ചെന്നൈ: ജയലളിതയുടെ കാലത്തും തന്നെ തകർക്കാൻ നീക്കം നടന്നതായി അണ്ണാഡിഎംകെ ജനറൽസെക്രട്ടറി ശശികല. മൂൻകൂട്ടി തയ്യറാക്കിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള മൂന്നാമത്തെ പാർട്ടിയായാണ് അണ്ണാഡിഎംകെ. പാർട്ടിയെ പിളർത്താനുള്ള ശ്രമം പാർട്ടി അനുയായികൾ തിരിച്ചറിയുമെന്നും ശശികല പറഞ്ഞു.

കാര്യങ്ങൾ തനിക്ക് എതിരായാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഗവർണർക്ക് കത്തെഴുതിയെന്ന് വരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. താൻ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും ശശികല പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശശികല പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പാർട്ടിയെ പിളർത്തി ദുർബലമാക്കാനുള്ള ശ്രമമാണെന്നും അവർ കൂട്ടിച്ചേർത്തു.

അണ്ണാഡിഎംകെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോർട്ടിലേക്ക് ശശികലയെത്തി. എംഎൽഎമാരെ കാണാൻ പനീർശെൽവവുമെത്തുമെന്നാണ് സൂചന. പുറത്തുവിടണമെന്ന് 20 എംഎൽഎമാർ ആവശ്യം ഉന്നയിച്ചതോടെയാണ് കൂവത്തൂരിലെ റിസോർട്ടിലേക്ക് പോകാൻ ചിന്നമ്മ തീരുമാനിച്ചത്. കൂവത്തൂർ റിസോർട്ടിലെത്തിയ ശശികല എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. കൽപ്പാക്കത്തുള്ള എംഎൽഎമാരേയും കൂവത്തൂരിലെത്തിച്ചായിരുന്നു കൂടിക്കാഴ്ച.

ശനിയാഴ്ച റിസോർട്ടിലെത്തി എംഎൽഎമാരെ കണ്ടാണ് ശശികല മടങ്ങിയത്. എന്നാൽ കൂടുതൽ പേർ പനീർശെൽവം പക്ഷത്തേക്ക് നീങ്ങുന്നതിലുള്ള ആധിയിലാണ് പൊടുന്നനെയുള്ള അടുത്ത സന്ദർശനം.

പനീർശെൽവം കൂടി എത്തുമെന്നറിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പനീർശെൽവത്തെ തടയുമെന്ന് കൂവത്തൂർ എംഎൽഎ തങ്കതമിഴ് സെൽവൻ പറഞ്ഞു. കൂവത്തൂരിൽ മാദ്ധ്യമപ്രവർത്തകരും എഐഎഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

ചിന്നമ്മ ക്യാമ്പിൽ കൊഴിഞ്ഞുപോക്ക് വ്യാപകമായതോടെയാണ് അനുനയ ശ്രമവുമായി ശശികല പോയസ് ഗാർഡനിൽ നിന്ന് വീണ്ടും കൂവത്തൂരിലേക്ക് പോകാൻ തീരുമാനിച്ചത്. എംഎൽഎമാരെ കണ്ട് ഒപ്പം നിർത്തുകയെന്നതാണ് ചിന്നമ്മയുടെ ലക്ഷ്യം.

ഇന്ന് അഞ്ച് എംപിമാർ പനീർശെൽവത്തിനൊപ്പം ചേർന്നതാണ് ശശികലയെ ഉലച്ചത്. ഗവർണർ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതിനൊപ്പം പിന്തുണ കുറയുന്നതും ശശികലയെ പേടിപ്പിക്കുന്നുണ്ട്.

എസ് രാജേന്ദ്രൻ(വില്ലുപുരം), സെങ്കുട്ടുവനും(വേലൂർ) ജയ്സിങ് ത്യാഗരാജനും(തൂത്തുകുടി) മരുതുരാജയും(പേരാമ്പല്ലൂർ), രാജ്യസഭാംഗം ലക്ഷ്മണൻ എന്നിവരാണ് പുതുതായി ചിന്നമ്മയുടെ ക്യാമ്പ് വിട്ട് പനീർശെൽവത്തിനൊപ്പം ചേർന്നത്. ഇതോടെ ഒപിഎസ് ക്യാമ്പിലുള്ള എംപിമാരുടെ എണ്ണം 11 ആയി. നാമക്കൽ എംപി പിആർ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാർ, തിരുപ്പൂർ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആർ വനറോജ, രാജ്യസഭാ എംപിമാരായ വി മൈത്രേയൻ, ശശികല പുഷ്പ എന്നിവരാണ് ഒപിഎസ്‌സിനൊപ്പമുള്ള മറ്റു എംപിമാർ.

എംഎൽഎമാരുടേയും എംപിമാരുടേയും കൊഴിഞ്ഞുപോക്കിൽ അസ്വസ്ഥയായ ശശികല തമ്പിദുരൈ അടക്കം മുതിർന്ന നേതാക്കളെ ശാസിക്കുകയും ചെയ്തു. പോയസ് ഗാർഡനിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ശാസന. അംഗങ്ങൾ കൊഴിഞ്ഞുപോകുന്നത് തടയാൻ മുതിർന്ന നേതാക്കൾക്ക് കഴിഞ്ഞില്ലെന്നതാണ് ശാസിക്കാൻ കാരണം.