തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഡബ്‌സ്മാഷ് ചെയ്ത് ഒരാൾക്ക് താരമാകാൻ കഴിയുമോ? എന്നാൽ അത് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാള സിനിമയിൽ മൂന്നു തലമുറകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നെത്തിയ സുന്ദരി സൗഭാഗ്യ വെങ്കിടേഷ്. തമിഴോ മലയാളമോ എന്നു വേണ്ട ഏത് ഭാഷയിലായാലും ഡബ്‌സ്മാഷുകൾ സൗഭാഗ്യക്ക് ഒരു വിഷയമല്ല. നെടുനീളൻ ഡയലോഗുകളും കോമഡി രംഗങ്ങളും ഒക്കെ ഒരുപോലെ മനോഹരമായി അവതരിപ്പിക്കുകയാണ് സൗഭഗ്യ. ഇതിൽ കൂടുതലും സോഷ്യൽ മീഡിയകളിൽ വൈറലുമാണ്. ഇപ്പോഴിതാ സൗഭാഗ്യയുടെ മറ്റൊരു ഡബ്‌സ്മാഷ് വിഡിയോ കൂടി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു കോമഡി നാടകത്തിനാണ് സൗഭാഗ്യ അനായാസേന ചുണ്ടുകൾ അനക്കി ഭാവം പകർന്ന് കിടിലനാക്കിയത്.

ചുണ്ടിന്റെ ചലനങ്ങൾ മാറാതെ, മുഖത്ത് മഴവിൽ ഭാവങ്ങൾ വിരിയിച്ചു നടത്തുന്ന മനോഹര പ്രകടനം. ആരും പറയും ഇതാണ് ഡബ്‌സ്മാഷെന്ന്. ഫേസ്‌ബുക്കിൽ ഇപ്പോൾ സൗഭാഗ്യ വെങ്കിടേഷാണ് താരം. ഡബ്സ്മാഷിൽ മാത്രല്ല നൃത്തത്തിലും പാട്ടിലും നിപുണയാണ് സൗഭാഗ്യ. ഓരോ ആഴ്ചകളിലും സൗഭാഗ്യയുടേതായി പുറത്തിറങ്ങുന്ന ഫേസ്‌ബുക് വിഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് ഏറെയും. ഫൽഗുനി പഥക്കിന്റെ പാട്ടിനൊപ്പം നൃത്തച്ചുവടുമായെത്തിയ സൗഭാഗ്യയുടെ വിഡിയോ കണ്ടത് പത്തു ലക്ഷത്തോളം പേരായിരുന്നു.

ഒരു നാടകം സംവിധാനം ചെയ്യാൻ ചില്ലറ പാടല്ല എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്ത ഡബ്‌സ്മാഷാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്. ഇതിനകം തന്നെ നാലായിരത്തിനടുത്ത് ഷെയറുകളും പന്ത്രാണ്ടായിരം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ പല നടിമാരേക്കാളും വെല്ലുന്ന അഭിനയമാണ് സൗഭാഗ്യയുടേതെന്നാണ് പലരുടെയും കമന്റുകൾ.

മലയാളികൾക്ക് ഡബ്‌സ്മാഷ് എന്നാൽ ആദ്യം മനസ്സിൽ തെളിയുന്ന മുഖം നർത്തകിയും താരാ കല്ല്യാണിന്റെ പുത്രിയുമായ സൗഭാഗ്യയുടേതാകും. നേരത്തെയും വ്യത്യസ്തമായ ഡബ്‌സ്മാഷുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ. സലിംകുമാറിന്റെ കടുത്ത ആരാധികയായ സൗഭാഗ്യയുടെ മിക്ക ഡബ്‌സ്മാഷുകളും സലിം കുമാർ സിനിമകളിലെ കോമഡി രംഗങ്ങളുമാണ്. ഡാൻസാണ് തന്റെ റിയൽ പാഷൻ എന്നാണ് സൗഭാഗ്യ പറയാറുള്ളത്. ഡിഗ്രിയും പിജിയുമെല്ലാം ഡാൻസിലായിരുന്നു. ഒഴിവു സമയത്താണ് ഡബ്സ്മാഷ് ചെയ്ത് തുടങ്ങിയതെങ്കിലും ഒട്ടുമിക്ക വീഡിയോകളും വൈറലായതോടെ ആരാധകരുടെ പ്രോത്സാഹനവും കൂടി വരികയാണ്.

ഡബ്‌സ്മാഷുകളിലൂടെ ഇത്ര നല്ല അഭിനയം കാഴ്ച വെക്കുന്ന സുന്ദരിയെ എന്താണു സിനിമയിൽ കാണാത്തതെന്ന് അത്ഭുതപ്പെടുന്നവരും ഉണ്ട്. എന്നാൽ നല്ല ഓഫറുകൾ വരികയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നാണ് ഇതിനോട് സൗഭാഗ്യ പറഞ്ഞിരുന്നത്. ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട. സോഷ്യൽ മീഡിയ അതിനേക്കാളും പവർഫുൾ ആണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

അടുത്തിടെ അന്തരിച്ച നടൻ രാജാറാമിന്റെ മകളാണ് സൗഭാഗ്യ. ഡബ്‌സ്മാഷ് മേഖലയിലേക്ക് എത്താൻ തന്നെ പ്രചോദിപ്പിച്ചിരുന്നത് അച്ഛനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.