കൊച്ചി: നഷ്ടത്തിലായ അമ്പലങ്ങൾ ഉടൻ അടച്ചുപൂട്ടി താക്കോൽ നാട്ടുകാർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചർ മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

സർക്കാറിന്റേയോ ദേവസ്വം ബോർഡിന്റേയോ പണമോ ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ വരുമാനമോ ഉപയോഗിച്ച് നഷ്ടത്തിലായ ക്ഷേത്രങ്ങൾ നടത്തിക്കൊണ്ടു പോകേണ്ടതില്ലെന്ന് അവർ പറഞ്ഞു. അടച്ചു പൂട്ടിയ ക്ഷേത്രങ്ങളുടെ താക്കോൽ അതത് നാട്ടിലെ ജനങ്ങളെ ഏൽപ്പിക്കണം. നഷ്ടത്തിലായ ക്ഷേത്രങ്ങൾ നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി നടത്തിക്കൊള്ളും. ഓരോ സ്ഥലത്തേയും ക്ഷേത്രങ്ങൾ നടത്താൻ അതത് സ്ഥലത്തെ ജനങ്ങൾ മതി. അതത് ക്ഷേത്രത്തിന്റെ വരുമാനം അവിടെ ചെലവാക്കണം.

ശബരിമലയിലേയോ ഗുരുവായൂരിലേയോ വരുമാനം മറ്റു ക്ഷേത്രങ്ങൾക്കായി ചെലവഴിക്കപ്പെടുന്നുവെന്നതും തികയാത്ത പണം സർക്കാർ നൽകുന്നുവെന്നുമുള്ള രേഖകളിൽ വിശ്വാസമില്ലെന്നും അവർ പറഞ്ഞു. അമ്പലങ്ങളിലെ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം കണക്കുകൾ പുറത്തുവിടുന്നത്. ദേവസ്വം ബോർഡ് നഷട്ത്തിലായ അമ്പലങ്ങൾക്ക് നടത്തിപ്പിനു പണം നൽകുന്നുവെന്നത് കണക്കിലെ മാത്രം കാര്യമാണ്. വിഴിഞ്ഞം പദ്ധതിപ്രദേശത്ത് അടഞ്ഞു കിടക്കുന്ന ഒരു ക്ഷേത്രമുണ്ട്. വർഷങ്ങളായി അത് അടഞ്ഞുകിടക്കുകയാണ്. ഒരു ശാന്തിക്കാരൻ പോലുമില്ല. എന്നാൽ ക്ഷേത്രത്തിന്റെ ഗേറ്റിൽ വലിയ ബോർഡ് വച്ചിട്ടുണ്ട്- തിരുവിതാകൂർ ദേവസ്വം ബോർഡ് വക എന്ന്. തുറക്കാതെ കിടക്കുന്ന ക്ഷേത്രങ്ങൾക്കു വരെ പണം ചെലവഴിക്കുന്ന കണക്കുകളാണ് ബോർഡിന്റെ കയ്യിലുള്ളത്.

ശബരിമല ക്ഷേത്രത്തെ കുറിച്ച് പഠിക്കാൻ 1960 മുതൽ ഇതുവരെ നിരവധി കമ്മീഷനുകൾ ഉണ്ടായിട്ടുണ്ട്. പൂർണമായും ഹിന്ദുക്കളുടെ കമ്മീഷനുകളുടെ വിവരമൊന്നും സർക്കാർ പുറത്തു വിട്ടിട്ടില്ല അവസാനം വന്ന ജസ്റ്റിസ് പരിപൂർണൻ കമ്മീഷന്റെ വിവരങ്ങൾ വരെ ചർച്ചയായിട്ടില്ല. സർക്കാർ നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ല. അടുത്തിടെ വിവരാകാശ നിയമപ്രകാരമെന്ന് പറഞ്ഞ് പുറത്തു വിട്ട രേഖകളിലെ കാര്യവും വിശ്വസിക്കാൻ കഴിയില്ല. സർക്കാറിനു വേണ്ടി സർക്കാർ നൽകിയ കണക്കുകളാണിത്.

