- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോച്ചിംഗില്ലാതെ ദിവസവും 12-13 മണിക്കൂർ പഠിച്ചു; സ്വയം കുറിപ്പുകൾ തയ്യാറാക്കി. മോക്ക് ടെസ്റ്റുകൾ പരിശീലിച്ചു; ആദ്യശ്രമത്തിൽ, സിവിൽ സർവ്വീസ് പരീക്ഷയിൽ പത്താം റാങ്ക് നേട്ടവുമായി ബീഹാറിലെ സത്യം ഗാന്ധി
ബീഹാർ: ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ തിളക്കമാർന്ന വിജയം നേടിയിരിക്കുകയാണ് സത്യം ഗാന്ധി എന്ന ചെറുപ്പക്കാരൻ. ബീഹാർ സ്വദേശിയായ സത്യം അഖിലേന്ത്യാ തലത്തിൽ പത്താം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്വയം പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കി എന്ന കാര്യത്തിലാണ് സത്യം ഗാന്ധി 'വ്യത്യസ്തനാകുന്നത്'.
വർഷങ്ങളുടെ കഠിനപരിശ്രമത്തിന് ശേഷമാണ് മിക്ക ഉദ്യോഗാർത്ഥികളും സിവിൽ സർവ്വീസ് എന്ന കടമ്പ കടക്കുന്നത്. മണിക്കൂറുകളോളം നീളുന്ന പഠനം, കഠിനാധ്വാനം ഇവയെല്ലാം വേണം. പലർക്കും ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞെന്നു വരില്ല. മൂന്നോ നാലോ തവണ പരീക്ഷയെഴുതിയതിന് ശേഷമായിരിക്കും വിജയത്തിലെത്തുക. എന്നാൽ ഇപ്പറഞ്ഞ കടമ്പകളൊക്കെ അനായാസം താണ്ടാൻ സത്യം ഗാന്ധിക്ക് സാധിച്ചു.
ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നുള്ള സത്യം ബിരുദ പഠനത്തിന്റെ അവസാന നാളുകളിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സ്വയം പഠിക്കാനായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം. ആ തീരുമാനം മികച്ചതായിരുന്നുവെന്ന് പിന്നീട് ഉറപ്പായി. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നാണ് സത്യം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ദയാൽ സിങ് കോളേജിൽ നിന്ന് ബിഎ ഓണേഴ്‌സ് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെ കേന്ദ്രമെന്ന് വിശേഷണമുള്ള ഡൽഹിയിലെ രാജീന്ദർ നഗറിലാണ് സത്യം എത്തിയത്. നിരവധി കോച്ചിങ് കേന്ദ്രങ്ങൾ ഉള്ള സ്ഥലമാണിവിടം. തന്റെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം കണ്ടെത്താനാണ് സത്യം ശ്രമിച്ചത്. 2019ലാണ് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
ദിവസവും 12-13 മണിക്കൂർ പഠിച്ചു. പ്രിലിമിനറി പരീക്ഷക്ക് മുൻഗണന നൽകിയായിരുന്നു പഠനം. പൊതുവായ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒപ്പം സ്വയം കുറിപ്പുകൾ തയ്യാറാക്കി. മോക്ക് ടെസ്റ്റുകൾ പരിശീലിച്ചു. 120 ലധികം മോക്ക് ടെസ്റ്റുകൾ ചെയ്ത്, അനുകൂലവും പ്രതികൂലവുമായ കഴിവുകൾ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ അഭിമുഖത്തിന് തയ്യാറെടുക്കാൻ ഓൺലൈൻ കോച്ചിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സഹായം തേടി.
പ്രിലിമിനറി പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും ചരിത്രവും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്ന് സത്യം പറഞ്ഞു. ഉദ്യോഗാർത്ഥികൾ സമകാലിക വിഷയങ്ങൾക്കൊപ്പം ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പൊളിറ്റിക്കൽ സയൻസ് ഒരു ഐച്ഛിക വിഷയമായി തിരഞ്ഞെടുത്താണ് സത്യം ബിരുദം പൂർത്തിയാക്കിയത്.
തന്റെ സ്വപ്നം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സത്യം ഗാന്ധി. കുടുംബത്തിൽ ആരെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന് തന്റെ മുത്തച്ഛൻ ആഗ്രഹിച്ചിരുന്നുവെന്ന് സത്യം പറയുന്നു. ആ സ്വപ്നം മനസ്സിൽ സൂക്ഷിച്ചാണ് താൻ സിവിൽ സർവ്വീസ് തെരഞ്ഞെടുത്തതെന്നും ഈ ചെറുപ്പക്കാരൻ വ്യക്തമാക്കി.
ഈ വർഷത്തെ സിവിൽ സർവ്വീസ് ടോപ്പർ, ശുഭം കുമാറും ബീഹാറിൽ നിന്നാണ്. സിവിൽ സർവീസിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ശ്രമമാണിത്. 2019 ൽ 29ാം റാങ്ക് നേടി ശുഭം കുമാർ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്