കൊച്ചി: രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പ്രസംഗവേദിയിൽ ശശികല അരങ്ങേറ്റം കുറിച്ചത്. അന്നു തുടങ്ങിയ പ്രസംഗം ഇപ്പോഴും ശശികല ടീച്ചർ തുടരുകയാണ്.

ഓരോ വർഷവും ശരാശരി 400 - 500 വേദികളിലാണ് ശശികല ടീച്ചർ പ്രസംഗിച്ച് ഹൈന്ദവജനതയെ 'സജീവ'മാക്കുന്നത്. ഓരോ പ്രസംഗവും വർഗീയവിഷം ചീറ്റുന്നവയെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആരോപണമുയരുന്നുണ്ടെങ്കിലും 'വിഷകല' എന്നു ചിലർ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും ശശികല ടീച്ചറുടെ പ്രസംഗത്തിനു ബുക്കിങ് കൂടിവരികയാണ്.

പ്രസംഗിക്കുന്നതിന്റെ കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടില്ലെങ്കിലും സമീപഭാവിയിൽ തന്നെ ഏറ്റവും കൂടുതൽ വേദികളിൽ പ്രസംഗിച്ചെന്ന സുകുമാർ അഴിക്കോടിന്റെ റെക്കോർഡ് തിരുത്താനാണു സാധ്യത. ഒമ്പതിൽ പഠിക്കുമ്പോൾ സംസ്ഥാന യുവജനോത്സവത്തിൽ രാഷ്ട്രപുനർനിർമ്മാണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ രണ്ടാം സ്ഥാനം നേടിയ കുട്ടി ഇന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയാണ്.

സിരകളിൽ ഹൈന്ദവ വികാരമുണർത്തുന്ന വിധത്തിൽ പ്രസംഗിക്കുന്നതിനാൽ ശശികല ടീച്ചറുടെ പ്രസംഗം ചില ഹിന്ദു സംഘടനകളുടെ അജണ്ടയിൽ ഒഴിവാക്കാനാവാത്തതാണ്. 2003 -ൽ ഹിന്ദു ഐക്യവേദി രൂപീകരിച്ചതു മുതൽ ശശികല ടീച്ചർ പ്രസംഗിച്ചതിന്റെ കണക്കുകളെടുത്താൽത്തന്നെ ആയിരക്കണക്കിന് വേദികളിലായി ലക്ഷക്കണക്കിനു പേരാണ് അവരുടെ പ്രസംഗം കേട്ടത്.

ഇത്രയും കാലം പ്രസംഗിച്ചിട്ടും മൂന്നുകേസുകൾ മാത്രമാണ് വന്നിട്ടുള്ളത്. അനുമതിയില്ലാതെ പ്രസംഗിച്ചതിന്റെ പേരിലാണത്. ഹിന്ദു ഐക്യവേദി രൂപീകരിച്ച ശേഷം ആദ്യമായി ചാലക്കുടിയിൽ പ്രസംഗിച്ചതിന്റെ ടേപ്പാണ് കഴിഞ്ഞ ദിവസം വി.ഡി.സതീശൻ പുറത്തു വിട്ടത്.

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ തന്നെ ബാലഗോകുലത്തിൽ പ്രവർത്തിച്ചിരുന്നു. ചിന്തകളുടേയും പ്രസംഗത്തിന്റേയും കളരി ബാലഗോകുലമായിരുന്നുവെന്ന് ശശികല ടീച്ചർ തന്നെ പറയും. ഇന്ത്യയിലെങ്ങും അവരുടെ ഭാഷയിൽ ഹിന്ദുവിന്റെ അവകാശങ്ങളേയും പീഡനങ്ങളേയും കുറിച്ച് അവർ പ്രസംഗിച്ചിട്ടുണ്ട്. 2011 ലും 2013 ലും രണ്ടു തവണയായി അമേരിക്കയിൽ 12 സ്ഥലത്ത് പ്രസംഗിച്ചു. 2015 ലണ്ടനിലും ഒരു സ്ഥലത്ത് പ്രസംഗിച്ചു.

