ബംഗളൂരു : തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം ഇനിയും മാറുന്നില്ല. നിലവിലെ അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി.കെ. പളനി സ്വാമിയും കാവൽ മുഖ്യമന്ത്രി പനീർസെൽവവും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും തന്നെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും വീണ്ടും പളനിസ്വാമി ആവശ്യപ്പെട്ടു. ഇരുപക്ഷത്തോടും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക നൽകാൻ ഗവർണർ ആവശ്യപ്പെട്ടുവെന്നാണ് സൂചന. മഹാബലിപുരത്ത് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിൽ ചേർന്ന അണ്ണാ ഡിഎംകെ നിയമസഭാകക്ഷി യോഗമാണ് എടപ്പാടി കെ.പളനിസാമിയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. നിയമസഭയിൽ ശക്തിതെളിയിക്കുമെന്നാണ് പനീർസെൽവത്തിന്റെ വാദം. ഇതോടെ, സർക്കാർ രൂപീകരിക്കാൻ ഗവർണർ ആദ്യം ആരെ ക്ഷണിക്കുമെന്നത് നിർണായകമായി.  അതിനിടെ, വെള്ളിയാഴ്ച ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതിനിടെ തമിഴ് രാഷ്ട്രീയത്തെ കൈപ്പിടിയിൽ ഒതുക്കാൻ ശശികലയ്ക്കാകില്ലെന്ന് വ്യക്തമായി. ജയലളിതയുടെ പരാമ്പര്യം അവകാശപ്പെടാൻ ശശികലയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതായി കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങൾ. ഇത് ശശികല ക്യാമ്പിന് തിരിച്ചടിയാണ്. അനധികൃത സ്വത്തുകേസിൽ വിചാരണക്കോടതി വിധി വന്ന 2014 സെപ്റ്റംബർ 27ന് രാത്രി തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം പാരപ്പന ജയിലിലേക്ക് ശശികല എത്തുമ്പോൾ മുദ്രാവാക്യം വിളികളാൽ പ്രകമ്പനം കൊള്ളുകയായിരുന്നു പരിസരം. അമ്മയ്ക്കുവേണ്ടി പ്രാണനും നൽകാമെന്ന വാക്കുകളാണ് അന്നു മുഴങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശശികലയും ഇളവരശിയും പ്രത്യേക വാഹനവ്യൂഹത്തിൽ എത്തുമ്പോൾ നേരിടേണ്ടിവന്നതു അപമാനവും. ജയലളിതയെ 30 വർഷം വഞ്ചിച്ചുവെന്നു മുദ്രാവാക്യമുയർത്തിയാണ് ഒരുവിഭാഗം തമിഴ്‌നാട്ടുകാർ അക്രമാസക്തരായത്. വാഹന വ്യൂഹത്തിൽ പിന്നിലുണ്ടായിരുന്ന നാലു വാഹനങ്ങൾ ആക്രമിക്കപ്പെട്ടു.

ഇതു തന്നെയാണ് തമിഴ്‌നാടിന്റെ മൊത്തം ജനവികാരം. ജയലളിത ജയിലിലായപ്പോൾ പതിനായിരങ്ങളാണ് ജയിൽ പരിസരത്ത് തടിച്ചു കൂടിയത്. എന്നാൽ ശശികലയ്ക്ക് വേണ്ടി കണ്ണീരൊഴുക്കാൻ ആരും എത്തിയില്ല.  ഭർത്താവ് നടരാജനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈയും അവിടെയുണ്ടായിരുന്നു. എന്നാൽ പ്രവർത്തകർ എത്താത്തത് കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായി. ശശികലയെ മുഖ്യമന്ത്രി പദത്തിൽ നിന്ന് അകറ്റാൻ നിർണ്ണായക തീരുമാനമെടുത്ത പനീർശെൽവത്തിന് പിന്തുണ കൂടുകയാണ്. ഇത് എംഎൽഎമാരിലും പ്രതിഫലിക്കുമെന്നാണ് ഒപിഎസ് ക്യാമ്പിന്റെ പ്രതീക്ഷ. ഇത് ഗവർണ്ണറും തിരിച്ചറിയുന്നു. റിസോർട്ടിലെ എംഎൽഎമാർ പുറത്തുവന്നാൽ കൂട്ടത്തോടെ പനീർശെൽവം പക്ഷത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.

അതിനിടെ കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽനിന്നും എംഎൽഎമാരെ ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് പൊലീസ് ഉപേക്ഷിച്ചു. എംഎൽഎമാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണിത്. റിസോർട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയെങ്കിലും അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. പുതിയ സർക്കാരുണ്ടാകുന്നതുവരെ റിസോർട്ടിൽ തുടരുമെന്നാണ് എംഎൽഎമാരുടെ നിലപാട്. വൈകിട്ട് നാലു മണിക്കു മുൻപ് റിസോർട്ട് ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരമേഖലാ ഐജിയും കാഞ്ചീപുരം എസ്‌പിയും എംഎൽഎമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് പൊലീസും എംഎൽഎമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. റിസോർട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. അതേസമയം, എംഎൽഎമാർ തടവിലാണെന്ന മധുര സൗത്ത് എംഎൽഎ ശരവണന്റെ പരാതിയിൽ പൊലീസ് എംഎൽഎമാരിൽനിന്നും മൊഴിയെടുത്തു. അങ്ങനെ സർവ്വത്ര ആശക്കുഴപ്പമാണ് എഐഎഡിഎംകെ എംഎൽഎമാർക്ക്.

