ചെന്നൈ: ഒ പനീർശെൽവത്തിന്റെ നിർണായകമായ നീക്കത്തിലൂടെ പിളർപ്പിന്റെ വക്കിലെത്തിയ എഐഎഡിഎംകെയിൽ ബലപരീക്ഷണങ്ങൾ തുടരുന്നു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാൻ വേണ്ടിയുള്ള നിർണായക നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നിയമസഭാകക്ഷി യോഗത്തിനായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല പാർട്ടി ആസ്ഥാനത്തെത്തി. പ്രവർത്തകരും എംഎൽഎമാരുമായി വലിയൊരു സംഘം ഇവിടെ കൂടിയിട്ടുണ്ട്. കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം വിമതശബ്ദം ഉയർത്തിയതിനെ തുടർന്നാണ് അടിയന്തരയോഗം വിളിച്ചത്.

ശശികലയ്ക്ക് 131 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി ചാനലായ ജയ ടിവി അവകാശപ്പെട്ടു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ശശികലയ്‌ക്കെതിരെ തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ പനീർസെൽവം രംഗത്തെത്തിയതിനെ തുടർന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജിപിൻവലിക്കാൻ തയാറാണെന്ന് പനീർസെൽവം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചിരിക്കുന്നത്.

തന്നെ നിർബന്ധിച്ച് രാജിവച്ചതാണെന്നും താൻ മുഖ്യമന്ത്രിയാകണമെന്നായിരുന്നു ജയലളിതയുടെ ആഗ്രഹമെന്നും പ്രഖ്യാപിച്ച പനീർശെൽവം 'അമ്മ' അണികളിൽ വൈകാരിക ചലനമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുന്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പനീർശെൽവം പറഞ്ഞ് നിർണായ നീക്കം നടത്തിയയിരുന്നു. ഇതിനിടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമായാണെന്ന വാദം പനീർശെൽവം അനുയായികൾ ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.

ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരെയടക്കമുള്ള നേതൃനിര ശശികലയ്‌ക്കൊപ്പമാണ്. നേരത്തെ 40 പേരുടെ പിന്തുണ പനീർശെൽവത്തനുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നോ നാലോ എംഎൽഎമാർ മാത്രമേയുള്ളൂവെന്നാണ് ശശികല പക്ഷത്തിന്റെ വാദം. രാജ്യസഭാഗം എം മൈത്രേയൻ, മുൻ സ്പീക്കർ പിഎച്ച് പാണ്ഡ്യൻ എന്നിവർ പനീർശെൽവത്തിനൊപ്പം നിൽക്കുന്നു. എംഎൽഎമാരിൽ കൂടുതൽ പേർ ആർക്കൊപ്പമെന്ന് തെളിയിക്കുകയാണ് മുഖ്യം. 130ലേറെ പേരുടെ പിന്തുണയാണ് ശശികല പക്ഷത്തിന്റെ വിശ്വാസം. ആകെയുള്ള 135 അണ്ണാഡിഎംകെ അംഗങ്ങളിൽ കൂടുതൽ പേർ ആക്കൊപ്പമെന്നത് നിർണായകം. ജയളിതയുടെ മരണത്തോടെ ആർകെ നഗർ എംഎൽഎ ഇല്ലാതായി.

പാർട്ടിയിൽ കൂടുതൽ പേരെ ഒപ്പം നിർത്താൻ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോൾ ആരവം കാണിക്കാതിരുന്ന എഐഎഡിഎംകെ അണികളിൽ ഒരുപക്ഷം ഇന്നലെ രാത്രി പനീർശെൽവം പൊട്ടിത്തെറിച്ചപ്പോൾ വികാരഭരിതരായി അദ്ദേഹത്തിന് പിന്തുണയേകി. എഐഎഡിഎംകെയിലെ രാഷ്ട്രീയ നീക്കങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണ് പ്രതിപക്ഷ പാർട്ടികൾ. എഐഎഡിഎംകെയിൽ പിളർപ്പുണ്ടാവുകയാണെങ്കിൽ അതിന്റെ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. പനീർശെൽവത്തിന് അനുകൂലമായി ഡിഎംകെ നിലപാട് സ്വീകരിക്കാനിടയുണ്ട്. 40 എംഎൽഎമാർക്ക് ഡിഎംകെ പിന്തുണ നൽകിയാൽ പനീർശെൽവത്തിന് മുഖ്യമന്ത്രിയായി തുടരാനാകും.

രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഗവർണരുടെ നിലപാടും നിർണായകമാണ്. ശശികലയുടെ സത്യപ്രതിജ്ഞയ്ക്ക് സമയം അനുവദിക്കാതിരുന്ന ഗവർണർ വിദ്യാസാഗർ റാവു പനീർശെൽവത്തിന് ഭൂരിപക്ഷം തെളിയിക്കാൻ സമയം നീട്ടി നൽകിയാൽ സ്ഥിതി മാറും. പനീർശെൽവത്തിന്റെ രാജി ഗവർണർ സ്വീകരിച്ചതിനാൽ ഭരണതലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പുതിയ സർക്കാർ രൂപീകരിക്കാനായില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടിവരും. ഇതിനുള്ള സാധ്യത ഒഴിവാക്കാനായി തമ്പിദുരൈ ഡൽഹിയിൽ ശ്രമം നടത്തുന്നുണ്ട്.