ചെന്നൈ: അണ്ണാഡിഎംകെയിൽ അന്തിമവാക്ക് തന്റേതെന്നു തന്നെ തെളിയിച്ച് ശശികല നടരാജൻ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേറി. വിമത എംപി ശശികല പുഷ്പയുടേതടക്കമുള്ള എതിർപ്പുകളെ നിഷ്‌കരുണം അവഗണിച്ചാണ് ഏറെക്കാലം ജയലളിതയുടെ നിഴലായി പ്രവർത്തിച്ച ശശികല നടരാജൻ പാർട്ടി പിടിച്ചെടുത്തിരിക്കുന്നത്. അണ്ണാഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി പദത്തിലേക്ക് ശശികലയെ നിയമിക്കുന്ന പ്രമേയം മുഖ്യമന്ത്രി ഒ. പനീർശെൽവം അടക്കമുള്ള നേതാക്കൾ പങ്കെടുത്ത പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പില്ലാതെ പാസാക്കപ്പെടുകയായിരുന്നു. പാർട്ടി ഭരണഘടനാ പ്രകാരം പുതിയ ജനറൽ സെക്രട്ടിയെ തിരഞ്ഞെടുക്കും വരെയാണ് ശശികലയ്ക്കു ചുമതല നല്കിയിരിക്കുന്നത്.

ജയലളിതയുടെ പിൻഗാമി ആര് എന്ന ചോദ്യത്തിനു പ്രവർത്തകരും നേതാക്കളും ഒന്നടങ്കം നൽകിയ മറുപടി അമ്മയ്ക്ക് പകരം ചിന്നമ്മ മാത്രം എന്നാണ്. ജയലളിതയുടെ അകാലനിര്യാണത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ നിലവിൽ ഒന്നിച്ചുനിർത്താൻ ശശികലയ്ക്ക് മാത്രമേ കഴിയൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലെ പ്രധാനനേതാക്കളെല്ലാംതന്നെ ശശികലയുടെ നേതൃത്വം അംഗീകരിക്കുന്നവരാണ്. 'മണ്ണാർകുടി കുടുംബം' എന്നു വിളിക്കപ്പെടുന്ന ശശികലയുടെ ബന്ധുക്കളുടെ ശൃംഖലയ്ക്ക് പാർട്ടിയിലും ഭരണത്തിലുമുള്ള പിടി അതിശക്തമാണ്.

പാർട്ടി പ്രവർത്തകരിൽ ചിലർ അതൃപ്തിയുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ശശികല നടരാജൻ തന്നെ അണ്ണാഡിഎംകെയുടെ അമരത്തേക്ക് എത്തുകയാണ്. പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ ജയയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നായിരുന്നു മുഖ്യമന്ത്രി ഒ. പനീർസെൽവം അടക്കമുള്ളവരുടെ ആഗ്രഹിച്ചത്.

ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ വഴികാട്ടുമെന്ന് അണ്ണാഡിഎംകെ പ്രമേയത്തിൽ പറയുന്നു. ശശികലയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഒ. പനീർസെൽവം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയലളിതയ്ക്ക് ഭാരതരത്‌ന നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം പാർലമെന്റിൽ ജയയുടെ വെങ്കല പ്രതിമ സ്ഥാപിക്കുക എന്നതുൾപ്പെടെയുള്ള 14 പ്രമേയങ്ങളാണ് ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കിയത്.

ജയലളിതയ്ക്ക് മാഗ്‌സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം എന്നിവ നൽകണമെന്നും പ്രമേയങ്ങളിൽ ആവശ്യപ്പെടുന്നു. ഒൻപതരയ്ക്ക് ചേർന്ന യോഗത്തിൽ ഉടൻ തന്നെ പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനമാവുകയായിരുന്നു. ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.

ജയലളിത അമരത്തുണ്ടായിരുന്നപ്പോഴും പാർട്ടിയിലും ഭരണത്തിലും ശശികലയ്ക്കുകൂടി താത്പര്യമുള്ളവരെ മാത്രമാണ് സുപ്രധാന പദവികളിലേക്ക് കൊണ്ടുവന്നിരുന്നത്. അതുകൊണ്ടുതന്നെ ജനറൽസെക്രട്ടറി സ്ഥാനത്തേക്കുള്ള ശശികലയുടെ വരവിനെതിരെ പാർട്ടിയിൽ കലാപമുണ്ടാവാനുള്ള സാധ്യത കുറവാണ്. പാർട്ടിയുടെ എല്ലാ മുതിർന്നനേതാക്കളും അവരെ പിന്തുണയ്ക്കുന്നുണ്ട്. ശശികലതന്നെയാണ് പാർട്ടിയുടെ അന്തിമവാക്ക് എന്നു തെളിയിക്കുന്നരീതിയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സംഭവവികാസങ്ങൾ.

മുഖ്യമന്ത്രി ഒ. പനീർശെൽവമടക്കമുള്ള മന്ത്രിസഭാംഗങ്ങളും ശശികലയുമായി ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി ദിവസേനയെന്നോണം പോയസ് ഗാർഡനിൽ എത്തുന്നുണ്ട്. പ്രതിപക്ഷപാർട്ടികളിൽനിന്നുള്ള വിമർശം ഒഴിവാക്കാൻ പോയസ് ഗാർഡന് ജയലളിതയുടെ കാലത്ത് ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കാനും ശശികല തീരുമാനിച്ചിരുന്നു. ശശികലയുടെ സുരക്ഷാച്ചുമതല ഇപ്പോൾ സ്വകാര്യ ഏജൻസിക്കാണ്.

തഞ്ചാവൂരിനടുത്തുള്ള മണ്ണാർഗുഡിയിൽനിന്നും 28 കിലോമീറ്ററോളം അകലെയുള്ള തിരുത്തുറൈപൂണ്ടിയിലാണ് ശശികല ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ മണ്ണാർഗുഡിയിലായിരുന്നു. തേവർ സമുദായാംഗമായ ശശികലയുടെ ബന്ധുക്കളുടെ വീടുകളും മണ്ണാർഗുഡിയിലാണ്. ഡി. എം. കെ. അനുഭാവിയിയും തമിഴ്‌നാട് സർക്കാർ സർവീസിൽ പബ്‌ളിക് റിലേഷൻസ് ഓഫീസറുമായിരുന്ന നടരാജനെ കല്ല്യാണം കഴിച്ചതോടെയാണ് ശശികല ചെന്നൈയിലേക്ക് വന്നത്. എം. ജി. ആറിനു കീഴിൽ എ. ഐ. എ. ഡി. എം. കെ. പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കെയാണ് ജയലളിതയെ ശശികല ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി ശശികല വളരുന്നതാണ് തമിഴകം കണ്ടത്.

ശശികല പുതിയ സെക്രട്ടറിയാകുന്നതിനെ ചോദ്യം ചെയ്ത് പാർട്ടി വിമത ശശികല പുഷ്പ എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്നും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തള്ളിയാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം ജനറൽ സെക്രട്ടറി പദവിയിലേക്കു നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ ശശികല പുഷ്പയുടെ ഭർത്താവ് ലിംഗേശ്വരനെ പാർട്ടി ഓഫീസിനു വെളിയിൽ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു.