്. എന്നാൽ സുപ്രീംകോടതി വിധിയോടെ ഇത് ചർച്ചയാകാതെ പോകുന്നു. ഏതായാലും ഗവർണ്ണർ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നും തീർത്തും നിക്ഷപക്ഷമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു പറഞ്ഞിരുന്നു. ഈ നിലപാടാണ് സുപ്രീംകോടതി വിധിയോടെ അംഗീകരിക്കപ്പെട്ടതെന്ന് ബിജെപി കരുതുന്നു. ഇതിനൊപ്പം തമിഴ്‌നാട്ടിലെ വലിയൊരു ഭരണഘടനാ പ്രതിസന്ധിയും ഒഴിവാകുമെന്നാണ് വിലയിരുത്തൽ. ഇനി എഐഎഡിഎംകെയിൽ ഭൂരിപക്ഷ പിന്തുണയുള്ളയാളെ ഗർണ്ണർക്ക് മുഖ്യമന്ത്രിയാകാൻ ക്ഷണിക്കാം. അതും കരുതലോടെ തീരുമാനിക്കുകയാകും ഗവർണ്ണർ ചെയ്യുക.

ഏതായാലും കാവൽ മുഖ്യമന്ത്രിയായ പനീർശെൽവം കരുത്തനാകുമെന്നാണ് വിലയിരുത്തൽ. നിയമസഭയിൽ ആദ്യം ഭൂരിപക്ഷം തെളിയിക്കാൻ പനീർശെവത്തിന് അവസരം കിട്ടിയാൽ അത് നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും വിലയിരുത്തലുണ്ട്.