- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈകമ്മീഷൻ പാസ്‌പോർട്ട് പിടിച്ചുവച്ചതോടെ മാറ്റി വയ്ക്കപ്പെട്ട ലണ്ടൻ ഹിന്ദു പരിഷത്ത് മെയ് 31ന്; ശശികല ടീച്ചർ എത്തുമോ എന്നതിനെ ചൊല്ലി തർക്കം തുടരുന്നു; വിശിഷ്ടാതിഥികളെ പ്രഖ്യാപിക്കാതെ സംഘാടകർ
ലണ്ടൻ: വിശ്വഹിന്ദു പരിഷത്ത് നേതാവും ഹിന്ദു ഐക്യവേദ സെക്രട്ടറിയുമായ ശശികല ടീച്ചർ ബ്രിട്ടനിൽ നടക്കുന്ന ഹിന്ദു മതപരിഷത്തിന്റെ പരിപാടിയിൽ പങ്കെടുക്കുമോ എന്നതിനെ ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. വർഗീയ പ്രസംഗങ്ങൾ നടത്തിയിട്ടുള്ള ശശികല ടീച്ചർക്കെതിരെ പരാതിയുമായി ലണ്ടനിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ഇവരുടെ വിസയുടെ കാര്യത
ലണ്ടൻ: വിശ്വഹിന്ദു പരിഷത്ത് നേതാവും ഹിന്ദു ഐക്യവേദ സെക്രട്ടറിയുമായ ശശികല ടീച്ചർ ബ്രിട്ടനിൽ നടക്കുന്ന ഹിന്ദു മതപരിഷത്തിന്റെ പരിപാടിയിൽ പങ്കെടുക്കുമോ എന്നതിനെ ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. വർഗീയ പ്രസംഗങ്ങൾ നടത്തിയിട്ടുള്ള ശശികല ടീച്ചർക്കെതിരെ പരാതിയുമായി ലണ്ടനിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ഇവരുടെ വിസയുടെ കാര്യത്തിൽ അനിശ്ചിതത്വത്തിലായത്. വിസ അടിച്ചതിന് ശേഷം പരാതികൾ ലഭിച്ചതിനാൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശശികല ടീച്ചറുടെ പാസ്‌പോർട്ട് തടഞ്ഞു വെക്കപ്പെട്ടിരുന്നു. തുടർന്ന് മാറ്റി വയ്ക്കപ്പെട്ട ആദ്യ ഹിന്ദു മത പരിഷത്ത് ലണ്ടനിലെ പ്രാന്തനഗരമായ ക്രോയിഡോണിൽ തന്നെ നടക്കും. മെയ് 31 ന് ആയിരിക്കും പുതിയ തീയതിയെന്നാണ് സംഘടാകർ അറിയിച്ചിരിക്കുന്നത്.
രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷം പാസ്‌പോർട്ട് തടഞ്ഞ് വയ്ക്കപ്പെട്ട ശശികല ടീച്ചർക്കും മതപ്രഭാഷകൻ ഗോപാലകൃഷ്ണനും അത് മടക്കി നൽകിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീയതി നിശ്ചയിച്ച് കൊണ്ട് സംഘാടകർ രംഗത്ത് എത്തിയത്. എന്നാൽ, ടീച്ചർ എത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ആരൊക്കെയായിരിക്കും വിശിഷ്ടാതിഥികൾ എന്ന് ഇതുവരെ സംഘടാകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഗോപാലകൃഷ്ണൻ വരുമെന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ടെങ്കിലും ടീച്ചറുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ശശികല ടീച്ചറുടെ പാസ്‌പോർട്ട് തിരിച്ചു നൽകിയെങ്കിലും യുകെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ട് ടീച്ചർക്ക് പങ്കെടുക്കാൻ സാധിച്ചേക്കില്ലെന്നാണ് ടീച്ചറെ എതിർക്കുന്ന ഒരു വിഭാഗം പറയുന്നത്. ഇനി ടീച്ചർക്ക് വിസ ഉണ്ടെങ്കിൽ കൂടി വിവാദമായ സ്ഥിതിക്ക് ടീച്ചറെ ഒഴിവാക്കി നിർത്തുന്നതാണ് നല്ലത് എന്ന