ഹദ് ഫാസിൽ ചിത്രമായ കാർബൺ പ്രേക്ഷക മനസ് കീഴടക്കി മുന്നേറുകയാണ്. ബോക്‌സോഫിസിൽ തകർത്തോടുന്ന ഈ സിനിമയിലെ ഫഹദ് മാജിക്കിനെ കുറിച്ച് വാനോളം പുകഴ്‌ത്തുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഇങ്ങനൊരു സിനിമ ആദ്യമാണെന്നും ഫഹദ് ഫാസിൽ എന്ന നടന്റെ സാന്നിധ്യമാണ് 'കാർബൺ' ന്റെ ഏറ്റവും വലിയ ശക്തിയെന്നും സത്യൻ പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

പേരിന്റെ കൂടെ ഒരു 'കാട്' ഉണ്ടെങ്കിലും യഥാർത്ഥ കാടിനുള്ളിൽ കയറാൻ എനിക്കിതു വരെ ധൈര്യമുണ്ടായിട്ടില്ല. 'ഭാഗ്യദേവത' മുതൽ തുടർച്ചയായി നാല് ചിത്രങ്ങളുടെ ക്യാമറമാനായി വേണു വന്നപ്പോഴാണ് കാടിന്റെ കൊതിപ്പിക്കുന്ന കഥകൾ ഞാൻ കേട്ടിട്ടുള്ളത്. ഒരുപാടു തവണ വനയാത്ര നടത്തിയിട്ടുള്ള വേണു അതിശയിപ്പിക്കുന്ന കാടനുഭവങ്ങൾ പറയുമായിരുന്നു.

വേണുവിന്റെ വനയാത്ര ഇന്നലെ നേരിട്ട് കണ്ടു. 'കാർബൺ' എന്ന സിനിമ. മലയാളത്തിൽ ഇങ്ങനൊരു സിനിമ ആദ്യമാണ്. നമ്മൾ പോലുമറിയാതെ 'സിബി' എന്ന ഭാഗ്യാന്വേഷിയോടൊപ്പം വേണു നമ്മളെ കാടിന്റെ ഉള്ളറകളിൽ പിടിച്ചിടുന്നു. മഞ്ഞും, മഴയും, തണുപ്പും, ഏകാന്തതയുമൊക്കെ നമ്മളും അനുഭവിക്കുന്നു. ഇടക്കെങ്കിലും ഇത്തരം സിനിമകൾ സംഭവിക്കണം. എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ.

ഫഹദ് ഫാസിൽ എന്ന നടന്റെ സാനിദ്ധ്യമാണ് 'കാർബൺ' ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങൾ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങൾ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ കൈയിലെടുക്കുന്നു. മംമ്തയും, കൊച്ചുപ്രേമനും മണികണ്ഠനുമൊക്കെ കാടിനുള്ളിൽ നമ്മുടെ കൂട്ടുകാരായി മാറുന്നു.

വേണുവിനും വേണുവിന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്ന കെ.യു. മോഹനനും, വിശാൽ ഭരദ്വാജിനും, ബീനാ പോളിനും മറ്റെല്ലാ പ്രവർത്തകർക്കും എന്റെ അഭിനന്ദനം, സ്‌നേഹം!