വാമനൻ പാതാളത്തിൽ ചവിട്ടിത്താഴ്‌ത്തിയ മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്ന ദിനമാണ് തിരുവോണമെന്നാണ് കേരളീയരുടെ സങ്കൽപം. ഓണമെന്നത് വാമനജയന്തിയാണെന്നും മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നുമായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ശശികല കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രക്യാപിച്ചത്. അതിനെത്തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് വരുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായി. ' ഓണാശംസകൾ, മാവേലി വിഭാഗം എന്ന ഹാഷ് ടാഗും പ്രത്യക്ഷപ്പെട്ടു.

ആർഎസ്എസിന്റെ ഭാഷയിൽ തിരുവോണം എന്നാൽ വാമനാവതാര ദിനമാണ്. ശ്രാവണമാസത്തിലെ തിരുവോണം വാമനജയന്തിയാണെന്ന് സംഘപരിവാർ മുഖപത്രം കേസരിയും എഴുതിയിരുന്നു. തന്റെ ഐശ്വര്യത്തിൽ അൽപം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനൻ ചെയ്തതെന്നാണ് ആർഎസ്എസ് നിലപാട്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങൾ നടത്തിയത് നർമദാ നദിയുടെ തീരത്തെ തീർത്ഥഭൂമിയിലാണെന്നും കേസരി വാദിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇങ്ങനെ സജീവമാകുമ്പോൾ ശശികല വീണ്ടു ചർച്ചയാകുന്നു. മാഹാബലി, മഹിഷാസുരൻ, അംബേദ്കർ വിഷയങ്ങളിൽ ശശികലയെ പൊളിച്ചടുക്കിയിരിക്കുകയാണ് ജിമ്മി ജെയിംസ്. തിങ്കളാഴ്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ന്യൂസ് പോയിന്റ്ബ്ലാങ്ക് ആഭിമുഖത്തിലാണ് അവതാരകൻ ജിമ്മി ജെയിംസും ശശികലയും തമ്മിൽ ഏറ്റുമുട്ടിയത്.

മുപ്പത് മിനുട്ട് നീണ്ടു നിൽക്കുന്ന അഭിമുഖത്തിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ശശികലയ്ക്ക് പലതവണ ഉത്തരംമുട്ടി. ഘോരഘോരം പ്രസംഗിക്കുന്നവർക്ക് എന്തേ ഉത്തരം മുട്ടി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഓണാഘോഷം ജെഎൻയുവിൽ ആഘോഷിച്ചാൽ തല്ലുമോ എന്ന ചോദ്യത്തിന് വാമനനെ ഇകഴ്‌ത്തിയാൽ ഉത്തരേന്ത്യയിൽ പ്രശ്നമാകുമെന്നായിരുന്നു ശശികലയുടെ മറുപടി. ഡോ. ബിആർ അംബേദ്കർ ഹിന്ദുത്വത്തെ എതിർത്തിരുന്നില്ലെന്ന് വാദിക്കാൻ ശ്രമിച്ചപ്പോഴും ഉത്തരം മുട്ടി.
മഹാബലിയെ അംഗീകരിക്കാത്തതെന്താണെന്ന ചോദ്യത്തിന് മാവേലിക്ക് കേരളവുമായി ബന്ധമില്ല. മഹാബലി കേരളം ഭരിച്ചിട്ടില്ല, അതിന് പുരാണങ്ങളിൽ തെളിവുകളുമില്ല. കേട്ടുകേൾവി മാത്രമാണെന്നും ശശികല പറഞ്ഞു.

ശരി, എന്നാൽ അഭിമുഖം വീണ്ടും പുരോഗമിക്കുമ്പോൾ ശബരിമല അയ്യപ്പനെ കുറിച്ച് പുരാണങ്ങളിൽ ഉണ്ടോ എന്ന ചോദ്യത്തിന് അത് വിശ്വാസമാണ് അതിന് യുക്തിവേണ്ട എന്ന് പറഞ്ഞ് തടിയൂരാനായി ശ്രമം. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ കേരളത്തിലെ സ്ത്രീകൾ മുന്നിട്ടു വന്നാൽ ഹിന്ദു ഔക്യ വേദി എല്ലാ പിന്തുണയും നൽകും. സ്ത്രീകളുെ വിഷയത്തിൽ സ്ത്രീകൾ തന്നെയാണ് പ്രതികരിക്കേണ്ടത് എന്നും ശശികല നേരത്തേ പറഞ്ഞിരുന്നു.

