ഡബ്ലിൻ: മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ അയർലണ്ടിൽ സത്ഗമയ കുട്ടികൾക്കായി സാഹിത്യ ശിബിരം സംഘടിപ്പിക്കുന്നു. ഡൽഹിയിലെ മലയാള ഭാഷ പഠന കേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടിയ ഡോ: എഴുമറ്റൂർ രാജരാജ വർമ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്‌ച്ച ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ ഡബ്ലിൻ ക്‌ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ വച്ച് സാഹിത്യ ശിബിരം നടത്തപ്പെടും.

മാതൃഭാഷാ പഠനം - എന്തിന്,എന്ത്,എങ്ങിനെ എന്ന വിഷയത്തിൽ ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ്സും കുട്ടികൾക്കായുള്ള വിജ്ഞാനവും വിനോദവും നിറഞ്ഞ പരിപാടികളുമാണ് ശിബിരത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മുതിർന്നവരുമായുള്ള സാഹിത്യസംവാദവും ഉണ്ടായിരിക്കുന്നതാണ്.

കവി,വിമർശകൻ,ബാലസാഹിത്യകാരൻ, ഗവേഷകൻ, നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ: എഴുമറ്റൂർ രാജരാജ വർമ്മ, ഭാഷാ അദ്ധ്യാപകനായും ഭാഷാ വിദഗ്ദ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. അയർലണ്ട് മലയാളിയായ ആർ.രശ്മി വർമ്മയുടെ പിതാവാണ് ഇദ്ദേഹം.5 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സാഹിത്യ ശിബിരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. താത്പര്യമുള്ളവർ 0877818318, 0892312430 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.