എങ്ങിനെയാണ് ശക്തമായ ഹിന്ദു വർഗീയത മനസ്സിൽ കയറിയതെന്ന ചോദ്യത്തിന് അവർക്ക് വ്യക്തമായ മറുപടിയുണ്ട് 1921 ലെ മാപ്പിള ലഹളയിൽ ശശികല ടീച്ചറുടെ അച്ഛൻ വാസുദേവൻ നായരും സഹോദരങ്ങളും മറ്റും കുട്ടികളായിരുന്നു. മുസ്ലീങ്ങൾ കൂട്ടത്തോടെ ആക്രമിക്കാൻ വന്നതിന്റെ ബഹളങ്ങൾ അവർ കേട്ടിരുന്നു. എല്ലാവരും കൂടി തൊട്ടടുത്ത മുസ്ലിം വീട്ടിലേക്കാണ് പ്രാണരക്ഷാർത്ഥം ഓടി കയറിയത്. അക്രമിക്കാൻ വന്ന മുസ്ലീങ്ങളിൽ നിന്ന് സ്വന്തം ജീവൻ പോലും അവഗണിച്ച് രക്ഷ ചോദിച്ച് വന്നവരെ സംരക്ഷിക്കാൻ മുന്നിൽ നിന്നത് ആ വീട്ടിലെ മുസ്ലീങ്ങളായിരുന്നുവത്രെ.

ഞങ്ങളെ കൊന്ന ശേഷം മറ്റുള്ളവരെ കൊന്നു കൊള്ളു എന്നത്രെ ആ മുസ്ലിം വീട്ടുകാർ പറഞ്ഞത്. പക്ഷെ രക്ഷിച്ച മുസ്ലീങ്ങളെ ചരിത്രം വാഴ്‌ത്തിയില്ല. അക്രമികളെ മഹാന്മാരാക്കി. ഇതിനെതിരെയുള്ള രോഷം ടീച്ചറുടെ അച്ഛൻ ഉൾപ്പടെയുള്ളവരെ ഹൈന്ദവ വർഗീയതയിലേക്ക് ആകർഷിച്ചു. ഹൈന്ദവ പുസ്തകകൾ വായിച്ച് ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയതായി ടീച്ചർ പറഞ്ഞു.

സോഷ്യോളജിയിൽ എം.എയും ബി.എഡും ഉള്ള ടീച്ചർ ബി.എഡ് പഠിക്കാൻ മാത്രമേ കോളേജിൽ പോയിട്ടുള്ളു. 1978- 79 ൽ ഒന്നാം വർഷ പ്രീഡിഗ്രിക്ക് ഒരു വർഷം കോളേജിൽ പോയിട്ടുണ്ട്. തുടർന്ന് ടി.ടി.സി.ക്ക് പോയി. വല്ലപ്പുഴ സ്‌കൂളിൽ ടീച്ചറായി. പിന്നീട് ബി.എഡ് കിട്ടിയ ശേഷം അവിടെ തന്നെ ഹൈസ്‌കൂൾ അദ്ധ്യാപികയായി.

1995 ലാണ് പൊതുരംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്. പ്രത്യേക സാഹചര്യത്തിൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയായി മത്സരിച്ചു. തൊട്ടടുത്ത വർഷം പട്ടാമ്പിയിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 2003 ൽ ഹിന്ദു ഐക്യവേദി രൂപീകരിച്ചപ്പോൾ ജില്ലാ വൈസ് പ്രസിഡന്റായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായി. 2007 മുതൽ സംസ്ഥാന പ്രസിഡന്റായി തുടരുകയാണ്.

ശശികല ടീച്ചർ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ ഹയർസെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന 4500 ൽ 4000 പേരും മുസ്ലിം കുട്ടികളാണ്. ടീച്ചർ പഠിച്ചതും ഇതെ സ്‌കൂളിലാണ്. സ്‌കൂളിൽ അധികവും മദ്രസയിൽ പഠിക്കുന്ന കുട്ടികളുണ്ട്. അതു കൊണ്ട് തന്നെ മദ്രസ വിദ്യാഭ്യാസത്തെ കുറിച്ച് ടീച്ചർക്ക് വ്യക്തമായ അഭിപ്രായമുണ്ട്. മദ്രസയിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുരുഭക്തി കൂടും.അതു കണ്ട് പഠിക്കാൻ ഞാൻ ഹിന്ദു കുട്ടികളോട് പറയാറുണ്ട്. പക്ഷെ മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നതെന്നറിയില്ല.

ഹിന്ദു ഉൾപ്പടെ ആര് മതം പഠിപ്പിച്ചാലും അത് രാഷ്ട്രം അറിഞ്ഞു കൊണ്ടാവണം. സിലബസിൽ ഉള്ള വിഷയം സർക്കാർ അറിയണം. ഹിന്ദുമതത്തെ കുറിച്ച് പ്രസംഗത്തിൽ പറയുന്ന കാര്യങ്ങളല്ല നേരിട്ട് പറഞ്ഞത്. ഹിന്ദുമതം തന്നെ ഞാൻ പഠിച്ചിട്ടില്ല. മറ്റു മതങ്ങൾ പോലെ ക്യത്യമായി ഹിന്ദു മതത്തിന് ഒരു ഗ്രന്ഥം ഇല്ലാത്തതുകൊണ്ട് വായനക്കപ്പുറം അത് പഠിപ്പിച്ചിട്ടില്ല. എന്താണ് ഹിന്ദുവെന്നത് അറിയില്ലെങ്കിലും അതിൽ ലയിച്ച് ജീവിക്കുകയാണ്.

