കൊച്ചി: പെരുമ്പാവൂർ സ്വദേശിനി എം എസ് വൈഷ്ണവിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് സംഭവത്തിൽ മുൻ ചവളർ സൊസൈറ്റി ഭാരവാഹിയും വി എച്ച് പി പ്രവർത്തകനുമായിരുന്ന വി ആർ സത്യവാനെതിരെ കേസെടുത്തതായി കൊരട്ടി പൊലീസ്.

നേരത്തെ മുതൽ വൈഷ്ണവിയുടെ ഭർത്താവ് മുകേഷും കുടുംബവുമായി സത്യവാന് അടുപ്പമുണ്ടായിരുന്നെന്നും ഇടക്കാലത്ത് ഇവർ തമ്മിൽ തെറ്റിയെന്നും ഇതെത്തുടർന്നുള്ള വൈരാഗ്യമായിരിക്കാം ആക്രണത്തിന് കാരണമായതെന്നുമാണ് പൊലീസിന്റെ പ്രഥമീക നിഗമനം. നിരവധി കേസുകളിൽ പ്രതിയായ മുകേഷ് , അംബാനി മുകേഷ് എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നതെന്നും ജയിലിൽ ആയിരുന്ന സമയത്ത് മുകേഷിനെ പുറത്തിറക്കാൻ സത്യവാൻ ആവശ്യമായ സാഹയങ്ങൾ ലഭ്യമാക്കിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സത്യവാനെ പിടികൂടുന്നതോടെ മാത്രമേ സംഭവത്തിന്റെ യഥാർത്ഥ ചിത്രം ലഭ്യമാവു എന്നും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സി ഐ അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നുള്ള സംശയം പ്രദേശവാസികൾക്കും ഉണ്ട്. മുകേഷും ഭാര്യയും സത്യവാനെക്കണ്ട് സംസാരിച്ചെന്നും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായെന്നും ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണമെന്നുമാ്ണ് പൊലീസ് കണ്ടെത്തൽ.

സത്യവാനെ പിടികൂടാൻ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ചവളർ സൊസൈറ്റിയുടെ ഭാരവാഹിയായിരുന്നു. ഇടക്കാലത്ത് വിഎച്ച് പി യ്ക്കുവേണ്ടിയും പ്രവർത്തിച്ചുണ്ട്. സത്യവാൻ ഭർതൃമാതാവിന്റെ സുഹൃത്താണെന്നും ഇവരുടെ അതിരുവിട്ട ബന്ധം വിലക്കിയതിന്റെ വൈരാഗ്യത്തിൽ അയാൾ കരുതിക്കൂട്ടി തന്നെ ആക്രമിക്കുകയായിരുന്നെന്നുമാണ് വൈഷ്ണവി പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ വൈഷ്ണവി. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്ത് സത്യവാനാണ് തന്നെ മർദിച്ചതെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു. മർദനത്തിൽ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയാണ് വൈഷ്ണവി. ആറുമാസം മുൻപായിരുന്നു മുകേഷിന്റെയും വൈഷ്ണവിയുടെയും വിവാഹം.

ഭർതൃമാതാവും ആൺസുഹൃത്തും തന്നെ മർദിച്ചിരുന്നതായും പട്ടിണിക്കിട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആൺസുഹൃത്തും വാതിൽ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്‌തെന്നും ഇതായിരുന്നു മർദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്.