2012 ൽ ശബരിമലയുടെ വരുമാനം എത്രയെന്നറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു. ഒരു മാസത്തിനുള്ളിൽ മറുപടി തരണമെന്നിരിക്കെ മറുപടി കിട്ടിയത് രണ്ടു വർഷത്തിനു ശേഷമാണ്. പക്ഷെ ഒരാഴ്‌ച്ചക്കകം തന്നെ രണ്ടു മറുപടി കിട്ടി.ആദ്യത്തേതിൽ വരുമാനം കാണിച്ചത് 1075 കോടി എന്നായിരുന്നു.ഒരാഴ്‌ച്ചക്കകം കിട്ടിയ രണ്ടാമത്തെ മറുപടിയിൽ 950 കോടിയായി കുറഞ്ഞു. ഒരാഴ്‌ച്ചക്കുള്ളിൽ 75 കോടി രൂപ അപ്രത്യക്ഷമായതായി ശശികല ടീച്ചർ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് നിരവധ അഴിമതികൾ ഉള്ളതായി ശശികല പറഞ്ഞു. ശബരിമലയിൽ പാർക്കിങ്ങിൽ സീസൺ കാലത്ത് ഏകദേശം 25 ലക്ഷത്തോളം വാഹനങ്ങൾ വരുമ്പോൾ 20 ലക്ഷം വാഹനമെന്ന നിലയിലാണ് പാർക്കിങ്ങിന് കരാർ നൽകിയത്. ഇതുവഴി കോടികളുടെ അഴിമതി നടന്നു. ശബരിമലയിൽ എം.എസ്.സുരേഷ് എം.എസ്.എന്റർപ്രൈസസ്, മുടവത്ത് ബിൽഡിങ്ങ്, തമ്മനം കൊച്ചി എന്ന വിലാസത്തിൽ ഒരാൾ പാർക്കിങ്ങ് ലേലത്തിലെടുത്തിരുന്നു. അന്വേഷണത്തിൽ ഇങ്ങനെയൊരു വിലാസമോ ആളോ ഇല്ലെന്ന് മനസ്സിലായി.

ദേവസ്വം ബോർഡിന്റെ ചില ബിനാമികളാണ് കരാർ എടുത്തത്. എല്ലാം സർക്കാറിന്റെ ഒത്താശയിൽ നടക്കുന്ന കാര്യങ്ങളാണ്. നാളെ ശബരിമലയുടെ ഫണ്ടിൽ നിന്നൊരു തുക കോൺഗ്രസ് ഫണ്ടിലേക്ക് മാറ്റിയാലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്ന് ശശികല പറഞ്ഞു. ശബരിമലയെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതുകൊണ്ട് ഇനി ശബരിമലയുടെ പുറകെ പോകാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്.അവിടെ കൊടുക്കുന്ന തട്ടുകടയുടെ വിവരങ്ങൾ വരെ ശേഖരിക്കും. ഗുരുവായൂർ ദേവസ്വത്തിൽനിന്ന് സർക്കാറിലേക്ക് 25 കോടിരൂപ വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ എടുക്കാൻ ശ്രമിച്ചതാണ്. മുസ്ലിം, ക്രിസ്ത്യൻ പള്ളികളിൽ നിന്നു കൂടി പണമെടുക്കുന്നെങ്കിൽ ഗുരുവായൂരിൽ നിന്നും എടുക്കാമെന്ന് ഞങ്ങൾ പറഞ്ഞു.

അങ്ങനെയല്ലാത്തതു കൊണ്ട് പണമെടുക്കാൻ കഴിഞ്ഞില്ലെന്നും ശശികല അവകാശപ്പെട്ടു. ദേവസ്വം ബോർഡ് പ്രധാനമായും നിയമനം നടത്തി പണം തട്ടാനുള്ള ഏർപ്പാടാണ്. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തെ ക്ഷേത്രങ്ങൾ പോലും നാട്ടുകാർ കയ്യിൽ നിന്ന് പണമെടുത്ത് നന്നായി നടത്തിക്കൊണ്ടു പോകുന്നുണ്ട്. നല്ല രീതിയിൽ നടക്കുന്ന ക്ഷേത്രങ്ങൾക്ക് ആരുടേയും സഹായം ലഭിക്കുന്നില്ലെന്നും ശശികല പറഞ്ഞു.