ഇന്ത്യയിൽ ഹിന്ദുവിനെ ഭരണഘടന നിർവ്വചിച്ചിട്ടില്ല. മുസ്ലിം,ക്രിസ്ത്യൻ, യഹൂദൻ, പാഴ്‌സി, സിഖ് അല്ലാത്ത ഭൂരിപക്ഷം എന്നു മാത്രമേ ഹിന്ദുവിനെ പറ്റി നിർവചിക്കുന്നുള്ളു. മതം എന്നാൽ അഭിപ്രായമാണ്. എല്ലാ മതവും ശരിയാണ്. കുട്ടിക്കാലം മുതലെ സ്ഥിരമായി ഒരു അമ്പലത്തിലും പോകാറില്ല. ഈശ്വര വിശ്വാസം ആവശ്യത്തിന് മാത്രമേയുള്ളു. വിശുദ്ധ ഖുർആനും ബൈബിളുമൊക്കെ മലയാള വിവർത്തനങ്ങൾ വായിച്ചു നോക്കിയിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

ഇന്ത്യയിൽ ദളിതൻ എന്നൊന്നില്ല. ബ്രാഹ്മണനിൽ നിന്ന് പീഡനം ഏൽക്കുന്നുവെന്ന് പറയുന്ന ദളിതൻ തന്നെ വിഭാഗങ്ങളായി പരസ്പരം അയിത്തം കൽപ്പിക്കുന്നു. ജനനം കൊണ്ടല്ല ഒരാൾ ബ്രാഹ്മണനാകുന്നത്, കർമ്മം കൊണ്ടാണ്. ബ്രാഹ്മണനെ പോലെ ജീവിക്കുന്ന ഹരിജന് ഏത് അമ്പലത്തിലും പൂജാരിയാകാനുള്ള യോഗ്യതയുണ്ട്.

നൗഷാദ് സംഭവത്തെ പറ്റി പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചത് മനോരമ പത്രമാണെന്ന് ടീച്ചർ ആരോപിച്ചു. പറഞ്ഞത് ശശികല ടീച്ചറായതു കൊണ്ട് നല്ലതു പറഞ്ഞാലും വർഗീയമായെ ചിത്രീകരിക്കു എന്നവർ പറഞ്ഞു. നൗഷാദ് നല്ലൊരു മനുഷ്യ സ്‌നേഹിയാണ്. നൗഷാദ് ചെയ്തത് മണ്ടത്തരമെന്ന് പറയാൻ കാരണം രക്ഷാ പ്രവർത്തനം നടത്തുമ്പോൾ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ചെയ്യാതെ ചാടിയിറങ്ങി എന്നർത്ഥത്തിലാണ്. ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നൗഷാദിന്റെ ഉമ്മക്ക് മകനേയും ഭാര്യക്ക് ഭർത്താവിനേയും നഷ്ടപ്പെടില്ലായിരുന്നു. ഒന്നും ആലോചിക്കാതെ നൗഷാദ് ചാടിയിറങ്ങിയപ്പോൾ ആ അമ്മയുടേയും ഭാര്യയുടേയും മനസ്സ് കണ്ടില്ലെന്നാണ് പറഞ്ഞത്.

ഇത് റിപ്പോർട്ട് ചെയ്യാൻ വന്നിരുന്നത് മനോരമ ലേഖകൻ മാത്രമായിരുന്നു. അയാൾ കൊടുത്ത തലക്കെട്ട് പോലും മാറ്റാതെ എല്ലാ പത്രങ്ങളും ആഘോഷിച്ചെന്ന് അവർ പറഞ്ഞു. വല്ലപ്പുഴ സ്‌കൂളിൽ തന്നെ ടീച്ചറുടെ മക്കളായ വി.പി.വിജീഷും ഉമാ മഹേഷും അദ്ധ്യാപികമാരാണ്. മറ്റൊരു മകൻ അടുത്തുള്ള ആമയൂർ സ്‌കൂളിൽ നോൺ ടീച്ചിങ്ങ് സ്റ്റാഫാണ്. ടീച്ചറുടെ അമ്മ ചിന്നമണി ടീച്ചർ പഠിച്ച സ്‌കൂളിൽ ടീച്ചറായിരുന്നു. അച്ഛൻ വാസുദേവൻ നായർ മാത്രമാണ് അദ്ധ്യാപക ജോലി ചെയ്യാത്തത് .അദ്ദേഹം ജുഡീഷ്യറിയിലാണ് ജോലി ചെയ്തിരുന്നതെന്നും ശശികല ടീച്ചർ പറഞ്ഞു.