ശശികലയുടെ ശപഥവും ജയാ അനുകൂലികളുടെ പ്രതിഷേധവും

ശശികലയ്ക്ക് വേണ്ടത്ര ജനപിന്തുണ കിട്ടാത്ത് അണ്ണാ ഡിഎംകെയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജയിലിന് മുമ്പിലെ സംഭവങ്ങൾ നേതൃത്വത്തെ ഞെട്ടിച്ചു. ജയലളിതയുടെ വരവിനെ അനുസ്മരിപ്പിച്ച് പത്ത് വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് ശശികലയും എത്തിയത്. ജയിലിന് അര കിലോമീറ്റർ അകലെ ബാരിക്കേഡ് ഉയർത്തി, പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനം തടിച്ചുകൂടിയിരുന്നു. ഹൊസ റോഡിൽനിന്നു ജയിൽ റോഡിലേക്ക് വാഹനവ്യൂഹം തിരിഞ്ഞതോടെ പിന്നിലെ വാഹനങ്ങൾക്കുനേരെ ആൾക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. മുഷ്ടിചുരുട്ടിയും കല്ലുകൊണ്ടും വാഹനങ്ങളിൽ ഇടിച്ചും നമ്പർ പ്ലേറ്റുകൾ ചുരുട്ടി മടക്കിയും വാഹനങ്ങളുടെ ഡോറിൽ പിടിച്ചുവലിച്ചും അവർ പ്രതിഷേധിച്ചു.

കലി തീരാതെ ശാപവാക്കുകൾ ചൊരിയുകയും ചെരിപ്പൂരി വാഹനങ്ങളിൽ അടിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് ലാത്തി വീശിയതോടെയാണ് സ്ഥിതിഗതി നിയന്ത്രണവിധേയമായത്. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പിന്നീട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ജഡ്ജി അശ്വത്ഥ നാരായണയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി, സെൻട്രൽ ജയിൽ വളപ്പിലേക്ക് മാറ്റിയത്. നഗരത്തിലെ സിറ്റി സിവിൽ കോടതിയിൽനിന്നു കോടതിമുറി ജയിലിലേക്ക് മാറ്റാൻ ബെംഗളൂരു സിറ്റി പൊലീസ് നൽകിയ അപേക്ഷ ഹൈക്കോടതി രജിസ്റ്റ്രാർ അംഗീകരിക്കുകയായിരുന്നു.

ബംഗുളൂരുവിലെ ജയിലിലേയ്ക്ക് പുറപ്പെട്ട ശശികല മറീന ബീച്ചിൽ ജയലളിതയുടെ ശവകുടീരത്തിലെത്തുകയും കൈകൾ കൂപ്പി എന്തൊക്കെയോ പറയുകയും തുടർന്ന് പുഷ്പാർച്ചന നടത്തിയ ശേഷം കല്ലറയിൽ ആഞ്ഞടിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്. മൂന്ന് തവണ ശവകുടീരത്തിൽ തൊട്ടു വണങ്ങുകയും ചെയ്തിരുന്നു. എന്തു കാര്യത്തിനു മുൻപും ജയലളിതയോട് അനുവാദം ചോദിക്കുന്ന പതിവാണ് ഇന്നും ആവർത്തിച്ചതെന്നാണ് ശശികല അനുയായികൾ പറയുന്നത്. വഞ്ചകനായ പനീർശെൽവത്തോടും കൂട്ടരോടും പകരം ചോദിക്കും എന്നതാണ് ശപഥമെന്നും അനുയായികൾ പറയുന്നു.

''നാട് ഭരിക്കാൻ വന്നിരിക്കുന്നു, ഇനി ജയിലിൽ പോയി സിഡി വിൽക്കട്ടെ''

33 വർഷമായി അമ്മയെ കബളിപ്പിച്ച 'ചിന്നമ്മ'യെ നൂറു വർഷം ജയിലിലിടണമെന്നാണ് എഐഎഡിഎംകെയിലെ ബഹുഭൂരിപക്ഷം പ്രവർത്തകരുടേയും അഭിപ്രായം. ഗ്രീൻസ്വേ റോഡിൽ കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിന്റെ വസതിക്കു സമീപം തടിച്ചുകൂടിയ വനിതാപ്രവർത്തകർ ശാപവാക്കുകളോടെയാണ് ശശികലയ്‌ക്കെതിരായ കോടതിവിധിയെ സ്വീകരിച്ചത്. ''നാട് ഭരിക്കാൻ വന്നിരിക്കുന്നു, ഇനി ജയിലിൽ പോയി സിഡി വിൽക്കട്ടെ''-ഇങ്ങനെയാണ് പ്രതികരണം.

കനത്ത പൊലീസ് കാവലുള്ള പനീർശെൽവത്തിന്റെ വീട്ടിലേക്ക് പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു. വീട്ടുപരിസരത്തു പലയിടങ്ങളിലായി എൽസിഡി സ്‌ക്രീനുകൾ സ്ഥാപിച്ചിരുന്നു. കോടതിവിധിയും ആഘോഷവും പനീർസെൽവം ക്യാംപ് നേരത്തേതന്നെ പ്രതീക്ഷിച്ച മട്ടിലായിരുന്നു ഒരുക്കങ്ങൾ. നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പനീർശെൽവത്തിന് പിന്തുണ അറിയിക്കുകയാണ്. ''അമ്മയുടെ ആത്മാവ് നമ്മോടൊപ്പമുണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. അമ്മ തുടങ്ങിവച്ച എല്ലാ പദ്ധതികളും വിജയകരമായി നടപ്പാക്കും. അമ്മയുടെ സർക്കാർ തുടരും'' -ഇങ്ങനെ പോകുന്നു മുദ്രാവാക്യം വിളികൾ.