മലപ്പുറം: തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ പങ്കെടുത്ത മതപ്രഭാഷകർക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മലബാറിലെ മുസ്ലിം പ്രഭാഷണ വേദികളിൽ സ്ഥിരസാന്നിദ്ധ്യമായ പ്രഭാഷകർക്കെതിരെയാണ് സമസ്തയുടെ വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ രംഗത്തെത്തിയിരിക്കുന്നത്. എൻ.ഡി.എഫിനേയും പോപ്പുലർ ഫ്രണ്ടിനേയും ശക്തമായി എതിർക്കുന്ന സത്താർ റാലിയിൽ പങ്കെടുത്ത മത പ്രഭാഷകർക്കെതിരെയും വിമർശനം ഉന്നയിക്കുന്നുണ്ട്. ശരീഅത്ത് പ്രശ്‌നത്തിൽ പോലും മിണ്ടാതെ മൗനിയായിരുന്ന പോപ്പുലർ ഫ്രണ്ട് വൈകാരികമായി സംഘടനാ നേട്ടമുണ്ടാക്കുന്ന കാര്യങ്ങളിൽ മാത്രമെ ഇടപെടൂവെന്ന് സത്താർ പന്തല്ലൂർ കുറിപ്പിലൂടെ തുറന്നടിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും അനുബന്ധ സുന്നി സംഘടനകൾക്കും മഹല്ലുകൾക്കും കീഴിയാണ് മലബാറിൽ മത പ്രഭാഷണങ്ങൾ മിക്കതും നടക്കുന്നത്. എന്നാൽ ഇവിടെങ്ങളിലെല്ലാം സ്ഥിരമായി വേദി ലഭിക്കുന്ന പല പ്രഭാഷകരും പോപ്പുലർ ഫ്രണ്ട് റാലിയിലും പരിപാടിയിലും പ്രത്യക്ഷപ്പെട്ടതാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'ഞങ്ങൾക്കും പറയാനുണ്ട്' പരിപാടിയിൽ പങ്കെടുത്ത വിവിധ പ്രഭാഷകർക്കെതിരെ അന്നു തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇ പി അബൂബക്കർ ഖാസിമി, ഷഫീഖ് ഖാസിമി, കുമ്മനം നിസാമുദ്ദീൻ അഹ്‌സനി, അഫ്‌സസൽ ഖാസിമി തുടങ്ങിയ പ്രഭാഷകർക്കെതിരെയാണ് പി.എഫ്.ഐ പരിപാടിയിൽ പങ്കെടുത്തതിന് ആക്ഷേപം ഉയർന്നത്. തബ്ലീഗുമായും, ഇമാം കൗൺസിലുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവരിൽ പലരും.

പ്രഭാഷണ വേദികളിലൂടെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്ന തീവ്രനിലപാടുള്ള പ്രഭാഷകരെ തിരിച്ചറിയണമെന്നും ഇത്തരം പ്രഭാഷകർക്ക് ഇനി വേദി ഒരുക്കരുതെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഈ പ്രചാരണത്തിനെതിരെ പ്രഭാഷകർക്ക് പിന്തുണയുമായി പി.എഫ്.ഐയും എത്തി. വാദപ്രതിവാദങ്ങൾ സജീവമായിരിക്കെയാണ് വിഷയത്തിൽ എസ്.കെ എസ്.എസ്.എഫ് നേതാവിന്റെ പരസ്യ പ്രതികരണം. പോസ്റ്റിനെതിരെ നിരവധി പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകർ കമന്റുമായി എത്തിയിട്ടുണ്ട്.

നിഷ്‌കളങ്കരായ ഒരു പറ്റം ചെറുപ്പക്കാരെ വൈകാരികമായി വളർത്തി കൊണ്ടുവരുന്ന നേതൃത്വത്തിന്റെ അജണ്ടയിലാണ് അപകടം പതിയിരിക്കുന്നതെന്നും കണ്ണൂരിലെ പുന്നാട് മുതൽ കൈവെട്ട് വഴി കൊടിഞ്ഞിയിലും ഹാദിയ ,ആയിഷ കൈകാര്യങ്ങളിലെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ സംഭാവനകൾ എന്തൊക്കെയെന്ന് ശാന്തമായി ഇരുന്ന് ആലോചിക്കേണ്ടതാണെന്നും സത്താർ പോസ്റ്റിലൂടെ പറയുന്നു.

എല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരുടെ കൊടിപിടിക്കാനും വേദി പങ്കിടാനും സഹായകരമായ നിലപാട് സ്വീകരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത്തരക്കാരെ നമുക്ക് വേണ്ട; അത്തരം നപുംസകങ്ങളിൽ നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കേണ്ട, മതപ്രഭാഷണം കേൾക്കേണ്ട  ഗതികേട് സമസ്തക്കും എസ് കെ എസ് എസ് എഫിനും ഇല്ലെന്നും ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കുമില്ലെന്നും സത്താർ അടിവരയിടുന്നു.

തെക്കൻ കേരളത്തിലെ സുന്നി പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സഹകാരികളായി അഭിനയിച്ച്, അതിനെ ഭാഗികമായി വിഴുങ്ങിയതിന്റെ ദുരന്തമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയും സൂക്ഷിച്ചാൽ നല്ലതെന്ന മുന്നറിയിപ്പും പോസ്റ്റിലൂടെ നൽകുന്നു.

എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

മുസ്‌ലിം പ്രശ്‌നങ്ങളിൽ കൃത്യമായ നിലപാടും മറ്റു സംഘടനകളോട് വ്യക്തമായ സമീപനവും സമസ്തക്കുണ്ട്. അതിനനുസരിച്ച് എസ് കെ എസ് എസ് എഫ് അത് വിശദീകരിക്കാനും മുന്നോട്ട് വന്നിട്ടു മുണ്ട്. എൻ ഡി എഫ് എന്ന പേര് പോലും പുറത്ത് വരുന്നതിന് മുമ്പ് രഹസ്യവിങ് എന്ന് സംഘടന തന്നെ ഒരു വിശേഷണം നടത്തി, പഠിക്കാൻ വേണ്ടി അതിൽ അംഗത്വമെടുത്ത് അതിന്റെ ഉള്ളറകൾ മനസ്സിലാക്കി പുറത്ത് വന്ന് വസ്തുതകൾ സമുദായത്തോട് തുറന്ന് പറഞ്ഞത് ഈ പ്രസ്ഥാനമാണ്.

ശംസുൽ ഉലമയും കെ വി ഉസ്താദും കെ ടി മാനു മുസ്ലിയാരുമെല്ലാം ഈ സംഘത്തിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതുമാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിളിച്ച് ചേർക്കപ്പെട്ടിരുന്ന മുസ്‌ലിം കൂട്ടായ്മകളിൽ ഒരിക്കലും ഇവർക്ക് പ്രവേശനമുണ്ടായിട്ടില്ല. ഇത് ഹൈദരലി ശിഹാബ് തങ്ങൾ ഇന്നും തുടരുകയാണ്. ഈ മഹാ പണ്ഡിതർക്കൊന്നും മനസ്സിലാവാത്ത 'സമുദായ സംരക്ഷണ ഒറ്റമൂലി' സ്വീകരിക്കാൻ മറ്റു മുസ് ലിം സംഘടനകളും ഇത് വരെ തയ്യാറായിട്ടുമില്ല.ഇത് ഇന്നും മാറ്റമില്ലാതെ നിലപാടാണ്.'ദക്ഷിണ'യുടെ സഹകാരികളായി അഭിനയിച്ച്, അതിനെ ഭാഗികമായി വിഴുങ്ങിയതിന്റെ ദുരന്തമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയും സൂക്ഷിച്ചാൽ നല്ലത്.

ഇവർ ഉയർത്തുന്ന പ്രശ്‌നങ്ങൾ പലതും ശരി തന്നെ; പക്ഷെ ഇതിന് സ്വീകരിക്കുന്ന മാർഗവും ശൈലിയും സമുദായത്തിന് ഗുണമായിട്ടല്ല; ശത്രു വിന് നേട്ടമായിട്ടാണ് ഭവിച്ചിട്ടുള്ളത്. നിഷ്‌കളങ്കരായ ഒരു പറ്റം ചെറുപ്പക്കാരെ വൈകാരികമായി വളർത്തി കൊണ്ടുവരുന്ന നേതൃത്വത്തിന്റെ അജണ്ടയിലാണ് അപകടം പതിയിരിക്കുന്നത്. പരിശീലനം ലഭിച്ച പ്രവർത്തകർ പഠിച്ചതേ പറയൂ എന്നത് സ്വാഭാവികമാണ്. മതേതര കേരളം പടിയടച്ച് പിണ്ഡം വെച്ച ആർഎസ്എസിനെ കേരളത്തിൽ വളർത്തിയത് ഇപ്പോഴത്തെ മോദി തരംഗം മാത്രമല്ല ഇവർ ഉണ്ടാക്കി കൊടുത്ത സാഹചര്യങ്ങൾ കൂടിയാണ്. വൈകാരികമായി സംഘടനാ നേട്ടമുണ്ടാക്കുന്ന കാര്യങ്ങളിലേ ഇവർ ഇടപെടൂ. ശരീഅത്ത് പ്രശ്‌നങ്ങളിൽ പോലും ഇവർക്ക് മൗനമായിരുന്നു.

എന്നാൽ കണ്ണൂരിലെ പുന്നാട് മുതൽ കൈവെട്ട് വഴി കൊടിഞ്ഞിയിലും ഹാദിയ ,ആയിഷ കൈകാര്യങ്ങളിലെല്ലാം ഇവരുടെ സംഭാവനകൾ എന്തൊക്കെയെന്ന് ശാന്തമായി ഇരുന്ന് ആലോചിക്കേണ്ടതാണ്. മിത്രങ്ങൾക്കിടയിൽ ശത്രുവിന് ശാഖ രൂപീകരിച്ച് കൊടുക്കുകയായിരുന്നു ഇവർ. പ്രത്യക്ഷത്തിൽ ശത്രുക്കളായ ഇവർ പരസ്പരം ശക്തിപകരുകയാണ്. ഈ നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് ഇപ്പോഴത്തേയും വിനീതമായ അപേക്ഷ.

പിന്നെ, ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരുടെ കൊടിപിടിക്കാനും വേദി പങ്കിടാനും സഹായകരമായ നിലപാട് സ്വീകരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത്തരക്കാരെ നമുക്ക് വേണ്ട; അത്തരം നപുംസകങ്ങളിൽ നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കേണ്ട ,
മതപ്രഭാഷണം കേൾക്കേണ്ട ഗതികേട് സമസ്തക്കും എസ് കെ എസ് എസ് എഫിനും ഇല്ല. ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കുമില്ല,  അവർക്ക് അവരുടെ വഴി; നമുക്ക് നമ്മുടെ വഴി - അതും രണ്ടും വേറെ തന്നെയാണ്.