അഭിപ്രായം ഹിന്ദു സമുദായത്തിലെ തന്നെ മിതവാദികൾക്കിടയിൽ ശക്തമാണ്. എന്നാൽ ഇത്രയേറെ വിവാദമായ സ്ഥിതിക്ക് ടീച്ചറെ എന്ത് വില കൊടുത്തും പങ്കെടുപ്പിക്കും എന്ന വാശിയിലാണ് മറ്റൊരു തീവ്ര നിലപാടുകാർ. ഇക്കാരണത്താൽ ആണ് ഇത് സംബന്ധിച്ച തീരുമാനം വൈകുന്നത്. എന്തായാലും വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലെ ആദ്യ ഹിന്ദു മത പരിഷത്ത് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ലണ്ടൻ ഹിന്ദു ഐക്യ വേദിയുടെ മാറ്റിവയ്ക്കപ്പെട്ട ഒന്നാമത് ഹിന്ദുമത പരിഷത്ത് മുൻപ് നിശ്ചയിച്ചിരുന്ന വേദിയായ ക്രോയിഡോണിലെ ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് അക്കാദമിയിൽ വച്ച് രാവിലെ 10 മണി മുതൽ തന്നെ ആരംഭിക്കും. പരിഷത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുമെന്നാണ് സംഘാടകർ പറയുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത് പരിഷത്ത് ഒരു വിജയമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
മെയ് രണ്ടിനാണ് ആദ്യം ഹിന്ദു പരിഷത്ത് നടത്താൻ നിശ്ചയിച്ചിരുന്നത്. വിശിഷ്ടാതിഥികളായി തീരുമാനിച്ചിരുന്നത് ശശികല ടീച്ചറെയും ഡോ. ഗോപാലകൃഷ്ണനെയുമാണ്. എന്നാൽ ശശികലയും ഗോപാലകൃഷ്ണനും ബ്രിട്ടനിൽ എത്തി പ്രസംഗിക്കുന്നതിനെതിരെ ചില സംഘടനകൾ ബ്രിട്ടീഷ് എംബസ്സിക്കും ഹോം ഓഫീസിനും പരാതിനൽകുകയായിരുന്നു. ഇവർ വരുന്നത് സാമുദായിക സ്പർധ വളർത്തുമെന്ന് കാണിച്ചാണ് പരാതി നൽകിയിരുന്നത്. ഇരുവർക്കും വീസ നിഷേധിച്ചുവെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. ഇത് പ്രതിഷേധത്തിനുമിടയാക്കി. എന്നാൽ, പരിശോധനകൾ പൂർത്തിയാകുംവരെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുക മാത്രമാണ് ഉണ്ടായത്. വീസ വീണ്ടും അനുവദിച്ചതോടെയാണ് ഹിന്ദു പരിഷത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചത്. എന്നാൽ ശശികല ടീച്ചർ എത്തുമെന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിക്ഷത്തിന് ശശികല ടീച്ചറെ എത്തിക്കാനായിരുന്നു ഹിന്ദു ഐക്യ വേദിയുടെ ശ്രമം. ശശികല ടീച്ചറിന് മാത്രമല്ല, പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന സർവ്വസമ്മതനായ ഹിന്ദുമത പ്രഭാഷകൻ ഗോപാലകൃഷ്ണനും വിസ ലഭിച്ചിരുന്നില്ല. ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തിൽ അതിശക്തമായി വളർന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. വിസ നിഷേധിച്ചതാവട്ടെ ബ്രിട്ടീഷ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള അനേകം പേർക്ക് യുകെയിൽ നിന്നും തന്നെ നിരവധി പരാതികൾ പ്രവഹിച്ചതോടെയാണ്. എന്നാൽ ഉന്നത ഇടപെടലുകളിലൂടെ ശശികല ടീച്ചറിന് അനുകൂലമായ തീരുമാനം എടുപ്പിക്കാൻ ഹിന്ദു മതപരിഷത്തിനായി.