തിരുവനന്തപുരം: അർദ്ധരാത്രിയിൽ ഒരു ഹൊറർ ചിത്രം. കാണികൾക്ക് ഹൊറർ ചിത്രാസ്വാദനത്തിന്റെ എല്ലാവിധ ഭയാനതകളും സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രോത്സവം. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രം അർദ്ധരാത്രിയിൽ പ്രദർശിപ്പിച്ചു കൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിക്കൽ കൂടിയാകുമിത്. ഏറെ ജനപ്രീതി നേടിയ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവാണ് മിഡ് നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്നത്. മേളയുടെ നാലാം ദിനം രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തിന്റെ പ്രദർശനം. 

ഒറ്റത്തവണ മാത്രം ചിത്രം പ്രദർശിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1980 കളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന ചിത്രം പതിവ് ഹൊറർ ചിത്ര ഫോർമുലകളിൽ നിന്ന് പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും വ്യത്യസ്തത പുലർത്തുന്നു. ഇന്തോനേഷ്യൻ ചലച്ചിത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി എട്ട് അംഗീകാരങ്ങൾ നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിനിമാ നിരൂപകൻ കൂടിയായ ജോകോ അൻവറാണ്.

നിഗൂഢമായ രോഗം ബാധിച്ച് മരണമടയുന്ന കുടുംബനാഥ, തുടർന്ന് കുടുംബത്തെ തന്നെ വേട്ടയാടുന്ന പൈശാചിക ശക്തിയായി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മേളയിലെത്തുന്ന പ്രേക്ഷകന് ഹൊറർ ചിത്രത്തിന്റെ എല്ലാ ഭയാനതകളോടെയും ചിത്രം ആസ്വദിക്കാനുതകും വിധമാണ് അർദ്ധരാത്രിയിലെ പ്രദർശനം ഒരുക്കിയിട്ടുള്ളത്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80ലധികം ചിത്രങ്ങളും മത്സര വിഭാഗത്തിലുള്ള 14 ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. ഡിസംബർ എട്ടു മുതൽ 15 വരെയാണ് മേള

ചിത്രത്തിന്റെ ട്രെയിലർ കാണാം