കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോൾ ജയിലുകൾ ഉല്ലാസകേന്ദ്രങ്ങളാകുന്നതിൽ അത്ഭുതമില്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. സിപിഎം പ്രവർത്തകർ ജയിലുകൾ ഉല്ലാസ കേന്ദ്രങ്ങളാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഭരണകൂടം കൊലയാളിക്കൊപ്പമാണെന്നും കൊലയാളികൾക്ക് ജയിലുകൾ ഉല്ലാസ കേന്ദ്രങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് യുത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തിയത് . പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് കണ്ണൂർ സെൻട്രൽ പൊലീസിൽ മൊബൈൽ സൗകര്യം ചെയ്തു കൊടുത്ത നീച പ്രവർത്തിക്കെതിരെയാണ് ധർണ്ണ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്നും പാച്ചേനി പറഞ്ഞു

ഒരു ജയിൽ പുള്ളിക്ക് എന്തൊക്കെ ലഭിക്കാൻ പാടില്ല എന്ന് നിയമം പറയുന്നുവോ അതൊക്കെ ലഭ്യമാക്കുന്ന ഇടമായി കണ്ണൂർ സെൻട്രൽ ജയിൽ മാറിക്കഴിഞ്ഞു. കാമുകിയുമായി സല്ലപിക്കാൻ പോലും ജയിലിൽ സൗകര്യം ഒരുക്കുന്നു. സതീശൻ പാച്ചേനി കുറ്റപ്പെടുത്തി. പരമാവധി സംയമനം പാലിച്ചാണ് പെരിയ ഇരട്ട കൊലപാതക കേസിലും ഷുഹൈബ് വധകേസിലും യുത്ത് കോൺഗ്രസ് പ്രവർത്തകർ നിലകൊണ്ട തെന്നും അതു നഷ്ടപ്പെടാൻ സർക്കാർ തന്നെ ഇടയാക്കരുതെന്നും പാച്ചേനി പറഞ്ഞു.

ധർണയിൽ യുത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജെയിംസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി , കമൽജിത്ത്,വിനീഷ് ചുള്ളിയൻ,സന്ദീപ് പണപ്പുഴ,വി രാഹുൽ,പ്രിനിൽ മതുക്കോത്ത്,ശ്രീജേഷ് കൊയിലെരിയാൻ,അനൂപ് തന്നട തുടങ്ങിയവർ സംസാരിച്ചു.