കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ക്യാമ്പസുകളിലൂടെയുള്ള മേരി ക്യൂറി നാടക യാത്ര പകുതിയിൽ നിർത്തിയിതിന് പിന്നിൽ അഭിനേതാക്കളുടെ കഞ്ചാവടി. രണ്ട് ടീമുകളായി കാസർകോട് നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് തൃശൂരിൽ സംഗമിക്കുന്ന രീതിയിലായിരുന്നു നേരത്തെ നാടക യാത്ര തീരുമാനിച്ചിരുന്നത്.

എന്നാൽ ഇത്രയും ദിവസം ജോലിയിൽ നിന്നോ, മറ്റോ മാറിനിൽക്കാനാകാത്ത സാഹചര്യത്തിൽ പരിഷത് പ്രവർത്തകരോ, പരിഷത്തിന്റെ യുവജന വിഭാഗമായ യുവസമിതിയുടെ പ്രവർകർക്കോ കഴിയാത്ത സാഹചര്യത്തിലാണ് തൃശൂരിലെ പ്രമുഖ കലപഠന കേന്ദ്രത്തിൽ നിന്നും മറ്റും പരിഷത് പ്രവർത്തകരല്ലാത്തവരെ പങ്കെടുപ്പിച്ച് നാടകം തുടങ്ങിയത്. അത് തന്നെയാണ് പരിഷത്തിന് വിനയായതും. സാധാരണ രീതിയിൽ പരിഷത്തിന്റെ കലാജാഥകളിലും നാടകങ്ങളിലും മറ്റുമെല്ലാം പങ്കെടുത്തിരുന്നത് സംഘടന പ്രവർത്തകർ തന്നെയായിരുന്നു.

അവരൊക്കെ തന്നെ പൊതുവെയും യാതൊരു വിധ ലഹരികൾക്കും അടിമപ്പെടാത്തവരുമാണ്. എന്നാൽ ഇത്തവണത്തെ നാടക യാത്രക്ക് വേണ്ടത്ര പരിഷത് പ്രവർത്തകരെ കിട്ടാത്തതിനാലാണ് മറ്റുള്ളവരെ കൂടി ഉൾപെടുത്തിയത്. അതിൽ ഭൂരിഭാഗം ആളുകളും തൃശൂരിലെ സ്ഥാപനത്തിൽ നിന്നുള്ളവരായിരുന്നു. പലരും ഇപ്പോൾ ഇവിടെ പ്രവേശനം നേടുന്നത് തന്നെ കഞ്ചാവടിക്കാനാണെന്നതാണ് വാസ്തവും. ഇവരുമായി നാടക യാത്ര തുടങ്ങിയപ്പോൾ തുടങ്ങിയ അസ്വാരസ്യങ്ങൾ തൃശൂരിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ നാടകം നിർത്തി വീട്ടിൽ പോകേണ്ട അവസ്ഥയിലെത്തി.

ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയായിരുന്ന മേരി ക്യൂരി ക്യാമ്പസ് നാടക യാത്രയുടെ ഷെഡ്യൂൾ നിശ്ചയിച്ചിരുന്നത്. വേണ്ടത്ര അഭിനേതാക്കളെ ലഭിക്കാത്തത് കാരണം രണ്ട് ടീമുകൾക്ക് പകരം ഒരു ടീമേ ഉണ്ടായിരുന്നുള്ളൂ. ഇവർ മുൻ നിശ്ചയിച്ച പ്രകാരം കാസർകോഡ് തുടങ്ങുകയും ചെയ്തു. അഭിനേതാക്കളാരും പരിഷ്ത് പ്രവർത്തകരോ സംഘടനയുമായി ബന്ധമുള്ളവരോ അല്ലാത്തതിനാൽ തന്നെ സംഘടനക്കോ ഘാടകർക്കോ ഇവരുടെ മേൽ യാതൊരു നിയന്ത്രണങ്ങളോ പറയാൻ പറ്റുമായിരുന്നില്ല.

പലയിടത്തും അവർക്കുതോന്നിയ രീതിയിൽ പരിപാടി അവതരിപ്പിച്ച് പോവുകായാണ് ചെയ്തത്. ഒരു മണിക്കൂറുള്ള നാടകം അവരുടെ ഇഷ്ടത്തിന് വെട്ടിക്കുറച്ച് അരമണിക്കൂറായി അവതരിപ്പിച്ച സ്ഥലങ്ങളുമുണ്ട്. പ്രാദേശികമായും ക്യാമ്പസുകൾ കേന്ദ്രീകരിച്ചുമായിരുന്നു സ്വീകരണം. സ്വീകരണ കമ്മറ്റികൾക്കും പക്ഷെ ഇവരോട് അഭിനേതാക്കളോട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് അഭിനേതാക്കളുടെ കഞ്ചാവടി സംഘാടകരുടെ ശ്രദ്ധയിൽപെടുന്നത്. പരിഷത്ത് പോലൊരു സംഘടനയുടെ ബാനറിൽ നടക്കുന്ന പരിപാടിയിൽ കഞ്ചാവ് പോലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്.

ഇത് സംഘടനയുടെ സൽപേരിനെ ബാധിക്കുമെന്ന ആശങ്കയോടെ പിന്നീട് ഏതാനും ദിവസം കൂടി യാത്ര തുടർന്നെങ്കിലും നാടകത്തിൽ അഭിനയിക്കുന്ന പെൺകുട്ടി ശാരീരിക അസ്വാസത്ഥ്യം പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം സംഘാടകർക്ക് പിടികിട്ടിത്. പെൺകുട്ടിയും കഞ്ചാവടിച്ച് തലകറങ്ങിയതായരുന്നു. പിന്നെ മുന്നും പിന്നും ചിന്തിക്കാതെ നാടകം നിർത്തിവീട്ടിൽ പോവാൻ പറയുകയായിരുന്നു സംഘാടകർ. തുടർച്ചയായ യാത്ര കാരണം അഭിനേതാക്കൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ നാടക യാത്ര തൽകാലം അവസാനിപ്പിക്കുന്നതായി അടുത്ത ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തു.