ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവായി ശശികല നടരാജൻ എന്ന ചിന്നമ്മയെ നിയോഗിക്കാൻ നീക്കം നടത്തുന്നതിനെതിരെ മറ്റൊരു ശശികല രംഗത്ത്. എഐഡിഎംകെയിൽ നിന്ന് പുറത്താക്കിയ രാജ്യസഭാ അംഗം ശശികലാ പുഷ്പയാണ് ചിന്നമ്മയ്‌ക്കെതിരെ നീക്കം നടത്തുന്നത്.

ജയലളിതയുടെ പിൻഗാമിയായി ചിന്നമ്മയെന്ന ശശികല നടരാജൻ വരണമെന്ന് എഐഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണു ശശികല പുഷ്പ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ശ്വാസം നിലക്കുന്നത് വരെ ചിന്നമ്മക്കെതിരെ പോരാടുമെന്നാണ് ശശികല പുഷ്പ പറയുന്നത്. നടരാജനെ പോലൊരാൾ പാർട്ടിയിലേക്ക് വരുന്നത് പാർട്ടി അംഗങ്ങളോ അനുഭാവികളോ അംഗീകരിക്കുന്നില്ലെന്നും ശശികല പുഷ്പ പറഞ്ഞു.

അമ്മക്ക് ഈ സംഘം കാരണം അസ്വാഭാവികമായി എന്തോ സംഭവിച്ചുവെന്നു ശശികല പുഷ്പ പറയുന്നു. എന്തോ ചതി അമ്മയുടെ മരണത്തിന് പിന്നിൽ സംഭവിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പാർട്ടി അംഗം പോലുമല്ലാത്ത ഒരാൾ ഭാവിയിൽ പാർട്ടിയെ നയിക്കണം എന്ന് എങ്ങനെയാണ് കരുതാനാവുക. അവരെ ജനറൽ സെക്രട്ടറി എന്ന് എങ്ങനെയാണ് വിളിക്കാനാവുക. മുതിർന്ന നേതാക്കളെ ശശികലയുടെ കുടുംബം ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവർക്ക് ജനറൽ സെക്രട്ടറിയാക്കേണ്ടി വരികയാണ്. പാർട്ടിയെ നയിക്കാൻ അവർ ആരാണ്. പാർട്ടിയുടെ താഴെ തട്ടിലുള്ളവർ ആരും ശശികല നടരാജനെ അംഗീകരിക്കില്ലെന്നും ശശികല പുഷ്പ പറഞ്ഞു.

ജയലളിതയോടൊപ്പം 35 വർഷമായി ഒപ്പം ഉണ്ടെന്നതാണ് ജനറൽ സെക്രട്ടറിയാക്കാനുള്ള കാരണമായി പറയുന്നത്. എന്റെ വീട്ടിലെ ജോലിക്കാരി 25 വർഷമായി എന്നോടൊപ്പമുണ്ട്. എന്ന് കരുതി എന്റെ വീട്ട് ഭരണം അവരെ ഏൽപ്പിക്കില്ലല്ലോ എന്നും ശശികല പുഷ്പ ചോദിക്കുന്നു. അതു കൊണ്ട് തന്നെ ജീവന്റെ അവസാന ശ്വാസം വരെ ശശികലക്കെതിരായി പോരാടുമെന്നും ശശികല പുഷ്പ പറഞ്ഞു.