ബൗദ്ധികമായ തലത്തിൽ ചർച്ച നടക്കുമ്പോൾ തെളിവ് വേണമെന്ന ശശികലയുടെ വാദവും പുരാണങ്ങൾ ബൗദ്ധികമാണെന്ന് പറയാനാകുമോ എന്ന മറുചോദ്യത്തിന് മുന്നിൽ ശശികല വീണ്ടും മൗനം സ്വീകരിക്കുന്നു. ഇതിന് മറുപടിയായി പുസ്തകങ്ങളിൽ എഴുതിയതാണ് തെളിവെന്നും വാമൊഴിയല്ലെന്നും പറഞ്ഞൊഴിയുകയാണ് ഉണ്ടായത്. അങ്ങനെയെങ്കിൽ വാൻ റീഡിന്റെ ഹോർത്തൂസ് മലബാരിക്കസ് ഒരു കീഴാളനായ വൈദ്യൻ നൽകിയ വിവരങ്ങളാണ്. ചരിത്രത്തിലെ കാര്യങ്ങൾ തലമുറയായി കൈമാറി വന്നതാണ് അത്. അതിന് രേഖയുണ്ടോ എന്നായി അവതാരകൻ.

ജെഎൻയുവിലെ വിദ്യാർത്ഥികൾ മഹഷാസുര ജയന്തി ആഘോഷിക്കുമ്പോൾ അത് പറ്റില്ലെന്ന് പറയുന്നു. വടക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ അവിടത്തെ ആദിവാസികൾ മഹിഷാസുകരനെ ആരാധിക്കുന്നില്ലേ എന്ന ചോദ്യത്തിന് ബാക്കി 25 സംസ്ഥാനങ്ങളിൽ ദുർഗാ ദേവിയല്ലേ ആരാധിക്കപ്പെടുന്നതെന്ന ന്യായം കണ്ടെത്തി. അപ്പോൾ ഭൂരിപക്ഷം പറയുന്നത് കേൾക്കണമെന്നോ പറയുന്നതെന്നായി ചോദ്യം.

ഭൂരിപക്ഷത്തിന് ആരും എതിര് നിൽക്കരുത്. ജെഎൻയുവിൽ മഹിഷാസുരനെ ആഘോഷിച്ചത് ദുർഗാദേവിയെ അപമാനിക്കാനാണ്. ഹിന്ദുത്വത്തെ അവഹേളിച്ച് ആളാകാനാണത്. ദളിത് മുന്നേറ്റം നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ഉയർന്നുവരുന്നത്. മോദിയെ എതിർക്കാനാണത്. നേരത്തെ ഹിന്ദുത്വം ഇത്രയും വലിയ ഭീഷണിയാണെന്ന് പലരും ധരിച്ചിരുന്നില്ലെന്ന് ശശികല തട്ടിവിട്ടു. അപ്പോൾ അംബേദ്കർ മതം മാറിയത് മോദിയെ പേടിച്ചിട്ടാണോ? അംബേദ്കർ ഹിന്ദുത്വത്തെ എതിർത്തിട്ടില്ല. ഡൈനാമിറ്റ് വച്ച് പൊട്ടിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദേഹം ഒരിക്കലും ഒരു വിഭാഗത്തെ എതിർത്തുകൊണ്ടല്ല. അംബേദ്കറുടെ ചില ക്വോട്ടുകൾ പറയട്ടേ. എന്നായി അവതാരകൻ. അവിടേയും ശശികല വിദഗ്ദമായി ഒഴിഞ്ഞുമാറുന്നു. താങ്കൾ പ്രിപ്പേഡാണ്. ഞാൻ അല്ല. തെളിവുകളുണ്ടെങ്കിലും ഇപ്പോൾ കയ്യിലില്ല. എന്നായിരുന്നു അവരുടെ മറുപടി. മറ്റു മതങ്ങളുടെ വിശ്വാസത്തെ ഇകഴ്‌ത്തുമ്പോഴാണ് മതേതരത്തത്തിന് പ്രശ്നമാകുകയെന്നും ശശികല പറഞ്ഞുവച്ചു. അങ്ങനെയെങ്കിൽ ദുർഗാദേവിയെ ആഘോഷിക്കുന്നത് മഹിഷാസുരനെ ഇകഴ്‌ത്തിയല്ലേ. മഹിഷാസുരനെ ദൈവമായി കാണുന്നവരുണ്ട്. അപ്പോ എന്ത് ചെയ്യാൻപറ്റുമെന്നായി അവതാരകൻ.

എന്തായാലും ശശികല വീണ്ടും 'ശശി' ആയി എന്നാണ് സോഷ്യൽ മീഡിയ വാദിക്കുന്നത്..