- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിമരക്കാറായ മോഹൻലാലിന്റെ ചിത്രം വരച്ച് ജൂവലറിയുടമ; സതീഷ് കാനായിക്ക് അഭിനന്ദനം അറിയിച്ച് ലാലേട്ടനും
കാഞ്ഞങ്ങാട്: കുഞ്ഞാലിമരക്കാറായ മോഹൻലാലിന്റെ ചിത്രം വരച്ച കാഞ്ഞങ്ങാട്ടെ ജൂവലറിയുടമ മോഹൻലാലിന്റെ ശബ്ദ സന്ദേശം ലഭിച്ച ആവേശത്തിൽ. മിസ്റ്റർ സതീഷ് ഞാൻ അങ്ങ് വരച്ച ചിത്രം കണ്ടു. ഗംഭീരമായിട്ടുണ്ട്. തുടർന്നും മനോഹരമായ ചിത്രം വരക്കാൻ അങ്ങേയ്ക്ക് ഈശ്വരൻ അനുഗ്രഹം തരട്ടെയെന്നാശംസിക്കുന്ന വാട്സാപ്പ് സന്ദേശമാണ് നടൻ മോഹൻലാൽ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റിനടുത്ത് പ്രവർത്തിക്കുന്ന സജിഷ ജൂവലറിയുടമ പയ്യന്നൂർ സ്വദേശി സതീഷ് കാനായിക്ക് അയച്ചു നൽകിയത്.
ലോക്ഡൗൺ സമയത്ത് വ്യാപാരം പൂട്ടിയിടേണ്ടി വന്നപ്പോൾ വീട്ടിൽ വെറുതേയിരുന്ന് സമയം കളയാൻ സതീഷിന് മനസ്സില്ലായിരുന്നു. കുട്ടിക്കാലത്തുണ്ടായ ചിത്രരചനയിലെ സർഗ്ഗവാസന പൊടി തട്ടിയെടുത്ത് കുറെ ചിത്രങ്ങൾ വരച്ചു. സിനിമാ മേഖലയിലെ നടീനടന്മാർ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ, പക്ഷിമൃഗങ്ങൾ അങ്ങനെ നീളുന്ന ചിത്രശേഖരണം. വരച്ചവയെല്ലാം മനോഹരവും അതിഗംഭീരവും. പ്രിയദർശൻ സംവിധാനം ചെയ്ത് റിലീസിന് കാത്തു നിൽക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ കുഞ്ഞാലിമരയ്ക്കാരായ മോഹൻലാലിന്റെ ഓയിൽ പെയിന്റിങ് ചിത്രമാണ് മോഹൻലാലിന്റെ മനസ്സിൽ ഇടം നേടിയത്.
സുഹൃത്തായ പയ്യന്നൂരിലെ സിനിമാ പ്രവർത്തകൻ രതീഷ് നേരത്തെ സതീഷ് വരച്ച ചിത്രങ്ങൾ കണ്ടിരുന്നു. ആറാട്ട് കടവെന്ന് പേരിട്ടിട്ടുള്ള പുതിയ ലാൽ ചിത്രത്തിന്റെ എറണാകുളത്തെ ഷൂട്ടിങ് സെറ്റിൽ മോഹൻലാലിനെ കണ്ടുമുട്ടിയ രതീഷ് സതീഷിനെ വിളിച്ച് കുഞ്ഞാലിമരയ്ക്കാറായി ലാലേട്ടനെ വരച്ച ചിത്രം വാട്സാപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു. സതീഷ് അയച്ചുകൊടുത്ത ചിത്രം ഏറെ ഇഷ്ടപ്പെട്ട മോഹൻലാൽ അതേ നിമിഷത്തിൽ സതീഷിന്റെ ഫോണിലേക്ക് അഭിനന്ദിച്ച് ശബ്ദസന്ദേശം അയക്കുകയായിരുന്നു.
പ്രസ്തുത ചിത്രം മോഹൻലാലിന് നേരിട്ട് നൽകാനുള്ള ഒരുക്കത്തിലാണ് കാൽ നൂറ്റാണ്ടിലേറെയായി കാഞ്ഞങ്ങാട്ടെ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഈ യുവ ജൂവലറിയുടമ. ജീവൻ തുടിക്കുന്ന ഒട്ടേറെ ഛായാചിത്രങ്ങൾ സതീഷിന്റെ ശേഖരണത്തിലുണ്ട്.താൻ വരച്ചിട്ടുള്ള പിണറായി വിജയന്റെ ഛായാചിത്രങ്ങൾ നേരിട്ട് നൽകാനാണ് സതീഷിന്റെ തീരുമാനം. നൂറിലേറെ ചിത്രങ്ങൾ ജൂവലറി വ്യാപാരിയുടെ ശേഖരണത്തിലുണ്ട്. ഇവ വിൽപ്പന നടത്തി ലഭിക്കുന്ന പണം കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാണ് തീരുമാനം.