ചെന്നൈ: തമിഴ്‌നാട്ടിൽ ജയലളിതയുടെ പിൻഗാമി ശശികല. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു നേതാക്കൾ പോയസ് ഗാർഡനിലെത്തി ശശികലയെ കണ്ടു.

ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെത്തിയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശശികലയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നു ജയ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനനും, മുതിർന്ന നേതാവ് കെഇ സെങ്കോട്ടയ്യനും ചെന്നൈ മുൻ മേയർ സൈദ എസ് ദുരൈസ്വാമിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയെ പോലെ ശശികലയും പാർട്ടിയെ നയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

ജയലളിതയുടെ വിയോഗത്തോടെ പാർട്ടിയുടെ തലപ്പത്ത് ശശികല വരുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി ഒ പനീർശെൽവം രണ്ട് തവണ പോയസ് ഗാർഡനിലെത്തി ശശികലയുമായി ചർച്ച നടത്തിയതും ഇതിന് ബലമേകി.

അതിനിടെ, പ്രതിഷേധവുമായി നിരവധി പ്രവർത്തകരും രംഗത്തെത്തി. ജയലളിതയുടെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി പോയസ് ഗാർഡനിൽ എത്തിയത്. ഇവരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു.

സർക്കാരിലും പാർട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കൾക്ക് ശശികല മുന്നറിയിപ്പ് നൽകിയതായാണു വിവരം. അധികം വൈകാതെ ബന്ധുക്കളെ പോയസ് ഗാർഡനിൽനിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്. പാർട്ടിയുടെ അമരത്തേയ്ക്ക് വരുന്നതിന് മുൻപ് പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ശശികലയുടെ ഭർത്താവ് നടരാജൻ അടക്കമുള്ള ബന്ധുക്കൾ പോയസ് ഗാർഡനിലാണ് താമസിക്കുന്നത്. ഇതിനെതിരെയും പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്. 2011ൽ ജയലളിത പുറത്താക്കിയ ശശികലയുടെ ബന്ധുക്കളെല്ലാം അവരുടെ മരണശേഷം പോയസ് ഗാർഡനിലെ വസതിയിൽ തിരികെയെത്തി സ്ഥിരതാമസമാക്കിയത് പ്രവർത്തകരിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ശശികലയുടെ നടപടി.

ബന്ധുക്കൾ ഏതെങ്കിലും തരത്തിൽ ഭരണത്തിലും പാർട്ടിയിലും ഇടപെടുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും ശശികല വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളുടെ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ആരും കണക്കിലെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും മന്ത്രിമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അവർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.