- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ണാ ഡിഎംകെയുടെ കൊടിവെച്ച കാറിൽ ശശികലയുടെ മാസ് എൻട്രി; ജയലളിതയെ പോലെ പച്ചസാരിയുടുത്ത് കാറിന്റെ മുൻ സീറ്റിൽ ചിന്നമ്മ; ജയാ ടിവിയിൽ ശശികലയുടെ മടക്കത്തിന്റെ തത്സമയദൃശ്യങ്ങൾ കാട്ടുന്നത് എംജിആറിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ; തമിഴ് രാഷ്ട്രീയത്തിൽ രണ്ടാം ധർമ്മ യുദ്ധത്തിനിറങ്ങി അമ്മയുടെ തോഴി
ചെന്നൈ: അനധികൃത സ്വത്ത് കേസിൽ നാല് വർഷം തടവ് അനുഭവിച്ചതിന് ശേഷം ബാംഗ്ലൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതയായ വി കെ ശശികല എ.ഐ.എ.ഡി.എം.കെ പതാക പാറുന്ന കാറിൽ തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് സംസ്ഥാന അതിർത്തിയായ ആറ്റെബെല്ലെയിൽ പാർട്ടി പ്രവർത്തകർ തങ്ങളുടെ ചിന്നമ്മയെ രാജകീയമായി സ്വീകരിച്ചു. ശശികല വാഹനത്തിൽ എ.ഐ.എ.ഡി.എം.കെയുടെ പാർട്ടി പതാക ഉപയോഗിക്കരുതെന്ന് നേരത്തെ കൃഷ്ണഗിരി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ചിൽ കൂടുതൽ വാഹനങ്ങൾ ശശികലയുടെ വാഹനവ്യൂഹത്തിൽ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ, അത്തരം പൊലീസ് പ്രസ്താവനകളോ നിബന്ധനകളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ശശികലയുടെ അഭിഭാഷകൻ രാജാ സെന്തൂർ പാണ്ഡ്യൻ പറഞ്ഞു "ഞങ്ങൾ പതാക പ്രശ്‌നത്തെ നിയമപരമായി കോടതിയിൽ നേരിടും," അദ്ദേഹം പറഞ്ഞു.
ജയാ ടിവിയിൽ ശശികലയുടെ മടക്കത്തിന്റെ തത്സമയദൃശ്യങ്ങളാണ് മുഴുവൻ സമയവും കാണിക്കുന്നത്. അകമ്പടിയായി എംജിആറിന്റെ ഗാനങ്ങളുമുണ്ട്. നമത് എംജിആർ എന്ന പഴയ അണ്ണാഡിഎംകെ മുഖപത്രവും ജയ ടിവിയും ഇപ്പോഴും ശശികല പക്ഷത്തിന്റെ കയ്യിൽത്തന്നെയാണ്. ഏറെ ആശങ്കയോടെയാണ് തമിഴ്‌നാട് സർക്കാരും, അണ്ണാഡിഎംകെയിലെ മുതിർന്ന നേതാക്കളും ശശികലയുടെ മടങ്ങിവരവ് കാത്തിരിക്കുന്നത്. ജയിലിലാകുന്നത് വരെ ശശികലയുടെ പാർട്ടിയിലെ അപ്രമാദിത്വം ചോദ്യം ചെയ്യാതിരുന്നവരാണ് അണ്ണാഡിഎംകെയിൽ ഭൂരിപക്ഷവും, ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പടെ.
കനത്ത സുരക്ഷാവലയത്തിലാണ് കർണാടക, തമിഴ്‌നാട് അതിർത്തിപ്രദേശങ്ങൾ. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീർത്തിട്ടുണ്ട്.
ബംഗളൂരുവിലെ റിസോർട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് അണ്ണാഡിഎംകെയുടെ കൊടിവച്ച വാഹനത്തിലാണ് ശശികല ഇന്ന് രാവിലെ യാത്ര തിരിച്ചത്. കൊടി ഉപയോഗിക്കരുതെന്ന് പൊലീസ് നിർദ്ദേശം ഉണ്ടായിരുന്നു. നേതാക്കളും അനുയായികളും ശശികലയെ അനുഗമിക്കുന്നുണ്ട്. ചെന്നൈയിൽ എത്തുന്നതുവരെ 32 ഇടങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. കാറിന്റെ മുൻസീറ്റിൽ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ചാണ് ശശികല എത്തുന്നത്. കാറിന്റെ മുന്നിൽ അണ്ണാഡിഎംകെയുടെ പതാക. ഇത് ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്റെ മുന്നറിയിപ്പ് അവഗണിക്കുന്നു ശശികല. കാർ പൊലീസ് തടഞ്ഞ് അണ്ണാഡിഎംകെ പ്രവർത്തകരും പൊലീസും ചേർന്ന് പതാക മാറ്റി. ഇതോടെ മറ്റൊരു കാറിലേക്ക് മാറിക്കയറി യാത്ര തുടരുകയാണ് ശശികല. ആ കാറിലും അണ്ണാഡിഎംകെയുടെ കൊടിയുണ്ട്.
കർണാടക-തമിഴ്‌നാട് അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതിർത്തി ഗ്രാമമായ സുസുവാഡിയിലും വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ സ്വീകരണ ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയിട്ടില്ല. നാല് വർഷത്തിന് ശേഷമുള്ള ശശികലയുടെ തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാൻ അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രമസമാധാനം തകർക്കാൻ ശശികലയും അനന്തരവൻ ടി ടിവി ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും, തടയണമെന്നുമാവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഡി ജി പിക്കു പരാതി നൽകി.
അണ്ണാഡിഎംകെയിൽ നിന്ന് ശശികലയെ ജയിൽവാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്റെ നേതൃത്വത്തിൽ അമ്മ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാർത്ഥിയായി ആർ കെ നഗറിൽ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർ കെ നഗർ സീറ്റിൽ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോൽപ്പിച്ച് ദിനകരൻ എംഎൽഎയായി.
ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്.
ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാർട്ടിയുടെ ശക്തി തെളിയിക്കുന്ന വൻപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരൻ. ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി താനാണെന്നാണ് ശശികല അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടർന്ന് ജയലളിതയുടെ സമാധിയിൽ അടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവർ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാർട്ടി ചട്ടം ലംഘിച്ചാണെന്ന് അവർ പറയുന്നു. അതിനാൽത്തന്നെ ഇനിയും അണ്ണാഡിഎംകെയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാതിരിക്കില്ലെന്നും ശശികല പറയുന്നു.
ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയർത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയിൽ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോൾ ശശികല പുറത്തായി. 2017 സെപ്റ്റംബറിൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറൽ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാർട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാൽ, ജനറൽ കൗൺസിൽ യോഗം വിളിക്കേണ്ടതു ജനറൽ സെക്രട്ടറിയാണെന്നും താൻ അറിയാതെ വിളിച്ച ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇപ്പോഴും പരിഗണനയിലാണ്.
മറുനാടന് മലയാളി ബ്യൂറോ