കൊച്ചി: നടൻ ശ്രീനിവാസന് മസ്തിഷ്‌കാഘാതം സംഭവിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സംവിധായകനും സുഹൃത്തുമായ സത്യൻ അന്തിക്കാട്. രാവിലെ ശ്രീനിവാസനുമായി സംസാരിച്ചെന്നും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വലിയൊരു അത്ഭുതകരമായ രക്ഷപെടലാണ് ശ്രീനിവാസന് ഉണ്ടായിരിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മകൻ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

'കുഴപ്പമൊന്നുമില്ല, വലിയൊരു അത്ഭുതകരമായ രക്ഷപെടലെന്ന് പറയാം. കഴിഞ്ഞ നാല് മാസമായി ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും കൂടി ആയൂർവേദ ചികിത്സയ്ക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നുന്നതായും ഡോക്ടറെ കാണുകയാണെന്നും ശ്രീനി പറഞ്ഞു. ഹോസ്പിറ്റലിൽ ചെന്ന് എംആർഐ സ്‌കാൻ എടുത്തു. ഒരു ചെറിയ ബ്ലോക്ക് വരുന്നതിന്റെ സൂചന കണ്ടു. ഉടൻ തന്നെ ആസ്റ്റർ മെഡിസിറ്റിയിലെത്തി. അതുകൊണ്ട് സ്‌ട്രോക്ക് വന്നില്ല. അതിന് മുമ്പ് തന്നെ ട്രീറ്റ്‌മെന്റ് സ്റ്റാർട്ട് ചെയ്തു. അതുകാരണം അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോൾ ചില മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിക്കുന്നൂ എന്നേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാനാകും'.

'മുഖത്ത് കോടലോ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, കാരണം സ്‌ട്രോക്ക് വന്നില്ല. വരുന്നതിന് മുൻപ് തന്നെ ട്രീറ്റ്‌മെന്റ് തുടങ്ങിയിരുന്നു. അല്ലെങ്കിൽ സ്‌ട്രോക്ക് വരുമായിരുന്നു. വന്നിരുന്നെങ്കിൽ അത് ഭീകരമായിപ്പോകുമായിരുന്നു. തലച്ചോറിനെ നാല് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അതിൽ മൂന്ന് എണ്ണത്തിന് സ്‌ട്രോക്ക് വന്നാൽ തളരുകയും നാലാമത്തേതിൽ വന്നാൽ മരണം സംഭവിക്കുകയുമാണ്. നാലാമത്തേതിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയായിരുന്നു കണ്ടത്. അതുകൊണ്ട് തന്നെ അത്ഭുതകരമായ രക്ഷപെടലാണ് സംഭവിച്ചിരിക്കുന്നത്. ദൈവാധീനം എന്നൊക്കെ പറയാവുന്ന ഒരു സംഭവമാണ്. ബിപി കൂടിയതാണ് കാരണം'.

'എന്റെ കൂടെ വരുമ്പോൾ നാൽപത് സിഗരറ്റ് വരെ ഒരു ദിവസം വലിക്കുമായിരുന്നു. അത് ഇപ്പോൾ 14 ആക്കി കുറച്ചിട്ടുണ്ട്. ഇനി അത് പത്തായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതുപോലെ മദ്യപാനം നിർത്തലാക്കി. ഇതിലൂടെ ഒന്ന് പേടിച്ചിട്ടുണ്ട്'.

'ഇന്ന് രാവിലെ ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും. അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. 72 മണിക്കൂർ ഒബ്‌സർവേഷനിലാണ്'.