ചെന്നൈ: മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി ഇറങ്ങിയ ശശികലയ്ക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല തടവറയിലേക്ക്. ശശികലയെ നാല് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവർ ഉൾപ്പെട്ട ബഞ്ചിന്റേതാണ് വിധി. പത്ത് കോടി രൂപ പിഴയും ഒടുക്കണമെന്നാണ് കോടതി വിധി.

ശശികലയ്ക്ക് പ്രതികൂലമാണ് വിധിയെന്നതിനാൽ രാഷ്ട്രീയഭാവി ഇരുളടഞ്ഞു. മുഖ്യമന്ത്രി സ്ഥാനമുൾപ്പെടെയുള്ള എല്ലാ അവകാശവാദങ്ങളെയും അടച്ചു കളയുന്നതാണ് വിധി. സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ അന്തരിച്ച തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാംപ്രതി. ജയലളിത മരിച്ചതിനാൽ അവരുടെ പേര് പ്രതിപ്പട്ടികയിൽ നിന്നും നീക്കിയിരുന്നു. ജയലളിതയുടെ വളർത്തുമകൻ വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ വെറുതെവിട്ട കർണാടക ഹൈക്കോടതിവിധിക്കെതിരെ നൽകിയ അപ്പീൽ കഴിഞ്ഞ ജൂൺ ഏഴിനാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം നീണ്ട വേളയിലാണ് ഇപ്പോൾ സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. 

1991-'96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമാഹരിച്ച കേസിൽ നാലുപ്രതികൾക്കും വിചാരണക്കോടതി നാലുവർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറു കോടി രൂപയും ശശികല ഉൾപ്പെടെ മറ്റുള്ളവർക്ക് പത്ത് കോടി രൂപ വീതവും പിഴയും വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കർണാടക ഹൈക്കോടതി നാലുപേരെയും വെറുതെവിട്ടത്. തുടർന്നാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലെത്തിയത്. ഈ അപ്പീലിലാണ് കോടതി കർശന നിലപാട് എടുത്തിരിക്കുന്നത്.

ജനതാ പാർട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ൽ സമർപ്പിച്ച ഹർജിയിൽ 18 വർഷങ്ങൾക്ക് ശേഷം 2014 സെപ്റ്റംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയിൽ ജയലളിത നൽകിയ അപ്പീൽ അംഗീകരിച്ച് ജയലളിതയും ശശികലയും ഉൾപ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടർന്നാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി പറയാൻ മാറ്റിയതും ഇപ്പോഴത് തമിഴ് രാഷ്ട്രീയത്തിന്റെ തന്നെ വിധിയെഴുത്തായതും. 

സുബ്രഹ്മണ്യം സ്വാമിയുടെ പരാതിപ്രകാരമാണ് തമിഴ്‌നാട് വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം നേരത്തെ ജയയുടെ വസതിയിൽ റെയ്ഡ് നടത്തിയത്. ജയലളിത 66.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് ഇതിൽ വിജിലൻസ് കണ്ടെത്തി. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്.



ജയലളിതയുടെ മരണത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറിയായ ശശികല മുഖ്യമന്ത്രിയാകാൻ കരുനീക്കം തുടങ്ങിയപ്പോഴാണ് സുപ്രീം കോടതി വിധി എത്തുന്നത്. കാവൽ മുഖ്യമന്ത്രി പനീർശെൽവവുമായുള്ള ഗ്രൂപ്പ് യുദ്ധത്തിൽ പ്രതിസന്ധിയിലായ ശശികലയ്ക്ക് തിരിച്ചടിയായതോടെ എന്താകും അടുത്ത നീക്കമെന്നതാണ് കാതോർക്കുന്നത്. ആദായനികുതി കേസ് മാത്രമായി പരിഗണിക്കണമെന്നായിരുന്നു ശശികലയുടെ വാദം. എന്നാൽ, ഈ വാദം അംഗീകരിക്കാത്ത കോടതി രാഷ്ട്രീയ അഴിമതി തന്നെയാണ് ഇവിടെയുണ്ടായതെന്ന് അവർ വിധിച്ചു.

അതിനിടെ, തമിഴ്‌നാട് നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിന് നിയമോപദേശം ലഭിച്ചു. അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയാണ് നിയമോപദേശം നൽകിയത്. അതിനിടെ ഒരു എംപിയും എംഎൽഎയും കൂടെ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിനു പിന്തുണയറിയിച്ചു. മധുര സൗത്ത് എംഎൽഎ ശരവണനും മധുര എംപി ഗോപാലകൃഷ്ണനുമാണ് പനീർസെൽവത്തിന്റെ വീട്ടിലെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോൾ ശശികല ക്യാമ്പിലുള്ള എംഎൽഎമാർ കൂട്ടത്തോടെ ഒപിഎസ് ക്യാമ്പിലേക്ക് എത്താനാണ് സാധ്യത.

വിശ്വസ്തരായ ഇവരുടെ കൊഴിഞ്ഞു പോകലിൽ ഭയന്ന ശശികല എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ ഇന്നലെ ശശികല എത്തിയിരുന്നു. 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികല പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടാൻ അവർ തയാറായിട്ടില്ല. തമിഴ്‌നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്.



സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ചൊവ്വാഴ്ച രാവിലെയും ശശികല. സുപ്രീം കോടതിയിൽനിന്ന് നല്ല വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് രാവിലെ അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജയലളിത മരിച്ചതിനുശേഷം എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തിരക്കിട്ട നീക്കങ്ങൾ നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഒരുക്കങ്ങൾപോലും തുടങ്ങി. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഗവർണർ സി വിദ്യാസാഗർ റാവു നിയമോപദേശം തേടിയതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ അനിശ്ചിതത്വത്തിലായത്.

തൊട്ടുപിന്നാലെ മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിൽ എത്തിയ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നിർബന്ധിച്ചാണ് രാജിവെപ്പിച്ചതെന്ന വെളിപ്പെടുത്തൽ നടത്തി. ജനപിന്തുണയുള്ള താൻ മുഖ്യമന്ത്രിയാകണമെന്നാണ് ജയലളിത ആഗ്രഹിച്ചിരുന്നതെന്നും വെളിപ്പെടുത്തി. ഇതോടെയാണ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമാകുന്നത്.