കൊച്ചി: ഏറെ പ്രതീക്ഷകളുമായി എത്തുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷം. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. മുകേഷാണ് ചിത്രത്തിൽ ദുൽഖറിന്റെ അച്ഛാനായി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ഡിസംബറിൽ റിലീസിംഗിന് ഒരുങ്ങുകയാണ് ജോമോന്റെ സുവിശേഷം. ഇതിനിടെ ദുൽഖർ സൽമാന്റെ അഭിനയത്തെ പുകഴ്‌ത്തി സംവിധായകൻ തന്നെ രംഗത്തുവന്നു.

എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനത്തെക്കുറിച്ച് പരാമർശിച്ച വേളയിൽ സത്യൻ അന്തിക്കാട് കട്ട് പറയാൻ താൻ മറന്നു പോയെന്ന് പറഞ്ഞിരുന്നു. സമാനമായ വിധത്തിൽ ദുൽഖറിന്റെ അഭിനയം കണ്ട് കട്ട് പറയാൻ താൻ മറന്നു പോയെന്നും കണു നനയിച്ചെന്നുമാണ് സംവിധായകൻ പറയുന്നത്. ജോമോൻ എന്ന കഥാപാത്രത്തെ സഹോദരന്മാർ വിചാരണ ചെയ്യുന്ന രംഗത്തിലാണ് ദുൽഖറിന്റെ പ്രകടനം കണ്ട് കണ്ണുകൾ നിറഞ്ഞുപോയതെന്ന് സത്യൻ അന്തിക്കാട് പറയുന്നത്.

ഒന്നോ രണ്ടോ സീനുകളാണ് പലപ്പോഴും ഒരു സിനിമയുടെ ജീവനായി മാറുന്നത്. നേരത്തെ പറഞ്ഞ സീൻ അത്തരമൊരു സീനായിരുന്നു. ജോമോൻ എന്ന കഥാപാത്രത്തെ കണ്ടുകൊണ്ടിരിക്കേ ഞാൻ കട്ട് പറയാൻ വൈകി എന്ന് തോന്നുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ ക്യാമറമാൻ എസ് കുമാർ പതുക്കെ മുഖം കഴുകാൻ ബാത്ത് റൂമിലേക്ക് പോയി. കണ്ടുനിന്ന പലരുടെയും കണ്ണ് നിറഞ്ഞിരുന്നു. എന്റെയും കണ്ണ് നിറഞ്ഞുപോയി. ഒരു നടൻ എല്ലാം മറന്നുകഥാപാത്രമായി മാറുമ്പോൾ ചുറ്റുംനിൽക്കുന്ന ഇതൊന്നുമറിയാത്ത എത്രയോ പേരിലേക്ക് അഭിനയമൊരു തരംഗമായി പടരുകയാണ്.

രാത്രി ഇരുന്നു ഡയലോഗ് മുഴുവൻ കാണാതെ പഠിച്ചാണ് ദുൽഖർ സെറ്റിൽ വരിക. അതിന്റെ എല്ലാ ഭാവവും ചേർത്ത് രാത്രി പറഞ്ഞു പഠിക്കും. സെറ്റിൽ അത് മെച്ചപ്പെടുത്തും. ഗ്രിഗറി എന്ന നടൻ അത്യപൂർവ നന്മകളുള്ള ഒരു മനുഷ്യനാണ്. മനോരമാ വാരാന്തപ്പതിപ്പിലാണ് സത്യൻ അന്തിക്കാട് ദുൽഖറിന്റെ പ്രകനടത്തെ പ്രകീർത്തിക്കുന്നത്. ഇഖ്ബാൽ കുറ്റിപ്പുറം രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ ക്രിസ്മസ് റിലീസാണ്. അനുപമാ പരമേശ്വരനും ഐശ്വര്യാ രാജേഷുമാണ് നായികമാർ.