മാൻ തലസ്ഥാനമായ മസ്‌കത്തിൽ തിരുവനന്തപുരം തിരുമല സ്വദേശി സത്യനെ (53) കഴുത്തറുത്തു കൊന്നത് ആളെ വ്യക്തമായി അറിയുന്നവർതന്നെയെന്നു സൂചന. മിൽ കമ്പനി ഡീലറുടെ കലക്ഷൻ ഏജന്റായ സത്യന്റെ കൈവശം മുൻദിവസങ്ങളിൽ പിരിച്ചെടുത്ത 20,000 റിയാലോളം (ഏകദേശം 33 ലക്ഷം രൂപ) ഉണ്ടായിരുന്നുവെന്ന് അറിയുന്നു. ഇതു മനസ്സിലാക്കിയവരാകാം കൊല നടത്തിയതെന്നു സംശയിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സത്യനെ താമസ സ്ഥലത്ത് കഴുത്തിലും മറ്റും മുറിവേറ്റ് മരിച്ചനിലയിൽ കണ്ടത്തെിയത്. കവർച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.രണ്ടുപേർ പിടിയിലായതായി വിവരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

ഒമാൻ ഫ്‌ളോർമിൽ കമ്പനിയുടെ ജിബ്രുവിലുള്ള സബ് കോൺട്രാക്ടറായ റഹ്ബി എൽ.എൽ.സിയിലെ കലക്ഷന്റെ ഏജന്റായിരുന്ന സത്യന്റെ കൈവശം പതിവായി വൻതുക ഉണ്ടാകാറുണ്ട്. ഈ പണം നഷ്ടപ്പെട്ടിട്ടുണ്ട്. എത്ര തുക നഷ്ടമായി എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ പണത്തെ കുറിച്ച് കൃത്യമായി അറിയാവുന്നവരാകാം കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ഇടനാഴിയിൽ ഏറെ സമയം പിടിവലി നടന്നതിന്റെ സൂചനകളുണ്ട്. നിലത്ത് പണം ചിതറിക്കിടക്കുന്നുണ്ടായിരുന്നെന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയവർ പറഞ്ഞു.ഡ്യൂട്ടിക്ക് പോയ വസ്ത്രം തന്നെയായിരുന്നു ധരിച്ചിരുന്നത്. ഇദ്ദേഹം വരുന്നത് കാത്തിരുന്ന കൊലയാളി മുറിതുറന്നപാടെ ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

അതേസമയം, സത്യൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഇതുവരെ മുക്തരായിട്ടില്ല.മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

ചിറയിൻകീഴ് പുതുക്കരി സ്വദേശിയായ സത്യൻ 2004ലാണു തൃക്കണ്ണാപുരത്തു താമസമാക്കിയത്. 30 ദിവസം മുൻപ് അമ്മ ജാനകി വാർധക്യസഹജ രോഗങ്ങളാൽ മരിച്ചെങ്കിലും കമ്പനിയിലെ ആൾക്ഷാമംമൂലം നാട്ടിൽ പോകാനായിരുന്നില്ല. പകരം ആളെത്തിയാലുടൻ വീട്ടിലേക്കു തിരിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം. ഭാര്യ: പ്രതിഭ. മകൾ: സ്വാതി (വിദ്യാർത്ഥിനി, ബെംഗളൂ)