ചെന്നൈ: ജയലളിതയുടെ വിയോഗത്തോടെ തമിഴ്‌നാട്ടിലെ 'ചിന്നമ്മ' ആകാനുള്ള തയ്യാറെടുപ്പിലാണ് തോഴി ശശികല. ജയയുടെ നിഴൽ പോലെ നടന്ന് അവരെ ജയിലിലും അനുഗമിച്ച ശശികലയാണ് ഇനി തമിഴ്‌നാട് ഭരിക്കാൻ ഒരുങ്ങുന്നത്. ജയ ഭരിക്കുമ്പോൾ തന്നെ നിർണായക അധികാര കേന്ദ്രമായിരുന്നു ശശികല. അതുകൊണ്ട് തന്നെ അവരെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല. എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അവർ പച്ചസാരിയുടുത്ത് അമ്മയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് എത്തിയതും. എന്തായാലും പാർട്ടിയുടെ തലപ്പത്ത് എത്തിയ അവർതന്നെയാകും ഒ പനീർശെൽവത്തെ മുൻനിർത്തി തൽക്കാലം തമിഴ്‌നാട് ഭരിക്കുക.

എതിർപ്പുകളൊന്നുമില്ലാതെ ഏകകണ്‌ഠേനയാണ് ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടി കൈപ്പിടിയിലാക്കിയ ശശികല ഇനി മുഖ്യമന്ത്രി പദവിയും കരസ്ഥമാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. അവർക്ക് മേൽ തുങ്ങിക്കിടക്കുന്ന അഴിമതി കേസാണ് ഇതിന് തടസമാകുന്നത്. അധികം വൈകാതെ കോടതിയിൽ നിന്നും മുക്തി നേടി അവർ മുഖ്യമന്ത്രികസേരയിൽ എത്തുമെന്ന് കരുതുന്നവർ ഏറെയാണ്.

ഇതിനിടെയാണ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓഫീസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാർത്തയും പുറത്തുവന്നത്. ജയലളിതയുടെ ഓഫീസ് നന്നാക്കുന്നത് ശശിലകയുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായാണെന്ന കിംവതന്ദികളും ഇതോടെ പരക്കുന്നുണ്ട്. ചില പ്രധാന വാസ്തുശാസ്ത്രപരമായ മാറ്റങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുത്തുന്നുണ്ടെന്നാണ് അറിവ്. ശശികല ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ് പത്ത് ദിവസങ്ങൾക്കുള്ളിൽ അണ്ണാ ഡി എം കെയിലെ നിയമസഭാംഗങ്ങളുടെ കൂടിക്കാഴ്ച ഏർപ്പാടാക്കി ശശികലയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ ശ്രമമുണ്ടെന്ന വാർത്തകളുമുണ്ട്.

ശശികലയെക്കുറിച്ചുള്ള ആദ്യ ഓർമകൾ ജയലളിതയ്ക്ക് പിന്നിൽ നിന്നുള്ളതാണ്. എവിടെയും എപ്പോഴും ജയലളിതയുടെ പിന്നിലായിരുന്നു ശശികല. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ ജയലളിതയ്ക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടെമ്പോട്രാവലറിൽ ജയലളിതയ്ക്ക് പിന്നിലായി ശശികലയുണ്ടാവും. എഴുതിത്ത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു ജയലളിതയുടെ പതിവ്. പിന്നിൽ നിന്നും ഒന്നൊന്നായി ഷീറ്റുകൾ ജയലളിതയ്ക്ക് കൈമാറുന്ന ശശികല മാദ്ധ്യമ പ്രവർത്തകരുടെ ക്യാമറകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പ്രത്യേകം കരുതലെടുത്തിരുന്നു. എന്നാൽ ഇനി മുതൽ ശശികല മുന്നിൽ തന്നെയായിരിക്കും.

ജയലളിത നേരിട്ട ഈ പ്രതിസന്ധികൾ ശശികലയും നേരിടുന്നുണ്ട്. ശശികലയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള പ്രതിച്ഛായ അത്ര നല്ലതല്ലെന്നതാണ് പ്രധാന വെല്ലുവിളി. ജയലളിതയെയും വഴിപിഴപ്പിച്ചവൾ എന്ന ഇമേജാണ് അവർക്ക്. ശശികലയും ജയലളിതയും വചനത്തിലും ചെയ്തിയിലും ഇരുവരും ഒന്നിച്ചായിരുന്നു. ജയലളിതയിൽ നിന്ന് മാറ്റിനിർത്തി ശശികലയെയും ശശികലയിൽ നിന്ന് മാറ്റിനിർത്തി ജയലളിതയെയും കാണാനാവില്ല എന്നതാണ് വാസ്തവം. ജയലളിത എന്ന വ്യക്തിയുടെ ഉള്ള് പൊതുജനങ്ങളോ മാദ്ധ്യമ പ്രവർത്തകരോ അധികമൊന്നും കണ്ടിട്ടില്ല. ശശികലയുടെ കാര്യത്തിലാണെങ്കിൽ നമുക്കറിയാവുന്നത് അതിലും കുറച്ചു മാത്രമാണ്.

ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിയമിക്കപ്പെട്ട പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ശശികലയുടെ ഭർത്താവ് നടരാജൻ. ശശികലയുടെയും നടരാജന്റെയും കല്ല്യാണം നടത്തിക്കൊടുത്തത് കലൈഞ്ജർ കരുണാനിധിയാണ്. അക്കാലത്ത് ചെന്നൈയിൽ വീഡിയോപാർലർ നടത്തിയിരുന്ന ശശികലയെ നടരാജന്റെ അഭ്യർത്ഥനയെ തുടർന്ന് ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.എ.എസ്. ഓഫീസറായിരുന്ന ചന്ദ്രലേഖയാണ്. ഇതേ ചന്ദ്രലേഖയ്ക്ക് നേരെയാണ് പിന്നിട് ആസിഡ് ആക്രമണമുണ്ടായതെന്നത് മറ്റൊരു കാര്യം.

എ.ഐ.എഡി.എം.കെ. പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്ന ശശികല ജയലളിതയുടെ ചില യോഗങ്ങളുടെ വീഡിയോ കവറേജ് ഏറ്റെടുത്തു. അങ്ങിനെ തുടങ്ങിയ സൗഹൃദമാണ് ഇന്നിപ്പോൾ ജയലളിതയുടെ പിൻഗാമിയെന്ന നിലയിലേക്ക് ശശികലയെ ഉയർത്തിയത്. ട്രിപ്ലിക്കെയ്‌നിൽ നടരാജന്റെ വീട്ടിൽ രാഷ്ട്രീയം പറയാനെത്തുമ്പോൾ അതിൽ കേൾവിക്കാരിയായുണ്ടായിരുന്ന ശശികലയെ നടരാജന്റെ ചില സുഹൃത്തുക്കൾ ഓർക്കുന്നുണ്ട്.

ശശികലയുടെ നേതൃശേഷി പൊതുജനത്തിനറിയില്ലെങ്കിലും എ.ഐ.എഡി.എം.കെ. നേതാക്കൾക്കറിയാം. കഴിഞ്ഞ 25 കൊല്ലമായി ഈ നേതാക്കൾ കൂടുതൽ പേരും ഉത്തരവുകൾ സ്വീകരിച്ചിരുന്നതും ശശികലയിൽ നിന്നാണ്. മുഖ്യമന്ത്രിയും ജനറൽ സെക്രട്ടറിയുമായി ജയലളിത വിരാചിക്കുമ്പോൾ അടിത്തട്ടിൽ കാര്യങ്ങൾ നടത്തിയിരുന്നത് ശശികലയാണ്. പാർട്ടിയിലും ഭരണത്തിലും പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം ശശികല നേരിട്ട് തിരഞ്ഞെടുത്തവരാണ് ഇപ്പോഴുള്ളത്. എംഎൽഎമാരുടെയും എംപിമാരുടെയും കാര്യവും അതുതന്നെയാണ്. അതുകൊണ്ടാണ് ജയലളിതയുടെ അഭാവത്തിലും പാർട്ടി നേതാക്കൾ ശശികലയ്ക്ക് പിന്നിൽ അണിനിരക്കുന്നത്.

ജയലളിത എല്ലാവരോടും കൃത്യമായി ഒരകലം സൂക്ഷിച്ചിരുന്നു. ശശികലയോടാണ് ജയലളിത കാര്യങ്ങൾ പറഞ്ഞിരുന്നത്. ജയലളിതയയ്ക്കും അണികൾക്കുമിടയിലുള്ള പാലം ശശികലയായിരുന്നു. 1991 നും 96നുമിടയിൽ കളിച്ച കൈവിട്ട കളികളുടെ തിക്ത ഫലങ്ങൾ ജയലളിതയെയും ശശികലയെയും ഒട്ടനവധി പാഠങ്ങൾ പഠിപ്പിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള ഒരു ഭരണത്തിലും ജയലളിതയെ കുടുക്കാൻ കഴിയുന്ന അഴിമതിക്കേസുകൾ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.അതിനുള്ള മുൻകരുതലുകൾ ജയലളിതയും ശശികലയും കൃത്യമായി എടുത്തിരുന്നു.

1991 മുതൽ 2016 വരെയുള്ള കാലയളവിൽ ജയലളിത ഭരണത്തിലും പ്രതിപക്ഷത്തുമിരുന്നപ്പോൾ ശശികല കൂടെത്തന്നെയുണ്ടായിരുന്നു. പാർട്ടിയിൽ ഇപ്പോഴുള്ള എല്ലാ നേതാക്കളും ആരാണെന്നും എന്താണെന്നും ശശികലയ്ക്ക് നന്നായറിയാം. അവരുടെ എല്ലാ രഹസ്യങ്ങളും ശശികലയുടെയും കുടുംബത്തിന്റെയും കൈയാലുണ്ട്. മണ്ണാർകുടി കുടുംബം ഒരു സാധാരണ കുടുംബമല്ല. അധികാരവും സമ്പത്തും കൈയാളുന്ന വലിയൊരു ശൃംഖലയാണത്. അതിന്റെ കണ്ണികൾ പൊട്ടിക്കുക എളുപ്പമല്ലെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി വരെ തിരിച്ചറിയുന്നുണ്ട്.