ഡബ്ലിൻ: ഭാരതസംസ്‌ക്കാരവും ഹൈന്ദവ പുരാണങ്ങളെയും അടിസ്ഥാനമാക്കി, വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് സംഘടിപ്പിച്ച സത്ഗമയ ബാലവിഹാർ ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. കഴിഞ്ഞ ശനിയാഴ്ച ഡബ്ലിൻ ഫീനിക്‌സ് പാർക്കിലെ മരച്ചുവട്ടിൽ പരമ്പരാഗത രീതിയിൽ സംഘടിപ്പിച്ച ക്യാമ്പ്, കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അടുത്തറിയാനും, മരങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയും മനസ്സിലാക്കികൊടുത്തു. സൂര്യനമസ്‌കാരത്തോടെ ആരംഭിച്ച ക്യാമ്പിൽ വേദപഠന ക്ലാസ്സുകളും, വ്യക്തിത്വ വികസനം, വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ഡബ്ലിൻ കാഴ്ച ബംഗ്‌ളാവ് സന്ദർശനത്തിൽ കുട്ടികൾ തന്നെ ഓരോ മൃഗങ്ങളെക്കുറിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ കൂടുതൽ വിജ്ഞാനപ്രദമാക്കി. ക്യാമ്പിന് ബിന്ദുരാമൻ, പ്രീതാ വസന്ത്, ലേഖാ രൂകേഷ്, നാജാ നടരാജൻ എന്നിവർ നേതൃത്വം നൽകി.

അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായമയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ വച്ച് സെപ്റ്റംബർ 11 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിരകളി,മോഹിനിയാട്ടം,ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകർഷണങ്ങളായിരിക്കും. പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ 0892077713, 0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.